അനധികൃത ഫ്ലക്​സ്​ ബോർഡുകൾ യുദ്ധകാലാടിസ്​ഥാനത്തിൽ നീക്കണം -ഹൈകോടതി

കൊച്ചി: സംസ്​ഥാനത്തെ പൊതുസ്​ഥലങ്ങളിൽ സ്​ഥാപിച്ച അനധികൃത ഫ്ലക്​സ്​, പരസ്യബോർഡുകൾ യു​ദ്ധകാലാടിസ്​ഥാനത്തിൽ നീക്കണമെന്ന്​ ഹൈകോടതി. തരവും വലിപ്പവും നോക്കാതെ ബോർഡുകൾ നീക്കുന്നതിന്​​ തദ്ദേശസ്​ഥാപനങ്ങൾക്ക്​ നിർദേശം നൽകാൻ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറിയോട്​ കോടതി ആവശ്യപ്പെട്ടു. ഇതിനായി ഉത്തരവുകളോ നിർദേശങ്ങളോ സർക്കുലറുകളോ പുറപ്പെടുവിക്കണം. ഫ്ലക്‌സ് ബോർഡുകൾ നി‌രോധിക്കുകയല്ല, സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ്​ ചെയ്യുന്നതെന്നും തുടർന്നും അനധികൃത ബോർഡുകൾ സ്​ഥാപിക്കാൻ അനുവദിക്കരുതെന്നും സിംഗിൾ ബെഞ്ചി​​​​​െൻറ ഇടക്കാല ഉത്തരവിൽ പറയുന്നു. കറ്റാനം സ​​​െൻറ്​ സ്​റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിക്കുമുന്നിലെ അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

പരസ്യബോർഡുകൾ സ്​ഥാപിക്കാൻ പ്രത്യേക സ്​ഥലങ്ങൾ നിശ്ചയിക്കുകയും തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകുമ്പോൾ എവിടെയാണ്​ സ്ഥാപിക്കേണ്ടതെന്ന്​ വ്യക്തമാക്കുകയും വേണം. ആവശ്യം കഴിഞ്ഞ ബോർഡുകൾ നീക്കുമെന്ന്​ ഉറപ്പുവരുത്തുന്ന വ്യവസ്ഥ വേണം. സ്ഥാപിച്ചവരെത്തന്നെ നീക്കാനുള്ള ഉത്തരവാദിത്തവും ഏൽപിക്കുകയും ഇക്കാര്യം എഴുതിവാങ്ങുകയും വേണം. നിയമലംഘകരെ പിഴയടക്കം ശിക്ഷിക്കണം. റോഡിനും നടപ്പാതക്കുമിടയിൽ പരസ്യബോർഡുകൾ സ്ഥാപിക്കരുത്. റോഡരികിലോ കാൽനട യാത്രക്കാരും വാഹനയാത്രക്കാരും ഉപയോഗിക്കുന്ന പൊതുസ്ഥലങ്ങളിലോ ബോർഡുകൾ പാടില്ല. കാൽനടക്കാരുടെയോ വാഹനങ്ങളു​ടെയോ കാഴ്​ച മറക്കുന്ന രീതിയിലുമാകരുത്​. ഇതിന് വിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നടപടിയെടുക്കാം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണം.

പ്രളയംമൂലം സംസ്ഥാനത്തുണ്ടായ മാലിന്യങ്ങള്‍ ശേഖരിക്കാനും സംസ്‌കരിക്കാനും മതിയായ സ്ഥലമില്ല. കേന്ദ്രസര്‍ക്കാര്‍ സ്വച്ഛ്​ഭാരത് മിഷനും സംസ്ഥാന സര്‍ക്കാര്‍ ക്ലീന്‍ കേരള മിഷനും നടത്തുന്ന ഇക്കാലത്ത് മാലിന്യം കൂടിക്കിടക്കുന്നത് വേദനയുളവാക്കുന്നു​. നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ എന്തുനടപടി സ്വീകരിക്കാനാകുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിക്കണമെന്നും കോടതി നിർദേശിച്ചു. വിഷയത്തിൽ കോടതിയെ സഹായിക്കാനും പരിശോധിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാനും അഭിഭാഷകനെ അമിക്കസ്ക്യൂറിയായി ചുമതലപ്പെടുത്തി.

Tags:    
News Summary - Flex Board High Court-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.