കോട്ടയം: ആകാശപാതയായി വിഭാവനം ചെയ്ത സിൽവർ ലൈൻ പദ്ധതി വന്മതിൽ പാതയായി മാറുന്നത് വെറും രണ്ടുമാസത്തിനിടെ. ഫ്രഞ്ച് കൺസൾട്ടൻസിയായ സിസ്ട്ര 2019 മാർച്ച് 18ന് നൽകിയ പ്രാഥമികസാധ്യത പഠനറിപ്പോർട്ടിൽ ഭൂരിപക്ഷം ഭാഗങ്ങളിലും തൂണുകളിൽ ഉയർന്നുനിൽക്കുന്ന പാതയായാണ് സിൽവർ ലൈൻ വിഭാവനം ചെയ്തിരുന്നത്. ആകെയുള്ള 527.7 കി.മീ. ദൂരത്തിൽ 361 കി.മീ. ആകാശപാത എന്ന വയഡക്ടും 89.5 കി.മീ. വന്മതിലും 4.6 കി.മീ. ടണലും 72.6 കി.മീ. മലയിടിച്ചുള്ള കട്ടിങ്ങുമായിരുന്നു. എന്നാൽ, മേയ് 15ന് നൽകിയ അന്തിമ സാധ്യത പഠന റിപ്പോർട്ടിൽ ആകാശപാത 57.3 കി.മീ. മാത്രമാക്കി. വന്മതിൽ 146.8 കി.മീ. വർധിച്ച് 236.33 കി.മീറ്ററായി. ടണൽ 2.43 കി.മീറ്ററായി കുറഞ്ഞു. മലയിടിച്ചുള്ള കട്ടിങ് 151 കി.മീ. വർധിച്ച് 223.6 കി.മീറ്റായും മാറി. ലോകത്തെ മിക്ക സുരക്ഷിത റെയിൽപാതകളും ആകാശപാതകളാണ്. പരിസ്ഥിതിക്ക് കൂടുതൽ അനുയോജ്യവും ഇതുതന്നെ. എന്നാൽ, ഇതിന് വന്മതിൽ പണിത് റെയിൽ ഇടുന്നതിനെക്കാൾ പല ഇരട്ടി ചെലവുവരും.
മെട്രോമാൻ ഇ. ശ്രീധരൻ വിഭാവനം ചെയ്ത തൂണുകളിൽ ഉയർന്നുനിൽക്കുന്ന അതിവേഗ പാതക്ക് ഒന്നേകാൽ ലക്ഷം കോടിയോളം രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. അന്തിമ സാധ്യത പഠനറിപ്പോർട്ടിൽ പറയും പ്രകാരം തൂണുകൾ കുറവുള്ള സിൽവർ ലൈനിനാകട്ടെ 63,941 കോടി മതിയെന്നാണ് കെ-റെയിൽ കണക്കാക്കുന്നത്. ആകാശപാതയിൽ അതിവേഗം ട്രെയിൻ ഓടിച്ചാൽ ശബ്ദവും പ്രകമ്പനവും കുറവായിരിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളംപോലെ ജനസാന്ദ്രത കൂടിയ പ്രദേശത്തുകൂടി മലകൾ ഇടിച്ചും വയൽ നികത്തിയും അതിവേഗ റെയിൽ പണിതാൽ ഉണ്ടാകുന്ന പ്രകമ്പനവും ശബ്ദശല്യവും എന്താകുമെന്നതിൽ വ്യക്തതയില്ല.
സാധ്യത പഠനറിപ്പോർട്ടിൽ സൂചിപ്പിച്ച അലൈൻമെൻറിന് അനുമതി കിട്ടിയശേഷം മാത്രമെ പാത കടന്നുപോകുന്ന പ്രദേശങ്ങൾ സംബന്ധിച്ച വിശദപഠനം നടത്തൂവെന്ന് റിപ്പോർട്ടിൽതന്നെ പറഞ്ഞിട്ടുണ്ട്. തടാകങ്ങൾ, ജലസ്രോതസ്സുകൾ, കായൽ, വനം, റോഡ് തുടങ്ങിയവ സംബന്ധിച്ച് ഗൂഗിൾ എർത്ത് വഴിയുള്ള പഠനങ്ങളാണ് നടത്തിയിട്ടുള്ളത്. ചിലയിടങ്ങളിൽ മാത്രമാണ് നേരിട്ട് പരിശോധന നടത്തിയത്. ഡിഫ്രൻഷ്യൽ ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പാത കടന്നുപോകുന്ന ഇടങ്ങളിൽ ഒരു മീറ്ററിൽ താഴെയുള്ള ഭാഗം വരെ പരിശോധിക്കാമെന്നിരിക്കെ അതിനും കെ-റെയിൽ തയാറായിട്ടില്ല. സാധ്യത പഠനറിപ്പോർട്ട് തിടുക്കപ്പെട്ട് സമർപ്പിക്കേണ്ടിവന്നതിനാൽ ഇതിന് കഴിഞ്ഞിട്ടില്ലെന്നാണ് സിസ്ട്രയുടെ റിപ്പോർട്ടിൽ പറയുന്നത്. വിശദ പദ്ധതിരേഖ സമർപ്പിക്കുമ്പോൾ ഇക്കാര്യങ്ങൾ ഉൾപ്പെടുത്താമെന്നാണ് അവരുടെ നിലപാട്. ചുരുക്കത്തിൽ ചെലവ് കുറക്കാൻ എടുത്ത മാറ്റങ്ങൾ ജനങ്ങളെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.