തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മന്ത്രിമാറ്റം കൂടി ചർച്ചയായതോടെ പുതിയ ദ്രുത പ്രതികരണ സേനകൾ (ആർ.ആർ.ടി) ആരംഭിക്കാനുള്ള വനംവകുപ്പിന്റെ പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഒമ്പത് ആർ.ടി.ടികൾക്ക് സർക്കാർ അംഗീകാരം നൽകിയത്.
ജൂലൈയിൽ ഇവ നിലവിൽ വരുമെന്നായിരുന്നു വനംമന്ത്രി എ.ക. ശശീന്ദ്രന്റെ പ്രഖ്യാപനം. പുതിയ ആർ.ആർ.ടികൾ സ്ഥാപിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ പുനർവിന്യാസം അടക്കം നടപടികൾ ആരംഭിക്കാനും നിർദേശം നൽകി. എന്നാൽ, നടപടികൾ ഇപ്പോഴും ചുവപ്പുനാടയിലാണ്. പാലോട് (തിരുവനന്തപുരം), പുനലൂർ (കൊല്ലം), കോട്ടയം, മാങ്കുളം (ഇടുക്കി), കോതമംഗലം (എറണാകുളം), ചാലക്കുടി (തൃശൂർ), നെന്മാറ (പാലക്കാട്), നിലമ്പൂർ സൗത്ത് (മലപ്പുറം), നോർത്ത് വയനാട് (വയനാട്) സെക്ഷനുകളിലാണ് പുതിയ ആർ.ആർ.ടികൾ അനുവദിച്ചത്. ആർ.ആർ.ടികളിൽ ഒന്നുവീതം സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ തസ്തികകൾ ഇതിനകം അനുവദിച്ചു. പുനർവിന്യസിക്കേണ്ട സെക്ഷൻ ഫോറസ്റ്റ് ഓഫിസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ഫോറസ്റ്റ് വാച്ചർ എന്നിവ സംബന്ധിച്ച വിവരങ്ങളും വകുപ്പ് നൽകി. ഡി.എഫ്.ഒമാരെ അതത് സ്ഥലങ്ങളിൽനിന്ന് നിയമിക്കും. മനുഷ്യ- വന്യമൃഗ സംഘർഷ ലഘൂകരണത്തിനു പുറമെ, വനം കൈയേറ്റം, വനം കൊള്ള, വന്യ മൃഗവേട്ട, മറ്റു കൈയേറ്റശ്രമങ്ങൾ തുടങ്ങിയവ കർശനമായി തടയാനും ആർ.ആർ.ടികളുടെ പ്രവർത്തനം പ്രയോജനപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. തീരുമാനങ്ങൾ മുന്നോട്ട് പോയെങ്കിലും സാങ്കേതികത്വങ്ങളിൽ കുരുങ്ങി നടപടികൾ നീളുകയാണ്.
സാമ്പത്തികം തടസ്സമല്ലെന്ന് ആദ്യം പറഞ്ഞെങ്കിലും അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. ഇതിനു പിന്നാലെ വനംമന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പിയിൽ ചർച്ചകൾ സജീവമായതും വകുപ്പിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.