പാലക്കാട്: തൊഴിൽ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജീവിതം താളം തെറ്റിക്കുന്നു. ശമ്പളം കൃത്യമായി ലഭിക്കാത്തതും എൻ.ഡി.ആർ, എൽ.ഐ.സി, എസ്.എൽ.ഐ, ജി.ഐ.എസ് തുകകൾ കമ്പനി കൃത്യമായി അടക്കാത്തതും ജീവനക്കാർക്ക് കടബാധ്യതയുണ്ടാക്കുന്നതിനു പുറമെ മാനസിക സമ്മർദത്തിനും കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് കുഴൽമന്ദത്ത് പലിശക്കാരുടെ മർദനമേറ്റ് കെ.എസ്.ആർ.ടി.സി കണ്ടക്ടർ മനോജ് മരിക്കാനിടയായ സംഭവം ഇതിന് തെളിവാണെന്ന് യൂനിയൻ നേതാക്കൾ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മാനസിക പിരിമുറുക്കമുണ്ടാക്കുകയും അത് പലപ്പോഴും തൊഴിലിനെ തന്നെ ബാധിക്കുകയും ചെയ്യുന്നുണ്ട്.
കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ മരണനിരക്കിന്റെ അനുപാതം വർധിക്കുന്നതായി വിവരാവകാശരേഖയിൽ പറയുന്നു. 2022 മാർച്ച് മുതൽ 2024 ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരിൽ അഞ്ചര ദിവസത്തിനിടെ ഒരാൾ വീതം മരിക്കുന്നു എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽനിന്ന് വ്യക്തമാകുന്നത്. 2024 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം 20ഓളം ജീവനക്കാർ വിവിധ കാരണങ്ങളാൽ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ നാലുപേർ ആത്മഹത്യ ചെയ്തതാണ്. രണ്ടാളുകൾ അപകടത്തിൽ മരിച്ചു.
ബാക്കിയുള്ളവരിലധികവും ഹൃദയസംബന്ധമായ അസുഖങ്ങളാലാണ് മരിച്ചത്. തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുകൂടിയാണ് ഈ രീതിയിൽ മരണം സംഭവിച്ചത്. ചുരുങ്ങിയ കാലയളവിൽ 20ഓളം പേർക്ക് ജീവൻ നഷ്ടമായി എന്നത് തൊഴിലാളി അനുപാതം വെച്ചുനോക്കുമ്പോൾ അധികരിച്ച നിരക്കാണ്. മരിച്ചവരിൽ അധികവും അമ്പത് വയസ്സിൽ കുറവുള്ളവരാണ്. 2023ൽ 66 പേരാണ് വിവിധ കാരണങ്ങളാൽ മരണപ്പെട്ടത്. ഒമ്പതുപേർ ആത്മഹത്യചെയ്തു. 18ഓളം പേർ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. ഏഴുപേർ അപകടങ്ങളിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.