സാമ്പത്തിക സംവരണം: ഇടത് സർക്കാറിന്‍റേത് അപടകരമായ തീരുമാനമെന്ന് വി.ടി ബൽറാം 

കോഴിക്കോട്: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽകുന്നവർക്ക് സംവരണം ഏർപ്പെടുത്താനുള്ള ഇടത് സർക്കാറിന്‍റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് വി.ടി ബൽറാം എം.എൽ.എ രംഗത്ത്. സാമ്പത്തിക മാനദണ്ഡം വെച്ച്‌ സംവരണം ഏർപ്പെടുത്തിയത്‌ ഇടത് സർക്കാർ ഇന്നേവരെ എടുത്ത ഏറ്റവും തെറ്റായ, ഏറ്റവും വഞ്ചനാപരമായ, ഏറ്റവും അപകടകരമായ ഒരു തീരുമാനമാണ്‌. യഥാർഥത്തിൽ പ്രതിഷേധത്തേക്കാൾ ദുഃഖവും നിരാശയുമാണ്‌ തോന്നുന്നതെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു‌.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന അന്നുതൊട്ട്‌ ഒരു പ്രതിപക്ഷ എം.എൽ.എ എന്ന നിലയിലുള്ള ഉത്തരവാദിത്ത നിർവഹണത്തിന്‍റെ ഭാഗമായി സർക്കാരിന്‍റെ ചെറുതും വലുതുമായ മിക്കവാറുമെല്ലാ വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടാനും "ഓഡിറ്റ്‌" ചെയ്യാനും നിയമസഭക്കകത്തും ഫേസ്ബുക്ക്‌ അടക്കമുള്ള മാധ്യമങ്ങളിലൂടെയും ശ്രമിച്ചു പോരാറുണ്ട്‌. അത്തരത്തിലുള്ള പല വിമർശനങ്ങളും രാഷ്ട്രീയവിരോധം വച്ചുള്ള ഊതിപ്പെരുപ്പിക്കലുകളാണെന്നും പിണറായിയേയും സി.പി.എമ്മിനേയുമൊന്നും വിമർശിക്കാൻ എന്നേപ്പോലുള്ളവർക്ക്‌ അർഹതയില്ലെന്നും മറ്റുമുള്ള ആക്ഷേപം തുടക്കം തൊട്ടുതന്നെ തിരിച്ച്‌ ഇങ്ങോട്ടും കേൾക്കേണ്ടിവന്നിട്ടുണ്ട്‌. "ഓഡിറ്റർ" എന്ന പരിഹാസപ്പേര്‌ സൈബർ സഖാക്കൾ വക എനിക്ക്‌ വീണിട്ടുണ്ട്‌. അതിനുപുറമേ പലപ്പോഴും ട്രോളുകളും കേട്ടാലറക്കുന്ന തെറിയഭിഷേകങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്‌. അതൊക്കെ അതുപോലെത്തന്നെ ഇനിയും തുടർന്നോട്ടെ, വിരോധമില്ല.

എന്നാൽ, ഇനി ഈ പറയുന്നതാണ്‌ പിണറായി സർക്കാരിനെതിരെയുള്ള എന്‍റെ ഏറ്റവും വലിയ വിമർശനം. അത്‌ സാമ്പത്തിക മാനദണ്ഡം വെച്ച്‌ സംവരണം ഏർപ്പെടുത്തിയത്‌ ഈ സർക്കാർ ഇന്നേവരെ എടുത്ത ഏറ്റവും തെറ്റായ, ഏറ്റവും വഞ്ചനാപരമായ, ഏറ്റവും അപകടകരമായ ഒരു തീരുമാനമാണ്‌ എന്നതാണ്‌. യഥാർത്ഥത്തിൽ പ്രതിഷേധത്തേക്കാൾ ദുഃഖവും നിരാശയുമാണ്‌ തോന്നുന്നത്‌.

ഈ നാട്ടിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ എത്രയോ പതിറ്റാണ്ടുകളുടെ സഹനങ്ങളും പോരാട്ടങ്ങളുമാണ്‌ ഈ ഒരൊറ്റ തീരുമാനത്തിലൂടെ പിണറായി വിജയനും സി.പി.എമ്മും റദ്ദ്‌ ചെയ്തിരിക്കുന്നത്‌. സംവരണത്തിന്‌ ജാതിക്ക്‌ പകരം സാമ്പത്തിക മാനദണ്ഡം അംഗീകരിക്കപ്പെടുന്നത്‌ ഒരു വലിയ വ്യതിയാനമാണ്‌. പിന്നാക്കവിഭാഗക്കാരുടെ അവകാശങ്ങൾ നിലനിർത്തിക്കൊണ്ടാണിതെന്ന് പ്രത്യക്ഷത്തിൽ തോന്നിയേക്കാമെങ്കിലും ഇതിന്‍റെ പ്രത്യാഘാതം ദൂരവ്യാപകവും വിനാശകരവുമായിരിക്കും. കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ടു കഴിഞ്ഞു, ഇനി കണ്ണടച്ചു തുറക്കുന്നതിന്‌ മുൻപ്‌ ജാതി സംവരണം എന്ന ഭരണഘടനാദത്ത അവകാശം ഇല്ലാതാകുന്നതിന്‌ നാം സാക്ഷ്യം വഹിക്കേണ്ടിവരും. ഉറപ്പ്‌.

