തിരുവനന്തപുരം: നികുതി വിഹിതം വീതംവെപ്പിൽ പ്രഹരമേൽക്കേണ്ടി വന്ന സംസ്ഥാനങ്ങളുടെ അനുഭവങ്ങൾ വിലയിരുത്തിയും ഗൃഹപാഠം ചെയ്തും 16 ാം ധന കമീഷനെ സമീപിക്കാനൊരുങ്ങി കേരളം. ഡിസംബറിൽ കമീഷൻ കേരളത്തിലെത്തുന്നുണ്ട്. കമിഷന് വിശദമായി സമർപ്പിക്കുന്ന മെമ്മോറാണ്ടത്തിന്റെ ജോലി ആരംഭിച്ചു കഴിഞ്ഞു. നാലു സംസ്ഥാനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ തലസ്ഥാനത്ത് സംഘടിപ്പിച്ച ധനമന്ത്രിമാരുടെ കോൺക്ലേവ് ഏറെ ഗുണകരമെന്നാണ് ധനവകുപ്പ് വിലയിരുത്തൽ. നികുതി വിഹിതത്തിലെ അസന്തുലിതാവസ്ഥ ഓരോ സംസ്ഥാനത്തും സൃഷ്ടിക്കുന്ന പ്രതിസന്ധി മനസ്സിലാക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ ധന കമീഷന് മുന്നിൽ കൂടുതൽ കാര്യക്ഷമമായി വിഷയങ്ങൾ ഉന്നയിക്കാനാണ് കേരളത്തിന്റെ ശ്രമം. സാമ്പത്തിക അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 10ാം ധന കമീഷൻ ശിപാർശ പ്രകാരം കേരളത്തിന് 3.8 ശതമാനം നികുതി വിഹിതമുണ്ടായിരുന്നത് 15ാം കമീഷൻ ശിപാർശകളോടെ 1.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. 28 സംസ്ഥാനങ്ങളുടെ പട്ടികയിൽ നികുതി വിഹിതം കിട്ടുന്ന കാര്യത്തിൽ 15 ാം സ്ഥാനത്താണ് കേരളം. നിലവിലെ 15ാം ധന കമീഷൻ തീർപ്പ് പ്രകാരം ആകെ നികുതി വിഹിതത്തിന്റെ 59 ശതമാനം കേന്ദ്ര സർക്കാറിനാണ്. ബാക്കി 41 ശതമാനമാണ് ബാക്കി എല്ലാ സംസ്ഥാനങ്ങൾക്കും കൂടിയുള്ളത്.
വികസനം, ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനപാലനം തുടങ്ങി ഭാരിച്ച ചെലവുകളേറെയും സംസ്ഥാന സർക്കാറുകളുടെ ചുമലിലാണ്. 2018-2019ലെ വരവും ചെലവുകളും വിശകലനം ചെയ്ത് ധന കമീഷൻ തന്നെ തയാറാക്കിയ റിപ്പോർട്ട് പ്രകാരം ആകെ വരുമാനത്തിൽ 62.7 ശതമാനവും കേന്ദ്ര സർക്കാറിനാണ്. ചെലവുകളിൽ 62.4 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിനും. ഈ സാഹചര്യത്തിൽ നികുതി വിഹിതം 50 ശതമാനം സംസ്ഥാനങ്ങൾക്കായി നീക്കിവെക്കണമെന്നതാണ് കേരളത്തിന്റെ സുപ്രധാന ആവശ്യം.
സംസ്ഥാനങ്ങൾക്ക് വീതംവെക്കേണ്ട വിഹിതത്തെ (ഡിവിസിവ് പൂൾ)മറികടക്കാനും കേന്ദ്ര വരുമാനം ഉറപ്പിച്ച് നിർത്താനും സെസും സർചാർജുമാണ് കേന്ദ്രം പിടിവള്ളിയാക്കുന്നത്. 2011-12 ൽ കേന്ദ്ര സർക്കാറിന്റെ ആകെ നികുതി വരവിന്റെ 10.4 ശതമാനമായിരുന്നു സെസും സർചാർജും. 2021-22 ൽ ഇത് 28.1 ശതമാനമായി കുതിച്ചുയർന്നു. ഫലത്തിൽ ശുഷ്കമാകുന്നത് ഡിവിസിവ് പൂളാണ്. നിരന്തരം കൂട്ടുന്ന ഇന്ധന നികുതി ഡിവിസിവ് പൂളിൽ ഉൾപ്പെടാത്ത സെസുകളായാണ് കേന്ദ്രം ഈടാക്കുന്നത്.
വിപുലമായ എയ്ഡഡ് മേഖലയടക്കം ഉൾക്കൊള്ളുന്ന സംസ്ഥാനത്ത് റവന്യൂ ചെലവ് വളരെ വലുതാണ്. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ റവന്യൂ ചെലവുകളും പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്. 2015 മുതൽ പ്രകൃതി ദുരന്തങ്ങൾ നിരന്തരം പ്രഹരമേൽപ്പിക്കുകയാണ്. നികുതി വിഹിതം വീതം വെക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും ഉൾപ്പെടുത്തണമെന്നാണ് കേരളത്തിന്റെ അടക്കം നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.