വടശ്ശേരിക്കരയിലെ കടുവക്കായി തിരച്ചിൽ ഊർജിതം, വെടിവെക്കാൻ ഉത്തരവ്​

പത്തനംതിട്ട: തോട്ടങ്ങളിലെ കാട് തെളിക്കുന്നതും കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങളും ചര്‍ച്ച ചെയ്യാൻ വനം മ​ന്ത്രി കെ. രാജുവി​​െൻറ അധ്യക്ഷതയിൽ കോന്നി ഡി.എഫ്.ഒയുടെ ബംഗ്ലാവില്‍ യോഗം ചേർന്നു. കടുവയുടെ ആക്രമണത്തിൽ രണ്ടാഴ്​ച മുമ്പ്​ തോട്ടം തൊഴിലാളിക്ക്​ ജീവൻ നഷ്​ടമായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പലരും കടുവയെ കണ്ടിട്ടുണ്ട്​. ഇതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്​.

അതിനിടെ, കടുവയെ പിടിക്കാൻ വനംവകുപ്പ് കൊണ്ടുവന്ന കുങ്കി ആന കഴിഞ്ഞദിവസം ‘ഇടഞ്ഞു’. അടിയേറ്റ് പാപ്പാൻ പറമ്പിക്കുളം എം. മുരുകൻ​ പരിക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്​ച ഉച്ചക്ക്​ 12ഓടെയാണ്​ സംഭവം. ആനപ്പുറത്തു കയറാൻ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട് കൊമ്പുകൊണ്ട് കോരിയെറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

കടുവയെ പിടിക്കാനുള്ള ശ്രമത്തില്‍ മയക്കുവെടി വെക്കാൻ തീരുമാനം എടുത്തിട്ടുണ്ട്​. കുങ്കിയാനയുടെ പുറത്തിരുന്ന് മയക്കുവെടി വെക്കനും കൂടുകളിലാക്കാനും തീരുമാനിച്ചിരുന്നു. കടുവയെ കണ്ടെത്താൻ നാലു ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഒരു ടീമിന് നാലു കിലോമീറ്റര്‍ പരിധിയാണ് നല്‍കിയിരിക്കുന്നത്. 25 കാമറകള്‍ ഇതിനോടകം തന്നെ സ്ഥാപിച്ചു. ഡ്രോണി​​െൻറ സഹായത്തോടെ കടുവയെ നിരീക്ഷിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ കടുവ പ്രത്യക്ഷപ്പെടുന്നുണ്ട്. കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കടുവക്ക്​ ശാരീരിക ബുദ്ധിമുട്ടുള്ളതായാണ്​ വനം വകുപ്പ് അധികൃതർ പറയുന്നത്​.

കടുവയെ കണ്ടാല്‍ ഷാര്‍പ് ഷൂട്ടറുടെ സഹായത്തോടെ വെടിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഫോഴ്‌സിനെ അനുവദിക്കും. കാട് വളര്‍ന്നുനില്‍ക്കുന്നതിനാല്‍ വന്യജീവികള്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. പ്ലാ​േൻറഷന്‍ കോര്‍പറേഷ​​െൻറ പരിധിയില്‍ വരുന്ന കാടു വെട്ടിമാറ്റാന്‍ തീരുമാനമായി. ജനവാസ മേഖലയുമായി ബന്ധപ്പെട്ട്​ കിടക്കുന്ന സ്ഥലങ്ങളിലെ കാട് പൂര്‍ണമായും വെട്ടിമാറ്റണം. ഇതിനോടകം തന്നെ നൂറോളം തൊഴിലാളികളെ ഉപയോഗിച്ച്​ കാട് വെട്ടുന്നുണ്ട്.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനം വകുപ്പുമായി ചേര്‍ന്ന് കാടു വെട്ടുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടെന്ന്​ വനം മന്ത്രി അറിയിച്ചു. പകര്‍ച്ചവ്യാധി തടയാൻ ജില്ല കലക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ സ്വകാര്യ തോട്ടം ഉടമകളുടെ യോഗം വിളിക്കും. തണ്ണിത്തോട്ടിലെ 225 ഹെക്ടര്‍ പ്ലാ​േൻറഷന്‍ കോര്‍പറേഷനിലെ ഈറ്റ വെട്ടാന്‍ ബാംബു കോര്‍പറേഷന് അനുമതി നല്‍കും. ഈറ്റ സൗജന്യമായി ബാംബു കോര്‍പറേഷന് നല്‍കും. ആറു ലക്ഷം രൂപയുടെ സോളാര്‍ ഫെന്‍സിംഗ് വനം വകുപ്പ് ചെയ്യും. ജനങ്ങളുടെ ഭീതി അകറ്റാൻ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാൻ നിർദേശം നൽകി. കൃഷി നാശം വരുത്തിയിരുന്ന പന്നിയെ നിയമപ്രകാരം വെടിവച്ചുകൊന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. 

Tags:    
News Summary - fire order kill tiger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.