കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിെൻറ ചക്രം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30ഒാടെയാണ് സംഭവം. ജിദ്ദയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 177 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് റൺവേ അൽപനേരം അടച്ചിട്ടു. ഒരു വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു.
പടിഞ്ഞാറ് ഭാഗത്ത് ഇറങ്ങിയ വിമാനം റൺവേയുടെ പകുതിയോളം പിന്നിട്ടപ്പോഴാണ് പിറകിലെ ഇടതുവശത്തെ ചക്രം പൊട്ടിത്തെറിച്ചത്. പൈലറ്റിെൻറ അവസരോചിത ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി റൺവേയിൽ തന്നെ നിർത്തി. ഉടൻ അഗ്നിശമന സേന, വ്യോമഗതാഗത വിഭാഗം, എൻജിനീയറിങ് വിഭാഗം തുടങ്ങിയവർ സ്ഥലത്തെത്തി.
തുടർന്ന് യാത്രക്കാരെ റൺവേയിൽനിന്ന് ബസുകളിൽ ടെർമിനലിൽ എത്തിച്ചു. ചക്രം പൊട്ടിയതിനാൽ വിമാനം ഏപ്രണിലേക്ക് മാറ്റാൻ സാധിക്കാത്തതിനാലാണ് റൺവേ താൽക്കാലികമായി അടച്ചത്. 6.55ന് മസ്കത്തിൽ നിന്നെത്തിയ ഒമാൻ എയർ വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഇത് അൽപസമയത്തിന് ശേഷം കരിപ്പൂരിൽ തിരിച്ചിറങ്ങി. മറ്റ് വിമാനങ്ങളും അൽപം വൈകിയാണ് ലാൻഡ് ചെയ്തത്.
ചക്രം റൺവേയിൽ വെച്ച് തന്നെ മാറ്റിയിട്ട ശേഷം 8.15ഒാടെയാണ് വിമാനം സുരക്ഷിതമായി ഏപ്രണിലെത്തിച്ചത്. തുടർന്ന് റൺവേ പരിശോധനക്ക് ശേഷം 8.20ഒാടെ എയർഇന്ത്യ എക്സ്പ്രസിെൻറ ഷാർജ വിമാനം ലാൻഡ് ചെയ്തു. ജിദ്ദയിൽ നിന്നെത്തിയ ശേഷം സ്പൈസ്ജെറ്റ് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ടതായിരുന്നു. ഈ സർവിസ് രാത്രി 9.30ലേക്ക് പുനഃക്രമീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.