സാമ്പത്തിക സംവരണം; കോൺഗ്രസ്​ നേതൃത്വത്തിനെതിരെ കെ.എസ്​.യു

ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച കോൺഗ്രസ്​ നേതൃത്വത്തിനെതിരെ കെ.എസ്​.യു തിരുവനന്തപുരം ലോ കോളജ്​ യൂണിറ്റ്​. മുന്നാക്ക സംവരണത്തിൽ കോൺഗ്രസ്സിൻെറ നിലപാട് പൂർണമായും തെറ്റാണെന്ന് രേഖപ്പെടുത്താതെ കാലം കടന്ന് പോവില്ലെന്നും ഈ നിലപാടിൻെറ കറ എത്ര കഴുകിയാലും കോൺഗ്രസിൻെറ കയ്യിൽ നിന്ന് മായുകയില്ലെന്നും ലോ കോളേജ് യൂണിറ്റ് ഭാരവാഹികൾ ഫേസ്​ബുക്കിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റിൻെറ പൂർണ രൂപം:

സാമ്പത്തിക സംവരണത്തിന് കോൺഗ്രസ് പാർട്ടി പിന്തുണ പ്രഖ്യാപിച്ചതിൻെറ പശ്ചാത്തലത്തിൽ കെ.എസ്‌.യു തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന.

സംവരണ വിഷയത്തിൽ ഇന്നലെവരെ എഴുതിയതും സംസാരിച്ചതും തന്നെയാണ് ഇന്നും പറയുവാനും എഴുതാനുമുള്ളത്. കോൺഗ്രസ്സിൻെറ നിലപാട് പൂർണമായും തെറ്റാണെന്ന് രേഖപ്പെടുത്താതെ കാലം കടന്ന് പോവില്ല. ഈ നിലപാടിൻെറ കറ എത്ര കഴുകിയാലും കോൺഗ്രസിന്റെ കയ്യിൽ നിന്ന് മായുകയുമില്ല.

ബി.ജെ.പിയുടെയും സി.പി.എമ്മിൻെറയും ദളിത്-പിന്നോക്ക വഞ്ചനയ്ക്ക് കുടപിടിച്ചുകൊടുക്കാനുള്ള നേതൃത്വത്തിൻെറ തീരുമാനത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. സവർണ്ണ സംവരണത്തിന് അനുകൂലമായ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിലപാട് പ്രസ്താവിച്ച മുല്ലപ്പള്ളി രാമചന്ദ്രനോടും സവർണ്ണ സംവരണത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ പിണറായി വിജയൻെറ നേതൃത്വത്തിലെ സവർണ്ണ സർക്കാർ നിയമിച്ച ശശിധരൻ "നായർ" കമ്മീഷനോട് സഹകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ലോ കോളേജിലെ കെ.എസ്.യുവിന് ടി. വിഷയത്തിലുള്ള അമർഷവും രേഖപ്പെടുത്തുന്നു.

പണ്ടുമുതലെ സാമ്പത്തിക സംവരണത്തിന് അനുകൂലമായ നിലപാടാണ് സി.പി.എമ്മിന്. 57ൽ ഇ.എം ശങ്കരൻ നമ്പൂതിർപ്പാട് തന്നെ അത് വ്യക്തമാക്കിയിട്ടുള്ളതാണ്. മനുസമൃതിയിലേക്ക് രാജ്യത്തെ നയിക്കുന്ന സവർണ്ണവർഗ്ഗീയ സംഘടനയായ ആർ.എസ്.എസ്സിനും മറ്റൊരു നിലപാട് ഉണ്ടാവാൻ സാധ്യതയില്ല. പക്ഷെ, ഭരണഘടന നിർമ്മാണസഭയിൽ ജാതി സംവരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച പാർട്ടിക്ക് ഇപ്പോൾ എങ്ങനെയാണ് അതിൽ നിന്നും മലക്കം മറിയാനാവുക? സാമൂഹ്യ ജനാധിപത്യത്തിലേക്ക് നയിക്കുന്ന

