ന്യൂഡൽഹി: ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ എന്താണ് ചർച്ച നടത്തിയത് എന്നാണ് ആദ്യമറിയേണ്ടതെന്ന്കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നാല് ശതമാനം വോട്ടാണ് സി.പി.എമ്മിന് കിട്ടിയത്. ശ്രീ എമ്മിന്റെ മധ്യസ്ഥതയിലാണ് സിപിഎമ്മിന് വോട്ട് മറിച്ചത് എന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.
രാജ്യത്തെ ഏതെങ്കിലും മുസ്ലിം സംഘടനകൾ ആർ.എസ്.എസുമായി ചർച്ച നടത്തിയിട്ടുണ്ടെങ്കിൽ അവരാണ് അക്കാര്യം വ്യക്തമാക്കേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചെന്നിത്തല ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പി.യുടെ നാലുശതമാനം വോട്ടു ലഭിച്ചതു കൊണ്ടാണ് എൽ.ഡി.എഫിനു തുടർഭരണം ലഭിച്ചത്. 14 ശതമാനം വോട്ടുണ്ടായിരുന്ന ബി.ജെ.പിക്ക് 10% ആയി വോട്ട് കുറഞ്ഞപ്പോൾ എൽ.ഡി.എഫിന് 44 ശതമാനം വോട്ട് കിട്ടി. ആ നാല് ശതമാനമാണ് എൽഡിഎഫിനെ തുടർഭരണത്തിലേക്ക് നയിച്ചത്.
അതിനു നേതൃത്വം നൽകിയത് മുഖ്യമന്ത്രിയാണ്. ഇത് ശരിയാണോ അല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അതാണ് പ്രധാനപ്പെട്ട കാര്യം. ബി.ജെ.പിയുടെ നാല് ശതമാനം വോട്ട് ലഭിച്ചത് മറച്ചുവെക്കുവാൻ ആണ് മുഖ്യമന്ത്രി പുതിയ പ്രചാരണവുമായി ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ഇത് തിരിച്ചറിയുവാനുള്ള കഴിവ് ജനങ്ങൾക്കുണ്ട്. 4000 കോടി രൂപയുടെ ബാധ്യത കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിട്ട് അത് ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ മറ്റു വിഷയങ്ങളുമായി വന്നിരിക്കുന്നത്.
മഹാരാഷ്ട്ര കോൺഗ്രസിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി അവിടെയായിരുന്നുവെന്നും ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം കോൺഗ്രസ് പ്രസിഡന്റിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.