അറബിക് കോളജുകൾക്ക് പിഴശിക്ഷ: നീക്കം ഉപേക്ഷിക്കാതെ കാലിക്കറ്റ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള അറബിക് കോളജുകളിൽനിന്ന് വൻതുക പിഴ ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കാതെ അധികൃതർ.

അഫ്ദലുൽ ഉലമ കോഴ്സുകൾക്ക് 2010 മുതൽ അഫിലിയേഷൻ പുതുക്കിയില്ലെന്നാരോപിച്ച് ഉടൻ പണമടക്കാൻ രജിസ്ട്രാർ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. കോളജ് ഡെവലപമെന്‍റ് കൗൺസിലിന്‍റെ (സി.ഡി.സി) നിർദേശപ്രകാരമായിരുന്നു നടപടി. എന്നാൽ, പിന്നീട് ചേർന്ന സിൻഡിക്കേറ്റ് യോഗം ഈ ഉത്തരവ് മരവിപ്പിച്ചിരുന്നു. 2010ൽ ഈ വിഷയത്തിൽ ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കാനായിരുന്നു സിൻഡിക്കേറ്റ് തീരുമാനം. എംപ്ലോയീസ് യൂനിയനടക്കം ഈ തീരുമാനത്തെ എതിർത്തതിനുപിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന സി.ഡി.സി മോണിറ്ററിങ് കമ്മിറ്റി യോഗം വിഷയം വീണ്ടും സിൻഡിക്കേറ്റിന്‍റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്.

അഫിലിയേഷൻ തുകയും പിഴയും സൂപ്പർ ഫൈനും ഉൾപ്പെടെ 20.77 ലക്ഷം രൂപയാണ് കോളജുകൾ അടക്കേണ്ടത്. എന്തായാലും പിഴ ഈടാക്കുമെന്ന നിലപാടാണ് സർവകലാശാലക്ക്. കോളജുകൾ പിഴ അടക്കാമെന്ന് സമ്മതിച്ചിട്ടും അതത് കാലത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വ്യക്തിപരമായ ബാധ്യതയായി പരിഗണിച്ച് ഈടാക്കുന്നത് സാമാന്യനീതിക്ക് നിരക്കാത്തതാണെന്നാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയന്‍റെ അഭിപ്രായം.

നേരത്തേ അഞ്ച് വർഷമായിരുന്നു അഫ്ദലുൽ ഉലമ കോഴ്സ് നടത്തിയിരുന്നത്. രണ്ട് വർഷ അഫ്ദലുൽ ഉലമ (പ്രിലിമിനറി), ബി.എ (അഫ്ദലുൽ ഉലമ) എന്ന നിലയിൽ 2010ൽ കോഴ്സുകൾ പുതുക്കിയിരുന്നു. ഈ സമയത്ത് അഫിലിയേഷൻ നേടിയില്ലെന്നായിരുന്നു സർവകലാശാലയുടെ നിലപാട്. അതേസമയം, നേരത്തേതന്നെ കോഴ്സുകൾ പുതുക്കിയ രീതിയിലാണ് നടത്തുന്നത്. മുൻ ഉദ്യോഗസ്ഥരും അറബിക് കോളജുകളും നിരപരാധികൾ ആണെന്നും അനാവശ്യമായി വസ്തുതാവിരുദ്ധമായ ഫയൽ ഉണ്ടാക്കിയ സി.ഡി.സിയിലെ നിലവിലുള്ള ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും സിൻഡിക്കേറ്റ് മെംബർ ഡോ. റഷീദ് അഹമ്മദ് അഭിപ്രായപ്പെട്ടു.

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ്, വാഴക്കാട് ദാറുൽ ഉലൂം, കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളജ്, അരീക്കോട് സുല്ലമുസലാം, കരുവാരകുണ്ട് കെ.ടി.എം കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വളവന്നൂർ അൻസാർ അറബിക് കോളജ്, മോങ്ങം അൻവാറുൽ ഇസ്ലാം വിമൻസ് അറബിക് കോളജ് എന്നീ സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്.

Tags:    
News Summary - fine for Arabic colleges: Calicut university without abandoning the move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.