മന്ത്രി എം.ബി രാജേഷിന്റെ തുറന്ന കത്തിന് വി.ഡി. സതീശന്റെ മറുപടി

തിരുവനന്തപുരം: മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ് എഴുതിയ കത്തിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മറുപടിയുമായി രംഗത്ത്. സംസ്ഥാനത്ത് എവിടെയാണ് മാലിന്യക്കൂമ്പരമില്ലാത്തത്? ഏതെങ്കിലും ഒരു പഞ്ചായത്തോ വാര്‍ഡോ ഉണ്ടോ?പിന്നെ, മാലിന്യ നീക്കത്തിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളെ കുറിച്ച് അങ്ങ് വിശദമാക്കുന്നുണ്ട്. അത്തരം നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കാം. പക്ഷെ മാലിന്യക്കൂമ്പാരത്തിന് നടുവില്‍ കിടന്നു കൊണ്ട് ഇവിടെ എല്ലാം ശരിയാക്കിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് വി.ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.

മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സംസ്ഥാനത്ത് വ്യാപകമായി ജലജന്യരോഗങ്ങള്‍ ഉള്‍പ്പെടെ പടര്‍ന്നു പിടിക്കുന്നത്. ആരോഗ്യരംഗത്ത് മുന്‍പന്തിയിലാണെന്ന് അവകാശപ്പെടുന്ന ഒരു സംസ്ഥാനത്ത് ഒരിക്കലും വന്നു കൂടാത്ത കോളറ അടക്കമുള്ള രോഗങ്ങളാണ് പടര്‍ന്നു പിടിക്കുന്നത്. ഇതിന് കാരണം മഴക്കാല പൂര്‍വശുചീകരണവും മാലിന്യസംസ്‌കരണവും പാളിയതല്ലെങ്കില്‍ പിന്നെ എന്താണ്? എന്ന് വി.ഡി സതീശൻ ചോദിച്ചു.

കത്തിന്റെ പൂർണ രൂപം 

പ്രിയപ്പെട്ട തദ്ദേശ വകുപ്പ് മന്ത്രീ,

മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം അങ്ങ് എനിക്ക് എഴുതിയ തുറന്ന കത്ത് ശ്രദ്ധയില്‍പ്പെട്ടു. സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌ക്കരണവും കുറ്റമറ്റതാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് അങ്ങ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായി. അത് വായിച്ചവരാരും, അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതൊക്കെ സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ല. സംസ്ഥാനത്ത് എവിടെയാണ് മാലിന്യക്കൂമ്പരമില്ലാത്തത്? ഏതെങ്കിലും ഒരു പഞ്ചായത്തോ വാര്‍ഡോ ഉണ്ടോ? പിന്നെ, മാലിന്യ നീക്കത്തിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളെ കുറിച്ച് അങ്ങ് വിശദമാക്കുന്നുണ്ട്. അത്തരം നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കാം. പക്ഷെ മാലിന്യക്കൂമ്പാരത്തിന് നടുവില്‍ കിടന്നു കൊണ്ട് ഇവിടെ എല്ലാം ശരിയാക്കിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് വിനയപൂര്‍വം ഓര്‍മ്മപ്പെടുത്തട്ടെ.

