തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സ് പ്രവേശനത്തിൽ േഫ്ലാട്ടിങ് സംവരണം നിർത്തലാക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞതോടെ സർക്കാർ, എയ്ഡഡ് കോളജുകളിലായി പിന്നാക്ക, സംവരണ വിഭാഗങ്ങൾ വീണ്ടെടുത്തത് 1317 സീറ്റുകൾ. കഴിഞ്ഞ മാർച്ച് എട്ടിന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് േഫ്ലാട്ടിങ് സംവരണം നിർത്തലാക്കാനുള്ള സർക്കാർ നീക്കം പുറത്തുവന്നത്. പിന്നാക്ക വിഭാഗങ്ങളിൽനിന്ന് ശക്തമായ പ്രതിഷേധം കൂടി ഉയർന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് േഫ്ലാട്ടിങ് സംവരണം നിർത്തലാക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ രഹസ്യ സർക്കുലർ നടപ്പാക്കുന്നത് തടഞ്ഞത്.
ഇതേതുടർന്ന് ഈ വർഷവും േഫ്ലാട്ടിങ് സംവരണം പാലിച്ച് പ്രവേശനം നടത്തി. സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിലായി പിന്നാക്ക വിഭാഗങ്ങളിലെ 842 വിദ്യാർഥികളാണ് ഈ രീതിയിൽ മെറിറ്റ് സീറ്റ് നിലനിർത്തുകയും അതേവിഭാഗത്തിലെ അത്രയും വിദ്യാർഥികൾക്ക് പ്രവേശനത്തിനും വഴിയൊരുങ്ങിയതും. സർക്കാർ മെഡിക്കൽ കോളജുകളിൽ 171 എം.ബി.ബി.എസ് സീറ്റുകളിലാണ് പിന്നാക്ക വിഭാഗ വിദ്യാർഥികൾ പ്രവേശനം നേടിയത്. സർക്കുലർ നടപ്പാക്കിയിരുന്നെങ്കിൽ ഇത്ര പ്രവേശനം ലഭിക്കില്ലായിരുന്നു. ഗവ. ഡെന്റൽ കോളജുകളിൽ ഇത്തവണ േഫ്ലാട്ടിങ് സംവരണത്തിലൂടെ പ്രവേശനം നേടിയത് 27 വിദ്യാർഥികളാണ്. ആർക്കിടെക്ചറിൽ (ബി.ആർക്) 15 വിദ്യാർഥികൾക്കും ബി.ഫാമിൽ 14 വിദ്യാർഥികൾക്കും ഇതേ രീതിയിൽ പ്രവേശനം ലഭിച്ചു. ആയുർവേദ കോഴ്സിൽ (ബി.എ.എം.എസ്) 124 വിദ്യാർഥികളാണ് േഫ്ലാട്ടിങ് സംവരണത്തിലൂടെ സർക്കാർ കോളജുകളിൽ സീറ്റുറപ്പിച്ചത്. ഹോമിയോ (ബി.എച്ച്.എം.എസ്), വെറ്ററിനറി (ബി.വി.എസ്സി), അഗ്രികൾചർ (ബി.എസ്സി അഗ്രി.), ബി.എസ്സി ഫിഷറീസ്, ബി.എസ്സി ഫോറസ്ട്രി തുടങ്ങിയ കോഴ്സുകൾ അടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സ് വിഭാഗത്തിൽ 124 സീറ്റുകളാണ് േഫ്ലാട്ടിങ് സംവരണത്തിലൂടെ സംവരണ വിഭാഗങ്ങൾക്ക് ലഭിച്ചത്. സമീപകാലത്ത് സംവരണം ലഭിച്ച മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്ക വിഭാഗത്തിനും (ഇ.ഡബ്ല്യു.എസ്) േഫ്ലാട്ടിങ് സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.
മാർച്ച് ആറിന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പ്രവേശന പരീക്ഷ കമീഷണർക്ക് നൽകിയ രഹസ്യ സർക്കുലറിലൂടെയാണ് േഫ്ലാട്ടിങ് സംവരണം നിർത്തലാക്കാനും അതിനനുസൃതമായി പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസിൽ ഭേദഗതി വരുത്താനും നിർദേശിച്ചത്. സംവരണം അട്ടിമറിക്കാൻ ലക്ഷ്യമിട്ട് നടത്തിയ നീക്കം ‘മാധ്യമം’ വാർത്തയിലൂടെ പുറത്തുവന്നതോടെയാണ് സർക്കാർ ഈ നീക്കത്തിൽനിന്ന് പിൻമാറിയത്. സംവരണ വിഭാഗങ്ങളിലെ 1317 വിദ്യാർഥികൾക്ക് അർഹതപ്പെട്ട മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെയുള്ള സീറ്റുകളാണ് ‘മാധ്യമം’ വാർത്തയിലൂടെ സംരക്ഷിക്കപ്പെട്ടത്. എൻജിനീയറിങ് മൂന്നാം അലോട്ട്മെന്റിൽ പുതിയ ഓപ്ഷൻ ക്ഷണിച്ച് രണ്ടാം അലോട്ട്മെന്റിൽ സംവരണ സീറ്റിൽ പ്രവേശനം ലഭിച്ചവരെ മെറിറ്റ് സീറ്റിലേക്ക് മാറുന്നത് തടഞ്ഞ് സംവരണം അട്ടിമറിക്കുന്ന നീക്കം സെപ്റ്റംബർ ആറിന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയിലൂടെ പുറത്തുവരികയും അലോട്ട്മെന്റ് റദ്ദാക്കുകയും ചെയ്തിരുന്നു. പുതുക്കിയ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ സംവരണ വിഭാഗങ്ങൾ എൻജിനീയറിങ് കോഴ്സുകളിൽ ആകെ തിരിച്ചുപിടിച്ചത് ആയിരത്തിലധികം സീറ്റായിരുന്നു. ഇതിൽ 300 സീറ്റും സർക്കാർ എൻജിനീയറിങ് കോളജുകളിലായിരുന്നു.
മെറിറ്റിലും സംവരണത്തിലും സീറ്റിന് അർഹതയുള്ള വിദ്യാർഥികൾക്ക് മെറിറ്റ് സീറ്റ് നഷ്ടപ്പെടുത്താതെ, സംവരണ സീറ്റിന് അർഹതയുള്ള മെച്ചപ്പെട്ട കോളജിലേക്ക് മാറാനും അതുവഴി സംവരണ സീറ്റ് നഷ്ടം ഒഴിവാക്കാനുമായി ആവിഷ്ക്കരിച്ച രീതിയാണ് േഫ്ലാട്ടിങ് സംവരണം. ഇതുവഴി സംവരണ വിഭാഗത്തിലെ കൂടുതൽ വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ പ്രവേശനത്തിന് വഴിയൊരുങ്ങും. ഇത് നിർത്തലാക്കുന്നതോടെ സംവരണ വിദ്യാർഥികൾക്ക് മെറിറ്റ് സീറ്റ് നഷ്ട്ടപ്പെടുകയും സംവരണ സീറ്റിൽ മാത്രമായി ഒതുങ്ങുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.