പൊലീസ് കസ്റ്റഡിയിൽ മരിച്ച സജീവന്റെ കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകും

പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണ് മരിച്ച വടകര ആയഞ്ചേരിയിലെ കല്ലേരി സ്വദേശി താഴെ കൊയിലോത്ത് സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനം.

സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.

വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച വില്യാപ്പള്ളി കല്ലേരി സ്വദേശി താഴെ കോലോത്ത് സജീവനാണ് (32) വടകര പൊലീസ് സ്റ്റേഷൻ മുറ്റത്ത് കുഴഞ്ഞ് വീണു മരിച്ചത്. വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും എതിർ വാഹനത്തിലുള്ളവരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്.

സ്റ്റേഷനിൽ സജീവനെ എസ്.ഐ മർദിക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീണു. നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മുക്കാൽ മണിക്കൂറുകളോളം സ്‌റ്റേഷനിൽ ഇരുത്തുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ല. പൊലീസ് വാഹനം ഉണ്ടായിട്ടും അതിൽ കൊണ്ടു പോകാനോ ആംബുലൻസ് വിളിക്കാനോ പൊലീസ് തയാറായില്ല. സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീഴുന്നത് കണ്ട ഓട്ടോ തൊഴിലാളികളാണ് ആംബുലൻസ് വിളിച്ച് വടകര സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അപ്പോഴേക്കും മരിച്ചിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ വെളിപ്പെടുത്തിയിരുന്നു.

യുവാവിന്റെ മരണത്തിനിടയാക്കിയതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നാണ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നു. സംഭവത്തിൽ എസ്.ഐ എം. നിജേഷ്, എ.എസ്.ഐ അരുൺ, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗിരീഷ്, വയർലെസ് സംവിധാനം കൈകാര്യം ചെയ്തിരുന്ന സി.പി.ഒ പ്രജീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

Tags:    
News Summary - Financial assistance will be given to the family of Sajeev who died in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.