ഗുരുവായൂരില്‍ ശവക്കോട്ട എന്നറിയപ്പെട്ടതുള്‍പ്പെടെ അനേകം മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ പൂങ്കാവനങ്ങളും പാര്‍ക്കുകളുമായി മാറിയെന്നും അവിടേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നതായും അങ്ങ് കത്തില്‍ പറയുന്നു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ക്ക് അത്തരമൊരു മാറ്റമുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹം തന്നെ. അങ്ങയുടെ മണ്ഡലത്തില്‍പ്പെടുന്ന നാഗലശേരി പഞ്ചായത്തിലെ കൂറ്റനാട് ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ആ പഞ്ചായത്തിലെ മുഴുവന്‍ മാലിന്യങ്ങളും അറുനൂറിലധികം ചാക്കുകളിലായി മൂന്ന് ദിവസം സൂക്ഷിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടിരുന്നു. ജനരോഷമുണ്ടായപ്പോള്‍ മാലിന്യക്കൂന ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ പഴയ വീടിന്റെ മുറ്റത്ത് കൂട്ടിയിട്ടു. ഒന്നര മാസം മുന്‍പ് നടന്ന ഈ സംഭവത്തിന്റെ ചിത്രങ്ങള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ നിരവധി എം.സി.എഫുകള്‍ നിര്‍മ്മിച്ചതായി തദ്ദേശ മന്ത്രി അവകാശപ്പെടുമ്പോഴാണ് അങ്ങയുടെ തന്നെ മണ്ഡലത്തില്‍ നിന്നുള്ള ഈ കാഴ്ച. കേരളത്തിലെ ഭൂരിഭാഗം മേഖലകളിലും ഇതുതന്നെയാണ് അവസ്ഥ.

മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സംസ്ഥാനത്ത് വ്യാപകമായി ജലജന്യരോഗങ്ങള്‍ ഉള്‍പ്പെടെ പടര്‍ന്നു പിടിക്കുന്നത്. ആരോഗ്യരംഗത്ത് മുന്‍പന്തിയിലാണെന്ന് അവകാശപ്പെടുന്ന ഒരു സംസ്ഥാനത്ത് ഒരിക്കലും വന്നു കൂടാത്ത കോളറ അടക്കമുള്ള രോഗങ്ങളാണ് പടര്‍ന്നു പിടിക്കുന്നത്. ഇതിന് കാരണം മഴക്കാല പൂര്‍വശുചീകരണവും മാലിന്യസംസ്‌കരണവും പാളിയതല്ലെങ്കില്‍ പിന്നെ എന്താണ്?

ബ്രഹ്‌മപുരത്തെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലും സര്‍ക്കാരിന്റെ ശ്ലാഘിച്ചെന്ന് അവകാശപ്പെടുന്ന മന്ത്രി, കരാറുകാര്‍ മാലിന്യക്കൂനയ്ക്ക് തീകൊടുത്താപ്പോഴുണ്ടായ ദുരവസ്ഥയെ കുറിച്ചും അന്ന് ഹൈക്കോടതി പറഞ്ഞതിനെ കുറിച്ചും മറന്നു പോയോ? മാലിന്യക്കൂനയ്ക്ക് തീയിട്ട സംഭവത്തില്‍

സര്‍ക്കാര്‍ എന്ത് അന്വേഷണമാണ് നടത്തിയത്? ഈ കരാറിന് പിന്നില്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അര്‍ഹതയില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയത് രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണെന്ന ഞങ്ങളുടെ ആരോപണത്തില്‍ എന്ത് അന്വേഷണമാണ് നടത്തിയത്? നിങ്ങള്‍ നടത്തിയ അഴിമതിയിലൂടെ പൊതുഖജനാവിനുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ആര് നികത്തും? പി.എസ്.സി അംഗത്വം വില്‍പനയ്ക്ക് വച്ച തട്ടിപ്പിന് പിന്നില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ പുറത്തുവരാതിരിക്കാന്‍ സി.പി.എം തന്നെ പണം നല്‍കി ഒതുക്കിയതു പോലെ ഈ പണവും നിങ്ങളുടെ പാര്‍ട്ടി ഖജനാവിലേക്ക് അടയ്ക്കുമോ?

