അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമീഷൻ

കൊച്ചി: എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമീഷൻ. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമീഷൻ നിർദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി ഒമ്പതോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം.

അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് മനസിലാക്കുന്നത്. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദേശിച്ചു.

രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയിൽ ചിത്രീകരിച്ചത്. 

Tags:    
News Summary - Film shooting in emergency department of Angamaly Taluk Hospital; Human Rights Commission took the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.