അടിമാലി: ആനക്കുളം ഓരിൽ വെള്ളം കുടിക്കാനെത്തിയ കാട്ടനക്കൂട്ടത്തിനുനേരെ പടക്കം തീകൊളുത്തി എറിഞ്ഞ സംഭവത്തിൽ രണ്ടുപേരെ വനപാലകർ അറസ്റ്റ് ചെയ്തു.
മാങ്കുളം ആനക്കുളം ഇളംചിങ്ങത്ത് ഷാജി ചാക്കോ (45), ആനക്കുളം കളവേലിൽ വിത്സൻ ചാക്കോ (37) എന്നിവരെയാണ് റേഞ്ച് ഓഫിസർ കെ.പി. റോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പുതുവത്സരാഘോഷത്തിെൻറ ഭാഗമായി ഡിസംബർ 31ന് ഒത്തുകൂടിയ 12 അംഗ സംഘമാണ് കാട്ടാനക്കൂട്ടത്തിനുനേരെ ഗുണ്ട് പടക്കം എറിഞ്ഞത്.
നാട്ടുകാരും വനപാലകരും വിലക്കിയിട്ടും പുതുവത്സരമാണെന്നുപറഞ്ഞായിരുന്നു പടക്കമേറ്. ഇതോടെ വിരണ്ട ആനകൾ സമീപത്തെ കൃഷിയിടങ്ങളിൽ കയറി നാശം വിതച്ചിരുന്നു. കൂടുതൽ വനപാലകരെത്തിയതോടെ ഇവർ കടന്നുകളഞ്ഞു. ഉപ്പുരസമുള്ള ആനക്കുളത്തെ ഓരിൽനിന്ന് വെള്ളം കുടിക്കാൻ കാട്ടാനകൾ പതിവായി എത്തുമായിരുന്നു.
നാട്ടുകാർക്ക് ഒരു ശല്യവും ഉണ്ടാക്കിയിട്ടില്ല. കാട്ടാനകളെ കാണാൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിൽക്കുേമ്പാഴാണ് സംഘം പടക്കമെറിഞ്ഞത്.
ഉഗ്രസ്ഫോടനശേഷിയുള്ളതും കാതടപ്പിക്കുന്ന ശബ്ദത്തോടുകൂടിയതുമായ പടക്കമാണ് കാട്ടാനക്കൂട്ടത്തിനുനേരെ എറിഞ്ഞത്. അറസ്റ്റിലായവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഇവരെ പിടികൂടിയ സംഘത്തിൽ ഫോറസ്റ്റർ മധു, ബിറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബിനു ടി. മാനുവൽ, നിഥിൻ വർഗീസ്, വാച്ചർ കരുണാകരൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.