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതല്ലാതെ പരിഷ്‌കൃത സമൂഹത്തിന് യോജിച്ച രീതിയിലല്ല സര്‍ക്കാര്‍ മാലിന്യ പ്രശ്‌നത്തെ നോക്കിക്കാണുന്നതെന്ന് ഖേദപൂര്‍വം പറയട്ടെ. മാലിന്യ സംസ്‌കരണത്തില്‍ ഒരു Pro active approach സ്വീകരിക്കുന്നതിന് പകരം Reactive approach ആണ് സര്‍ക്കാര്‍ എല്ലായിപ്പോഴും സ്വീകരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പ്രതികരിക്കുന്ന ഒരു സംവിധാനമായി ഭരണകൂടം മാറിയിരിക്കുകയാണ്. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയ് എന്ന പാവപ്പെട്ട തൊഴിലാളിയെ കാണാതയപ്പോഴാണ് ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നീക്കിയത്. ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ ജോയിക്ക് ഇങ്ങനെയൊരു അത്യാഹിതം ഉണ്ടാകുമായിരുന്നോ? കോര്‍പ്പറേഷനും റെയില്‍വേയും ജല വകുപ്പും പരസ്പരം പഴിചാരുന്നതിലൂടെ മാലിന്യ സംസ്‌കരണത്തിലുണ്ടായ വീഴ്ച ന്യായീകരിക്കാനാകില്ല. സംസ്ഥാനത്ത് നിരത്തുകളില്‍ അടക്കം മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണെന്ന വസ്തുത അങ്ങേയ്ക്കും നിഷേധിക്കാനാകുമോ?

തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോടും പാര്‍വതിപുത്തനാറും ഇത്രത്തോളം വൃത്തിഹീനമാകാന്‍ കാരണം കോര്‍പ്പറേഷന്റെ അനാസ്ഥയാണ്. ജോയിക്ക് വേണ്ടിയുള്ള രക്ഷപ്രവര്‍ത്തനത്തിനിടെ ആധുനിക സജ്ജീകരണങ്ങള്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് കണ്ടു. ഇങ്ങനെ ചെയ്യാമെന്നിരിക്കെ എന്തിനാണ് ഒരു സുരക്ഷയും ഒരുക്കാതെ പാവപ്പെട്ട തൊഴിലാളികളെ ഇറക്കി ശുചീകരണം നടത്തുന്നത്. Manual Scavenging രാജ്യത്ത് നിയമം വഴി നിരോധിച്ചിട്ടുണ്ട്. എന്നിട്ടും ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഒരു മനുഷ്യനെ ഇറക്കിയവര്‍ക്കെതിരെ നരഹത്യക്ക്കേസെടുക്കണം. നൂതന സാങ്കേതിക വിദ്യകള്‍ ഇത്രത്തോളം പുരോഗതി കൈവരിച്ച കാലത്തും മാന്‍ഹോളുകളിലും ഓടകളിലും മനുഷ്യനെ ഇറക്കി വൃത്തിയാക്കിക്കുന്ന പ്രാകൃത രീതി തന്നെ നമ്മുടെ നാട്ടിലെ മാലിന്യ സംസ്‌കരണം എത്രത്തോളം പരാജയമാണെന്നു വ്യക്തമാക്കുന്നതല്ലേ?

കൊച്ചിയില്‍ മാലിന്യ സംസ്‌ക്കരണം പൂര്‍ണമാണെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ മഴയില്‍ കൊച്ചി നഗരമാകെ വെള്ളത്തിലാകുകയും ഇന്‍ഫോപാര്‍ക്കില്‍ ഉള്‍പ്പെടെ വെള്ളം കയറുകയും ചെയ്തത് അങ്ങ് മറന്നു പോയോ? തോടുകളിലെയും കാനകളിലേയും മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യാത്തതാണ് ഇതിന് കാരണമെന്ന് ആര്‍ക്കാണ് അറിയാത്തത്. അഴിമതിയുടെ മാലിന്യക്കൂമ്പാരമായ ബ്രഹ്‌മപുരത്തെ നിലവിലെ സ്ഥിതി മാത്രം പറഞ്ഞതു കൊണ്ട് കൊച്ചി നഗരത്തിലെ മാലിന്യ സംസ്‌ക്കരണം പൂര്‍ണമാണെന്ന അവകാശവാദം അംഗീകരിക്കാനാകില്ല.

