കാഞ്ഞാർ(ഇടുക്കി): തൊടുപുഴക്ക് സമീപം കുടയത്തൂരിൽ ഉരുൾെപാട്ടയലിലകപ്പെട്ട കുടുംബത്തിലെ അഞ്ചു പേരുടെയും മൃതദേഹം കിട്ടി. ചിറ്റടിചാലിൽ സോമൻ (53), ഭാര്യ ഷിജി (50), മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാനന്ദ് (4), സോമന്റെ മാതാവ് തങ്കമ്മ (70) എന്നിവരുടെ മൃതദേഹമാണ് മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്.
സംഗമം മാളിയേക്കൽ കോളനിക്ക് മുകളിൽ നിന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് ഉരുൾപൊട്ടിയത്. ചിറ്റടിചാലിൽ സോമന്റെ വീട് പൂർണമായും ഒലിച്ചു പോയി. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് മണ്ണും കല്ലും വെള്ളവും കുതിച്ചെത്തിയത്.
ഫർഫോഴ്സസും നാട്ടുകാരും ചേർന്ന് രാവിലെ മുതൽ നടത്തിയ തിരച്ചലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്ത്. ആദ്യം കിട്ടിയത് തങ്കമ്മയുടെ മൃതദേഹമാണ്. പിന്നീട് കുറച്ചകലെ നിന്നാണ് നാലു വയസുകാരൻ ദേവാനന്ദിന്റെ മൃതദേഹവും കിട്ടി. ദേവാനന്ദിന്റെ കുഞ്ഞുശരീരം മണ്ണിനടിയിൽ നിന്ന് പുറത്തെടുക്കുമ്പോൾ കണ്ടു നിൽക്കുന്നവരുടെ കണ്ണുകൾ നിറഞ്ഞു.
രാത്രി ഇവിടെ തുടർച്ചയായി മഴ പെയ്തിരുന്നു. പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ സോമന്റെ വീട് മാത്രമാണ് തകർന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു പേരും നിമിഷ നേരം കൊണ്ട് മണ്ണിനടിയിൽ അകപ്പെടുകയായിരുന്നു.
തകർന്ന വീടിന് താഴെയുള്ള അഞ്ച് കുടുംബങ്ങളെ ഉടൻ സുരക്ഷിതമായി കുടയത്തൂർ ന്യൂ ഗവ. എൽ പി സ്കൂളിലേക്ക് മാറ്റി പാർപ്പിക്കുമെന്ന് ദുരന്ത സ്ഥലത്തെത്തിയ റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി. ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി. ജേക്കബ്, ആർ. ഡി.ഒ എം.കെ. ഷാജി എന്നിവർ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഫയർ & റെസ്ക്യു, പോലീസ്, ഫോറസ്റ്റ്, സിവിൽ ഡിഫൻസ് തുടങ്ങിയ സന്നദ്ധ സംഘടകളും തിരച്ചിൽ പ്രവർത്തനത്തിനുണ്ടായിരുന്നു.
ദുരിതത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആരംഭിച്ചു. മൂന്ന് മണിയോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വൈകിട്ട് അഞ്ച് മുതലുള്ള പൊതുദർശത്തിന് ശേഷം അവിടെ വെച്ച് അന്ത്യകർമ്മം പൂർത്തിയാക്കി തൊടുപുഴ വൈദ്യുതി ശ്മശാനത്തിൽ ഇന്ന് തന്നെ സംസ്കരിക്കാനാണ് തീരുമാനം.
ഇടുക്കി കെ9 സേനയിലെ കഡാവർ വിഭാഗത്തിലെ ബൽജിയം മാൽ നോയിസ് ഇനത്തിൽപ്പെട്ട എയ്ഞ്ചൽ, ലാബ്രഡോർ ഇനത്തിൽപ്പെട്ട ഡോണ എന്നീ പോലീസ് നായ്ക്കളാണ് സോമൻ്റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തുന്നതിന് സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.