പട്ടിണി കിടന്നിട്ടും സർക്കാർ തിരിഞ്ഞുനോക്കുന്നില്ല; ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

പട്ടിണി കിടന്നിട്ടും സർക്കാർ തിരിഞ്ഞുനോക്കുന്നില്ല; ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: പണിമുടക്കിയിട്ടും പണിട്ടികിടന്നിട്ടും സർക്കാർ മുഖം തിരിച്ചുനിൽക്കുന്നതിനാൽ, സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആശ പ്രവർത്തകർ. സമരം 50 ദിവസം തികയുന്ന തിങ്കളാഴ്ച പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധിക്കും.

ആശ വർക്കർമാരോട് സർക്കാർ പ്രതികാരനടപടിയാണ് സ്വീകരിക്കുന്നതെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. സർക്കാർ ചർച്ച നടത്തി ആവശ്യങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കണം. മൂന്ന് ആശമാരുടെ നിരാഹാര സമരം ഒരാഴ്ച പിന്നിട്ടിട്ടും സമരത്തോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. മാത്രമല്ല നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. സർക്കാർ എത്ര മുഖംതിരച്ചാലും സമരവുമായി മുന്നോട്ടുപോകും. 50 ദിവസം കഴിഞ്ഞും സമരം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ കടുത്ത സമരരീതികളിലേക്ക് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു.

സർക്കാർ പ്രതികാര നടപടികൾ തുടരുകയാണെന്നും സമരം ആരംഭിക്കുന്നതിനു മുമ്പ് ഫെബ്രുവരി ഒമ്പതുവരെ ചെയ്ത ജോലികൾക്കു ഓണറേറിയം നൽകാൻ സർക്കാർ തയാറായിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. യു.ഡി.എഫ് ഭരണത്തിലുള്ള പത്തിലേറെ തദ്ദേശസ്ഥാപനങ്ങൾ ആശമാർക്ക് അധികവേതനം നൽകാൻ തനത് ഫണ്ടിൽനിന്ന്‌ തുക മാറ്റി വെച്ചിട്ടുണ്ട്. എന്നാൽ സർക്കാർ അനുമതി നൽകിയാൽ മാത്രമാണ് പദ്ധതി നടപ്പാക്കാൻ ആകുക. ബജറ്റ് ചർച്ചക്ക് ശേഷം തദ്ദേശസ്ഥാപനങ്ങൾ അനുമതി തേടി സർക്കാറിനെ സമീപിക്കുമെന്നാണ് സൂചന.

ഫെബ്രുവരി 10നാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ആരംഭിച്ചത്. തുടർന്ന് ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നിരാഹാര സമരം തുടങ്ങുകയായിരുന്നു.

Tags:    
News Summary - Asha workers will cut their hair and protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.