ആലപ്പുഴ: കേരളത്തിൽ ആദ്യമായി മോട്ടോർ സൈക്കിൾ ഓടിച്ച വനിത ആരാണെന്നതിന് ഉത്തരം ഒന്നേയുള്ളൂ. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ കെ.ആർ. ഗൗരിയമ്മയുടെ ജ്യേഷ്ഠസഹോദരി കെ.ആർ. നാരായണി. അതും സാധാരണ മോട്ടോർ ബൈക്കല്ല, ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത രാജകീയ പ്രൗഢിയുള്ള സാക്ഷാൽ 3.5 എൻഫീൽഡ് മോട്ടോർ സൈക്കിൾ.
ചേർത്തലയിലും പരിസരപ്രദേശങ്ങളിലും 1930കളിലും ’40കളിലും അവർ അതിൽ പതിവായി സഞ്ചരിച്ചു. സൈക്കിൾ പോലും അത്യപൂർവമായ നാട്ടിൽ ഭാവനയിൽ പോലും മോട്ടോർ സൈക്കിൾ കണ്ടിട്ടില്ലാത്ത നാട്ടുകാർ അനായാസേന ബുള്ളറ്റ് ഓടിച്ചുപോകുന്ന നാരായണിയെക്കണ്ട് റോഡരികിൽ തടിച്ചുകൂടിയ വിവരം ചരിത്രകാരനും സിനിമ-പത്രപ്രവർത്തകനുമായിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണെൻറ മകനും മാധ്യമ പ്രവർത്തകനുമായ സാജു ചേലങ്ങാട്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിരുന്നു.
സാരിയുടെ കോന്തലചുറ്റി അരയിൽ കുത്തി ഒരു യുവാവിനെപ്പോലെ ബുള്ളറ്റ് ഓടിച്ച യുവതി നാട്ടുകാർക്ക് എന്നും അദ്ഭുതമായിരുന്നു. അന്ധകാരനഴിയിലെ കളത്തിപ്പറമ്പിൽ തറവാട്ടിലെ കർഷകപ്രമുഖനായിരുന്ന രാമെൻറ മകളായ നാരായണിയെ നാട്ടുകാർ മോട്ടോർ നാണിയെന്നും ബുള്ളറ്റ് നാരായണിയെന്നുമൊക്കെ വിളിച്ചു. കർണാടകസംഗീതവും വീണയും നല്ലപോലെ വഴങ്ങുമായിരുന്ന അവർ പിന്നീട് ചേർത്തലയിലെ പ്രമുഖ അഭിഭാഷകനും എസ്.എൻ.ഡി.പി നേതാവും എം.എൽ.സിയും എം.എൽ.എയുമൊക്കെയായിരുന്ന എൻ.ആർ. കൃഷ്ണെൻറ ഭാര്യയായി.
നാരായണിയുടെ ആദ്യ ഭർത്താവ് കളവംകോടം പ്രിയംവദ മന്ദിരത്തിലെ ചവറ മെറ്റൽസ് ആൻഡ് മിനറൽസിലെ എൻജിനീയറായിരുന്ന കേശവനായിരുന്നു. ഈ ബന്ധത്തിലെ മകനായ അഭിഭാഷകൻ ചക്രപാണി ജീവിച്ചിരിപ്പില്ല. കൃഷ്ണൻ വക്കീലുമായുള്ള ബന്ധത്തിൽ രണ്ട് പെൺകുട്ടികളാണുള്ളത്. പരേതയായ ശുഭയും ശോഭയും.
1946ൽ നാരായണി അന്തരിച്ച ശേഷവും ചേർത്തലയിലെ മഠത്തിപ്പറമ്പിൽ തറവാട്ടിൽ വളരെക്കാലം എൻഫീൽഡ് ബൈക്ക് ഉണ്ടായിരുന്നു. കൃഷ്ണൻ വക്കീലിെൻറ പേരക്കുട്ടികളായ ചേർത്തലയിലെ പ്രമുഖ അഭിഭാഷകരായ െക. രാധാകൃഷ്ണനും ആർ.കെ. ദാസിനും ചെറുപ്പത്തിൽ ഈ ബൈക്കിനുമുകളിലിരുന്ന് കളിച്ച ബാല്യത്തെക്കുറിച്ച് ഇന്നും നല്ല ഓർമയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.