വയനാട്: 614 വിദ്യാർഥികൾക്ക് മേപ്പാടി ജി.എച്ച്.എസ്.എസിലും എ.പി.ജെ ഹാളിലും വിദ്യാഭ്യാസ സൗകര്യം ഒരുക്കുമെന്ന് വി. ശിവൻകുട്ടി

കോഴിക്കോട് : വയനാട്ടിലെ ഉരുളപൊട്ടലിൽ തകർന്ന ജി.വി.എച്ച്.എസ്.എസ് വെളളാർമല, മുണ്ടക്കൈ ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ 614 വിദ്യാർഥികൾക്ക് അധിക സൗകര്യങ്ങൾ ജി.എച്ച്.എസ്.എസ് മേപ്പാടിയിലും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള എ.പി.ജെ ഹാളിലും ഒരുക്കുന്നതിന് നടപടിയായെന്ന് മന്ത്രി വി. ശിവൻകുട്ടി. വെള്ളാർമലയിലെ സ്കൂളിലെ 552 കുട്ടികൾക്കും മുണ്ടക്കൈ സ്കൂളിലെ 62 കുട്ടികൾക്കുമാണ് അധിക സൗകര്യം ഏർപ്പെടുത്തിയതെന്ന് കോഴിക്കോട് വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

ജി.വി.എച്ച്.എസ്.എസ് വെളളാർമലയിലെ വിദ്യാർഥികളെ ഉൾക്കൊള്ളുന്നതിനായി ജി.എച്ച്.എസ് മേപ്പാടിയിൽ 12 ക്ലാസ് മുറികൾ, രണ്ട് ഐ.ടി ലാബ്, ഓഫീസ് സ്റ്റാഫ് റൂം എന്നിവയും ജി.എൽ.പി.എസ് മുണ്ടക്കൈയിലെ കുട്ടികൾക്കായി എ.പി.ജെ ഹാളിൽ ലഭ്യമായ അഞ്ച് ക്ലാസ് മുറികളും ലഭ്യമാക്കി. പ്രാഥമിക കണക്കുപ്രകാരം ഉരുൾപ്പൊട്ടലിൽ 17 കുട്ടികളെ കാണാതാവുകയും 36 കുട്ടികൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ട് സ്കൂളുകൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു.

പഠനം പുന:ക്രമീകരിക്കുമ്പോൾ ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയുടെ അടുക്കള ജി.എൽ.പി.എസ് മേപ്പാടിയുടെ അടുക്കളയോട് ചേർന്ന് പ്രവർത്തിക്കും. ജി.എൽ.പി.എസ് മുണ്ടക്കൈയുടെ അടുക്കള ജി.എച്ച്.എസ് എസ് മേപ്പാടിയിലും പ്രവർത്തിക്കും. പുസ്തകങ്ങൾ നഷ്ടപ്പെട്ട 296 കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കി. യൂനിഫോം ആവശ്യമായ 282 കുട്ടികൾക്കുള്ള യൂനിഫോം ലഭ്യമാക്കി തയ്ച്ച് നൽകുന്നതിനുള്ള നടപടി ആരംഭിച്ചു. ജില്ലാ ശുചിത്വമിഷൻറെ നേതൃത്വത്തിൽ 20 ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ലാപ് ടോപ്പ് /കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, ഐ.ടി ലാബ് എന്നിവ കൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നതിന് നടപടിയായി. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കുള്ള മാനസിക പിന്തുണാ പ്രവർത്തനങ്ങൾ എസ്.എസ്.കെ, എസ്.സി.ഇ.ആർ.ടി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പ്രത്യേകം മൊഡ്യൂൾ തയാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. കട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ കൂടുതലായി ഒരുക്കുന്നതിന് ധാരണയായി.

മേപ്പാടി ഗവ. ഹയർസെക്കന്ററി സ്കൂളിൽ ആദ്യ ഘട്ടത്തിൽ 12 ക്ലാസ് റൂമുകൾ, 10 ടോയ്ലറ്റുകൾ തുടങ്ങിയവ കുട്ടികൾക്കായി 45 മുതൽ 90 ദിവസത്തിനകം പണിതു നൽകുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ സർക്കാർ കണ്ടെത്തി നൽകുന്ന സ്ഥലത്ത് കുട്ടികൾക്ക് ഹോസ്റ്റൽ സംവിധാനം നിർമിച്ചു നൽകുന്നതിനുളള സന്നദ്ധത അറിയിച്ചു. അതിന് നാല് കോടി രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുണ്ടെന്ന് ബിൽഡിംഗ്‌ കോൺട്രാക്ടെഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. അത് പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Wayanad: V. Sivankuttysaid that 614 students will be provided educational facilities at Meppadi GHSS and APJ Hall.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.