പിണറായി വിജയനോ മന്ത്രിസഭാംഗങ്ങൾക്കോ പോകട്ടെ, "ഇടതുപക്ഷ"ത്തിലെ പ്രധാനികളായ ഒരാൾക്ക്‌ പോലും ഇതിന്‍റെ അപകടം മനസിലാവുന്നില്ല എന്നതിലാണ്‌ എന്‍റെ സങ്കടവും നിരാശയും. ഈ വിഷയത്തിൽ ഞാൻ നേരത്തേയിട്ട പോസ്റ്റിൽ കമന്റിടുന്ന 99 ശതമാനം സി.പി.എമ്മുകാരും തെറിവിളിക്കുകയോ പരിഹസിക്കുകയോ ഇതിനെ ന്യായീകരിക്കുകയോ ചെയ്യുകയാണ്‌. ഈ സർക്കാരിന്‍റെ ഏറ്റവും വിപ്ലവകരമായ തീരുമാനമായാണ്‌ കൈരളിയും ദേശാഭിമാനിയും സൈബർ സഖാക്കളും ഇതിനെ കൊണ്ടാടുന്നത്‌. ആരും കാര്യമായി വായിച്ചിരിക്കാൻ ഇടയില്ലാത്ത പ്രകടനപത്രികയിലെ ഏതോ മൂലയിൽ ഇതിനേക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടെന്നത്‌ ഒരു ഒഴിവുകഴിവുപോലും അല്ല. സി.പി.ഐക്കാർക്കെങ്കിലും ഇതിൽ വ്യത്യസ്ത അഭിപ്രായമുണ്ടോ‌ എന്നുമറിയില്ല. വല്ല്യേട്ടൻ-ചെറ്യേട്ടൻ മൂപ്പിളമത്തർക്കത്തേക്കാളും തോമസ്‌ ചാണ്ടിയുടെ പേരു പറഞ്ഞുള്ള അധികാര വടംവലികളേക്കാളും നൂറിരട്ടി പ്രാധാന്യം ഇക്കാര്യത്തിനുണ്ട്‌.

എല്ലായിടത്തും സാമ്പത്തിക സംവരണം കൊണ്ടുവരാൻ തൽക്കാലം ഭരണഘടന അനുവദിക്കാത്തത്‌ കൊണ്ടാണത്രേ ദേവസ്വം ബോർഡുകളിൽ മാത്രമായി ഇപ്പോഴിത്‌ നടപ്പിലാക്കുന്നത്‌! ബാക്കിയുള്ളിടത്തേക്ക്‌ ഇത്‌ വ്യാപിപ്പിക്കാൻ കേന്ദ്രത്തോട്‌ ആവശ്യപ്പെടുക കൂടി ചെയ്യുമത്രേ!! എത്ര നിർലജ്ജമായ നിലപാടാണിതെന്ന് ഇവർക്കാർക്കും തിരിച്ചറിയാൻ കഴിയുന്നില്ലേ? നാളെകളിൽ ജാതിസംവരണത്തിന്‌ പകരം സാമ്പത്തിക സംവരണത്തിനായി സംഘികൾ ഭരണഘടന പൊളിച്ചെഴുതാൻ നോക്കുമ്പോൾ അവർക്ക്‌ ഇന്നേ പിന്തുണ പ്രഖ്യാപിക്കുകയാണ്‌ ഫാഷിസ്റ്റ്‌ വിരുദ്ധതയുടെ ഹോൾസെയിൽ ഡീലർമാരായ പിണറായി വിജയനും സി.പി.എമ്മും.

ഏതായാലും മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ ജാതി സംവരണ വിരുദ്ധരായ സംഘികൾ ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽപ്പോലും അവർക്ക്‌ ഇന്നേവരെ നടപ്പാക്കാൻ ധൈര്യം വരാത്ത ഒന്നാണ്‌ സാമ്പത്തിക സംവരണം. അതാണ്‌ പിണറായി വിജയന്‍റെ നേതൃത്ത്വത്തിലുള്ള ഒരു "ഇടതുപക്ഷ" സർക്കാർ ഇപ്പോൾ ഈ "പ്രബുദ്ധ കേരള"ത്തിൽ കാര്യമായ ഒരെതിർപ്പു പോലുമുയരാതെ അനായാസമായി നടപ്പാക്കിയിരിക്കുന്നത്‌. സത്യത്തിൽ പുച്ഛം തോന്നുന്നത്‌ ഈ നമ്പർ വൺ കേരളത്തോടും അതിന്‍റെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതാനാട്യങ്ങളോടും‌ തന്നെയാണ്‌.

Full View
Tags:    
News Summary - Financial Reservation of Backward Class in Forward Class: VT Balram Criticise LDF Govt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.