ജാതി സംവരണത്തിൻെറ കടയ്ക്കൽ കത്തി വെയ്ക്കാനുള്ള ഉദ്ധ്യമങ്ങളിൽ പങ്കാളിയാവാനുള്ള ധൈര്യം നമ്മുടെ പാർട്ടിക്ക് എവിടുന്നാണ് ലഭിക്കുന്നത് ? ജാതി സംവരണത്തിനനുകൂലമായ നിലപാട് ഭരണഘടനയ്ക്കും മുന്നേ പരസ്യമായി തന്നെ തുറന്നുപറഞ്ഞിരുന്ന സി.കേശവനെയും, ആർ ശങ്കറിനെയും പോലുള്ള നേതാക്കളുടെ പൈതൃകം കോൺഗ്രസ് നശിപ്പിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്.

പ്രതിഷേധിക്കേണ്ടത് ഉള്ളിൽ നിന്ന് കൂടിയാണ് , എൻെറ പാർട്ടി സവർണ സംവരണത്തെ അനുകൂലിക്കുമ്പോൾ ഇന്നലെകളിൽ പറഞ്ഞതൊക്കെയും മറന്ന് നിശ്ശബ്ദതപാലിക്കാൻ കഴിയില്ല, കാരണം അതിന് ഞങ്ങൾ എസ്.എഫ്.ഐക്കാരൊന്നുമല്ല.

ലോ കോളേജിലെ കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ സവർണ്ണ സംവരണത്തിലുള്ള നിലപാട് സ്വതന്ത്രവും പുരോഗമനപരവുമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. പാർട്ടി വേദികളിൽ സംസാരിച്ചും ചർച്ച ചെയ്തും തന്നെയാണ് ഞങ്ങൾ ഇത്തരമൊരു നിലപാടിലേക്ക് എത്തിയത്. അതിനാൽ തന്നെ ഒരു തരത്തിലുമുള്ള ബാഹ്യ സമ്മർദ്ദങ്ങൾക്കും ലോ കോളേജിലെ കെ.എസ്.യു വഴങ്ങിക്കൊടുക്കില്ല. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയകക്ഷികളും എസ്.എൻ.ഡി.പി പോലുള്ള സാമുദായിക സംഘടനകളും സവർണ്ണ സംവരണത്തിനെതിരെ രംഗത്തുവരുന്നതിനെ ഞങ്ങൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സംഘടനകൾ എതിർപ്പ് അറിയിക്കുമെന്നും, സംവരണ തത്വത്തെ അട്ടിമറിക്കാനുള്ള തീരുമാനത്തിനെതിരെ കൂടുതൽ സമരങ്ങൾ ഉണ്ടാവുമെന്നും അതുവഴി ഇതിനെതിരായി ഒരു പൊതുജനവികാരം ഉണരുമെന്നും തന്നെയാണ് ലോ കോളേജിലെ കെ.എസ്.യു പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക സംവരണം തെറ്റ് തന്നെയാണ്, അതിനെ കോൺഗ്രസ് അനുകൂലിച്ചാൽ ഇവിടെ കോൺഗ്രസ് തെറ്റാവുമെന്നല്ലാതെ സാമ്പത്തിക സംവരണം ഒരിക്കലും ശരിയാവാൻ പോകുന്നില്ല. പ്രതിഷേധിക്കുക, പ്രതികരിക്കുക!!

-ലോ കോളേജിൻ കെ.എസ്.യു

സാമ്പത്തിക സംവരണത്തിന് കോൺഗ്രസ് പാർട്ടി പിന്തുണ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കെ എസ്‌ യു തിരുവനന്തപുരം ലോ കോളേജ്...

Posted by ലോ കോളേജിൻ കെ.എസ്.യു on Friday, 30 October 2020


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.