സംസ്ഥാന സര്‍ക്കാര്‍ മാലിന്യ സംസ്‌കരണത്തിനും മഴക്കാലപൂര്‍വ ശുചീകരണത്തിനും വകയിരുത്തിയ തുക പോലും ചെലവഴിച്ചിട്ടില്ലെന്നാണ് നിയമസഭയില്‍ അങ്ങ് നല്‍കിയ ഉത്തരത്തില്‍ നിന്നും വ്യക്തമാകുന്നത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 2023-24 വര്‍ഷം കോര്‍പറേഷന്‍ 8.08 കോടി രൂപ വകയിരുത്തിയതില്‍ ചെലവഴിച്ചത് 2.62 കോടി രൂപ മാത്രമാണെന്നും ഇതേ മന്ത്രി തന്നെയല്ലെ മറുപടി നല്‍കിയത്. അതായത് 5.45 കോടി രൂപ ചെലവാക്കിയില്ലെന്ന് വ്യക്തം. തിരുവനന്തപുരം നഗരത്തിലെ 100 വാര്‍ഡുകളിലെ 1029 ഓടകളില്‍ 879 എണ്ണം മാത്രമാണ് ശുചീകരിച്ചതെന്നും നിയമസഭയില്‍ മന്ത്രി സമ്മതിച്ചതാണ്. കൊച്ചിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വകയിരുത്തിയ 209 കോടി രൂപയില്‍ 160 കോടി മാത്രമാണ് ചിലവഴിച്ചത്. 2023-24 ല്‍ 38 കോടി വകയിരുത്തിയിട്ടും 33 കോടി മാത്രമാണ് ചിലവഴിച്ചത്.

ജോയിയുടെ മരണത്തോടെയെങ്കിലും മാലിന്യപ്രശ്‌നത്തെ കുറിച്ച് സര്‍ക്കാരും കോര്‍പറേഷനും ഉണര്‍ന്ന് ചിന്തിക്കാന്‍ തുടങ്ങിയത് നല്ലകാര്യം തന്നെയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആമയിഴഞ്ചാന്‍ തോടിനെ മലിനമാക്കിയതെന്ന തിരിച്ചറിവില്‍ നിന്നായിരിക്കും അനധികൃത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗവും വില്‍പനയും തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതേ പിണറായി വിജയന്‍ സര്‍ക്കാരാണ് 2020-ല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചതോ പ്ലാസ്റ്റിക് കോട്ടിങ്ങ് ചെയ്തതോ ആയ പ്ലേറ്റുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, 500 മില്ലിലിറ്ററില്‍ താഴെയുള്ള പെറ്റ് ബോട്ടിലുകള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ നിരോധിച്ചതാണ്. ഈ നിരോധിത ഉല്‍പന്നങ്ങളില്‍ ഏതാണ് വിപണിയില്‍ ഇല്ലാത്തത്? ഇവയുടെ വില്‍പനയ്‌ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്? ബയോഡീഗ്രേഡബിള്‍ ഉല്‍പന്നങ്ങള്‍ക്ക് സി.പി.സി.ബി അംഗീകാരവും ക്യു ആര്‍ കോഡും വേണമെന്നിരിക്കെ പ്ലാസ്റ്റിക് കോട്ട് ചെയ്ത വ്യാജ ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണ്. ചായ കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും പാക്ക് ചെയ്യുന്നതും ആരോഗ്യത്തിന് ഭീഷണിയായ പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പാത്രങ്ങളിലും കപ്പുകളിലുമാണ്. ഇതൊക്കെ നിയന്ത്രിക്കേണ്ടത് സര്‍ക്കാരല്ലേ? എന്ത് നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചത്? ദാരുണ സംഭവങ്ങളുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസ്താവനകള്‍ നടത്തുന്നതിന് പകരം ഇതിനെല്ലാം കൃത്യമായ റെഗുലേഷന്‍ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്? നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വരവ് പൂര്‍ണമായും തടയണം. നിലവാരമുള്ള ബയോഡീഗ്രേഡബിള്‍ ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് തന്നെ ലഭ്യമായിരിക്കെ, അന്യസംസ്ഥാനങ്ങളില്‍ നിന്നും ഈ പേരിലെത്തുന്ന വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി ശക്തമായ നിയമങ്ങള്‍ ആവശ്യമാണ്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. ഇതിനായി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം. പരിസ്ഥിതി നിയമത്തിലെ ഏറ്റവും അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ് 'Polluter pays'. മലിനീകരണം ഉണ്ടാക്കുന്നവര്‍ തന്നെ ആരോഗ്യത്തിനോ പരിസ്ഥിതിക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ തടയുന്നതിനുള്ള ചെലവ് വഹിക്കണമെന്നതാണ് ഇതിന്റെ അടിസ്ഥാന പ്രമാണം. 1992 ലെ റിയോ ഡിക്ലറേഷന്റെ ഭാഗമായി അവതരിപ്പിച്ച ഈ തത്വം1996 ലെ Indian Council of Enviro-Legal Action Vs Union of India കേസിലൂടെ ഇന്ത്യയില്‍ നടപ്പിലാക്കിയതുമാണ്.

