തിരുവനന്തപുരം: സർക്കാർ ഇതര ക്ഷേമ സ്ഥാപനങ്ങളിൽനിന്ന് പുറത്ത് പോകേണ്ടി വരുന്നവർക്ക് താമസ സൗകര്യം ഒരുക്കുന്ന ‘തന്റെയിടം’ പദ്ധതിക്ക് തുക വകയിരുത്തി. വിവിധ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് 18 വയസ്സ് തികയുമ്പോൾ ഇവിടങ്ങളിൽനിന്ന് പുറത്തുപോകേണ്ടി വരും. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഇത്തരക്കാർക്ക് പാർപ്പിടം നൽകുക എന്നതാണ് തന്റെയിടം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വനിത-ശിശു ക്ഷേമ വകുപ്പുമായി സഹകരിച്ചു പദ്ധതി നടപ്പാക്കുന്നതിന് നടപ്പു സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ രണ്ടു കോടി രൂപക്ക് ഭരണാനുമതി നൽകി ഉത്തരവായി.
കണ്ണൂർ പട്ടുവം, കോഴിക്കോട് മുക്കം, തിരുവനന്തപുരം ബാലരാമപുരം എന്നിവിടങ്ങളിലെ ഫ്ലാറ്റുകളിൽനിന്നാണ് ‘തന്റെയിടം’ പദ്ധതി ഗുണഭോക്താക്കൾക്ക് ഫ്ലാറ്റുകൾ നൽകുക. പദ്ധതിയുടെ നിർവഹണ ഏജൻസിയായ സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ നിരീക്ഷണ സംവിധാനം ഇതിനായി ഉപയോഗപ്പെടുത്തും. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിലവിലുള്ള ഉത്തരവുകളും നിയമപരമായ വ്യവസ്ഥകളും പാലിച്ച് സുതാര്യമായ രീതിയിൽ നടപ്പാക്കണം. പദ്ധതി ചെലവ് ബജറ്റ് വിഹിതത്തിൽ അധികരിക്കാൻ പാടില്ല. ഒരു വർഷമാണ് (2023-24) പദ്ധതി കാലാവധി.
ഇതു കൂടാതെ, സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ 2023-24 സാമ്പത്തിക വർഷത്തെ ഇ.ഡബ്ല്യു.എസ്/എൽ.ഐ.ജി ഹൗസിങ് സ്കീം പ്രകാരം ഭവനരഹിതരായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന/താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് ഭവനസമുച്ചയങ്ങൾ നിർമിച്ച് നൽകുന്നതിന് മൂന്നുകോടി രൂപയും, ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീം -എൽ.ഐ.ജി.എം.ഐ.ജി-ഒന്നിന് അഞ്ചു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.