തിരുവനന്തപുരം: അർഹമായിരുന്നിട്ടും കോടതിയെ സമീപിച്ചതിന്റെ പേരിൽ തടഞ്ഞുവെച്ച 13,609 കോടിയുടെ കാര്യത്തിൽ കേന്ദ്രം മുട്ടുമടക്കിയത് സംസ്ഥാനത്തിന് ചെറുതല്ലാത്ത ആശ്വാസം. സാമ്പത്തിക വർഷാവസാനം വരിഞ്ഞുമുറുക്കിയ കടുത്ത സാമ്പത്തിക ഞെരുക്കത്തിൽനിന്ന് മറികടക്കാനുള്ള പിടിവള്ളിയാണ് ഈ 13609. 23000 കോടിയോളം ഭാരിച്ച ചെലവ് വരുന്ന മാർച്ച് മാസം എങ്ങനെ കടന്നുകിട്ടുമെന്ന സാമ്പത്തിക അനിശ്ചിതത്വത്തിൽ നിന്നാണ് ഇതോടെ സംസ്ഥാനം കരകയറുന്നത്. ഏപ്രിലിൽ പുതിയ സാമ്പത്തിക വർഷത്തിലേക്കെത്തുന്നതോടെ പുതിയ കടമെടുപ്പിന് വഴിതുറക്കുമെന്നതിനാൽ വലിയ ആശങ്ക വേണ്ട.
കോടതിയിൽ കേന്ദ്രം സമ്മതിച്ചെങ്കിലും ഇനി രേഖാമൂലമുള്ള കടമെടുപ്പ് അനുമതി പത്രം ലഭിക്കണം. ഇത് റിസർവ് ബാങ്കിന് കൈമാറിയാൽ സംസ്ഥാനത്തിന് കടപ്പത്രം പുറപ്പെടുവിച്ച് ലേല നടപടികളിലേക്ക് കടക്കാം. മാർച്ച് 12, 19 തീയതികളിലാണ് ഇനി ലേലം നടക്കുക. ഈ തീയതികളിൽ നടപടി പൂർത്തീകരിച്ചാൽ മാർച്ച് അവസാനത്തോടെ ട്രഷറിയിലേക്ക് പണമെത്തും. മാർച്ച് അവസാനത്തിലെ ചെലവുകൾക്ക് ഏറക്കുറെ ഇത് മതിയാകും. 23,000 കോടി ചെലവിൽ 5000 കോടിയും ശമ്പളവും പെൻഷനുമാണ്.
കേരളത്തിന്റെ പൊതുകടമെടുപ്പ് വെട്ടിക്കുറച്ചത് നിയമവിരുദ്ധമാണെന്നും ഇതുവഴി 26,000 കോടിയുടെ കുറവ് വന്നിട്ടുണ്ടെന്നും ഇത് പുനഃസ്ഥാപിക്കണമെന്നുമായിരുന്നു സുപ്രീംകോടതിയിലെ കേസിൽ കേരളം ആവശ്യപ്പെട്ടത്. വിവിധ ഇനങ്ങളിലായി 13,609 കോടിയുടെ കടമെടുപ്പിന് കേന്ദ്രത്തിൽനിന്ന് അനുമതി ലഭ്യമാകേണ്ട സമയത്താണ് കോടതി വ്യവഹാരമുണ്ടായത്. ഇതോടെ, കേന്ദ്രം നിലപാട് മാറ്റി. തുക അനുവദിക്കണമെങ്കിൽ കേസിൽ നിന്ന് പിന്മാറണമെന്നായിരുന്നു കേന്ദ്രത്തിന്റെ ഭീഷണി. സാമ്പത്തിക വർഷാവസാനത്തിലെ ഭാരിച്ച ചെലവുകൾക്കിടെ ശമ്പളമടക്കം മുടങ്ങും വിധത്തിൽ പ്രതിസന്ധി രൂക്ഷമാകുമ്പോഴാണ് കേസുണ്ടെങ്കിലും ഇല്ലെങ്കിലും കിട്ടേണ്ട തുകയുടെ കാര്യത്തിലെ കേന്ദ്രത്തിന്റെ നിഷേധ നിലപാട്. ഇടക്കാല വിധി വേണമെന്ന കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് ബുധനാഴ്ച കേസ് പരിഗണിച്ച വേളയിലാണ് ശാഠ്യത്തിൽനിന്ന് കേന്ദ്രം പിന്മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.