തിരുവനന്തപുരം: കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) മരുന്ന് സംഭരണകേന്ദ്രങ്ങളിൽ സംസ്ഥാന വ്യാപക പരിശോധന. അടുത്ത ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മരുന്ന് സംഭരണ കേന്ദ്രങ്ങളിലുണ്ടായ തീപിടിത്തത്തിന്റെ തുടർച്ചയായാണ് പരിശോധന. സംഭരണകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷയാണ് പ്രധാനമായും പരിശോധിച്ചത്.
തീപിടിത്തം തടയാനും രക്ഷാപ്രവർത്തനം എളുപ്പമാക്കാനും ആവശ്യമായ നിർദേശങ്ങളോടെ 2016ൽ ഫയർഫോഴ്സ് പുറത്തിറക്കിയ മാനദണ്ഡം പാലിക്കാതെയാണ് പല കെട്ടിടങ്ങളും പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തൽ. 14 ജില്ലകളിലായി പ്രവർത്തിക്കുന്ന 17 മരുന്ന് സംഭരണ കേന്ദ്രങ്ങളിൽ പലതിലും നിയമലംഘനം കണ്ടെത്തി.
പലയിടത്തും പരിശോധന മണിക്കൂറുകൾ നീണ്ടു. വിശദാംശം അടുത്തദിവസം പുറത്തുവിടുമെന്ന് ഫയർഫോഴ്സ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
തിരുവനന്തപുരം ജനറല്‍ ആശുപത്രി ജങ്ഷന് ഗോഡൗണില്‍ സുരക്ഷ സംവിധാനങ്ങളൊന്നുമില്ലെന്നും അഗ്നിരക്ഷാ സേനയുടെ സര്‍ട്ടിഫിക്കറ്റില്ലാതെയാണ് പ്രവര്‍ത്തനമെന്നും കണ്ടെത്തി. മൂന്നുവർഷം മുമ്പ് തീപിടിത്തമുണ്ടായപ്പോൾ ഫയർ ഓഡിറ്റ് നടത്തിയിട്ടും നടപടിയെടുത്തില്ല. കൊല്ലം ഉളിയക്കോവിൽ നഗറിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിന്റെ കാരണവും കെട്ടിടത്തിന്റെ സുരക്ഷാവീഴ്ചയാണ്. ഇതു സംബന്ധിച്ച് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതേ സ്ഥാപനത്തിൽ 2022ൽ നടത്തിയ സുരക്ഷ ഓഡിറ്റിലും ഗുരുതരവീഴ്ച കണ്ടെത്തി നോട്ടീസ് നൽകിയിരുന്നു.
എറണാകുളം ഉദ്യോഗമണ്ഡലിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിനും എൻ.ഒ.സി ഇല്ല.
2019ൽ പരിശോധന നടത്തി നോട്ടീസ് നൽകിയെങ്കിലും കെ.എം.എസ്.സി.എൽ നടപടിയെടുത്തില്ലെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്. മഞ്ചേരി ചേരണിയിലെ വെയർഹൗസ് പ്രാഥമിക മാനദണ്ഡം പാലിക്കുന്നുണ്ടെങ്കിലും പുതിയ നിർദേശങ്ങൾ കൂടി പാലിക്കണമെന്ന് ആവശ്യപ്പെട്ടു. കണ്ണൂർ താണയിലും കാസർകോട് കാഞ്ഞങ്ങാട്ടും പ്രവർത്തിക്കുന്ന വെയർഹൗസുകൾക്ക് അടുത്തദിവസം നോട്ടീസ് നൽകുമെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.