മാലിന്യ നിര്‍മ്മാര്‍ജ്ജത്തില്‍ മൂന്ന് 'R' കള്‍ ഉണ്ട്; Reduce, Reuse, Recycle. ഇതില്‍ Reduce, Reuse, ജനങ്ങളുടെയും സര്‍ക്കാരിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെങ്കില്‍ Recycle സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പ്ലാസ്റ്റിക് മാലിന്യ നീക്കത്തില്‍ Recycle ആണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഇതിന് നിരവധി അന്താരാഷ്ട്ര മാതൃകകളുണ്ട്.

ജര്‍മ്മനിയില്‍ റീസൈക്ലിംഗ് സ്‌കീം അവതരിപ്പിച്ചതോടെ മാലിന്യത്തിന്റെ അളവ് പ്രതിവര്‍ഷം ഒരു ദശലക്ഷം ടണ്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ 70 ശതമാനവും അവര്‍ റീസൈക്കിള്‍ ചെയ്യുന്നു. 1995-ല്‍ ദക്ഷിണ കൊറിയയിലെ 2 ശതമാനം ആയിരുന്ന റീ സൈക്ലിംഗ് നിരക്ക് ഇപ്പോള്‍ 95 ശതമാനമായി ഉയര്‍ന്നു. 50 ശതമാനം മാലിന്യം റീസൈക്കിള്‍ ചെയ്യുകയും ശേഷിക്കുന്ന മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ഇത്തരത്തിലുള്ള മികച്ച മാതൃകകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാലിന്യസംസ്‌കരണം കാര്യക്ഷമാക്കാന്‍ കേരളത്തിനും സാധിക്കും. പക്ഷെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ആര്‍ജ്ജവവും കാര്യശേഷിയും വേണമെന്നു മാത്രം.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ ക്രിയാത്മകമായ എന്ത് നടപടി സ്വീകരിച്ചാലും പ്രതിപക്ഷം അതിനെ പിന്തുണയ്ക്കും. പക്ഷെ ബ്രഹ്‌മപുരം പോലെ സ്വന്തക്കാര്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും പൊതുപണം കൊള്ളയടിക്കാനുള്ള അവസരമാകരുത്. സര്‍ക്കാരിന്റ പാളിച്ചകളും പരാജയവും ചൂണ്ടിക്കാട്ടി തിരുത്തിപ്പിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. അത് ഇനിയും തുടരുക തന്നെ ചെയ്യും. അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ വിമര്‍ശനത്തിന് അതീതരാണെന്ന തോന്നല്‍ ജനാധിപത്യ വ്യവസ്ഥതിയില്‍ നന്നല്ല. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ സര്‍ക്കാരും ഭരണസംവിധാനങ്ങളും ചെയ്യുന്ന തെറ്റുകള്‍ക്കെതിരെയാണ്. അല്ലാതെ ഞങ്ങളുടെ വിമര്‍ശനം വ്യക്തിപരമല്ലെന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ.

സ്‌നേഹത്തോടെ,

വി.ഡി സതീശന്‍

Tags:    
News Summary - Minister MB Rajesh's open letter to V.D. Satheesan's answer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.