തിരുവനന്തപുരം: പ്രളയത്തിൽ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് വേണ്ടി കർമ പദ്ധതി ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ലക്ഷം രൂപ വരെ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന്‍റെ വിവിധ വശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബാങ്കുകളുമായി സഹകരിച്ച് ദുരിത ബാധിതരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വീടുകള്‍ സജ്ജമാക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പലിശരഹിത വായ്പ എന്ന നിലയിലാണ് ഇത് ലഭ്യമാക്കുക. കുടുംബനാഥക്കാണ് ഈ തുക ലഭ്യമാക്കുക. ഇതിലൂടെ പഴയ ജീവിത സൗകര്യങ്ങളെങ്കിലും വീടുകളില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ തരത്തിലുള്ള ജീവിതം ആരംഭിക്കണമെങ്കില്‍ വീടുകളില്‍ ഉണ്ടായിരുന്ന സാധന സാമഗ്രികള്‍ ഉപയോഗിക്കാനാവണം. റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്ന സ്ഥിതി പല വസ്തുക്കളുടെ കാര്യത്തിലും ഉണ്ടാകണമെന്നില്ല. ഈ പ്രതിസന്ധിയെ മറികടക്കാനാണ് കർമ പദ്ധതിക്ക് രൂപം നൽകുന്നത്.
ദുരിത ബാധിതരുടെ പുനരധിവാസം
ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് സ്കൂളുകളിലും കോളേജുകളിലുമാണ്. ഓണാവധി കഴിഞ്ഞ് അവ തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ടതുമുണ്ട്. എന്നാല്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുപോകാനുമാവില്ല. അതുകൊണ്ട്, അവര്‍ക്ക് അവരുടെ വീട് സജ്ജമാകുന്നതുവരെ താല്‍ക്കാലിക താമസസൗകര്യം ഏര്‍പ്പെടുത്തേണ്ടിവരും. കല്ല്യാണമണ്ഡപങ്ങളും മറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് താല്‍ക്കാലിക പരിഹാരം കാണുകയും അതോടൊപ്പം, അവര്‍ക്ക് വീട് ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സമാന്തരമായി നടത്താനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭത്തില്‍ സ്ഥിരമായി വിധേയമാകുന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍, കടല്‍ക്ഷോഭം ഉണ്ടാകുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിക്കുമ്പോള്‍ ആവശ്യമായ ഭൂമി ഉണ്ടാവണമെന്നില്ല. അതിനാൽ ഫ്ലാറ്റ് പോലുള്ള സംവിധാനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടിവരുമെന്നും വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ 3314 ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. ഇന്നത് 2774 ആയി കുറഞ്ഞിട്ടുണ്ട്. 3,27,280 കുടുംബങ്ങളായിരുന്നു ഇന്നലെ ക്യാമ്പിൽ ഉണ്ടായിരുന്നത്. ഇന്നത് 2,78,781 ആയി കുറഞ്ഞു. ഇന്നലെ ക്യാമ്പില്‍ മൊത്തമുണ്ടായിരുന്നത് 12,10,453 പേരായിരുന്നു. ഇന്ന് അത് 10,40,688 ആയി ചുരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു
വൈദ്യുതി വിതരണ പ്രവര്‍ത്തനം നിലച്ച 50 സബ്സ്റ്റേഷനുകളില്‍ 41 എണ്ണം പുനഃസ്ഥാപിച്ചു. 16,158 ട്രാന്‍സ്ഫോര്‍മറുകളാണ് പ്രവര്‍ത്തനരഹിതമായത്. അതില്‍, 13,477 എണ്ണം ചാര്‍ജ്ജ് ചെയ്തു. 25.60 ലക്ഷം സര്‍വ്വീസ് കണക്ഷനുകളാണ് തകരാറിലായത്. അതില്‍ 21.61 ലക്ഷം കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. 60,593 വീടുകള്‍ വൃത്തിയാക്കി. 37,626 കിണറുകള്‍ ശുചിയാക്കി. 62,475 മീറ്റര്‍ ദൂരത്തിലെ ഓടകളും വൃത്തിയാക്കിയിട്ടുണ്ട്. മരണപ്പെട്ട കന്നുകാലികളുടെയും മൃഗങ്ങളുടെയും സംസ്കരണമാണ് പ്രധാനപ്പെട്ട വെല്ലുവിളിയായി നിലനില്‍ക്കുന്ന ഒരു കാര്യം. സേനകളുടെ അടക്കം സഹായം ഉപയോഗിച്ച് അത് ചെയ്തുവരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗം വീടുകളുടെ സുരക്ഷാപരിശോധന ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹായങ്ങള്‍ ലഭിക്കുന്നു
പൊതുവില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും സഹായങ്ങള്‍ പുനരധിവാസ പ്രവര്‍ത്തനത്തിന് ലഭിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവര്‍ അവരുടെ ഓരോരുത്തരുടെയും ശേഷിക്കനുസരിച്ച് സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രവഹിക്കുകയാണ്. ക്യാമ്പുകളില്‍ ഉല്‍പ്പന്നങ്ങളും മറ്റ് സാമഗ്രികളുമായി ജനങ്ങളും സന്നദ്ധ സംഘടനകളും എത്തിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് പ്രളയ ദുരന്തത്തില്‍പ്പെട്ട ജനതയുടെ കണ്ണീരൊപ്പാന്‍ ഒന്നിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോജിച്ചു നില്‍ക്കേണ്ട ഘട്ടം
ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ നമ്മുടെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കേണ്ടതെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധ മാറി മറ്റ് തര്‍ക്കങ്ങളിലേക്ക് കടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനേ സഹായിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ട ഒരു ദുരന്തമാണിത്. അത്തരത്തില്‍ ജനങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടത്തി ഏകോപിച്ചുകൊണ്ടുള്ള നമ്മുടെ നീക്കങ്ങളെ ദുര്‍ബ്ബലപ്പെടുത്താതിരിക്കുക എന്നത് പ്രധാനമാണ്. പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളാണ് വലുത്
ജനങ്ങളുടെ പ്രശ്നങ്ങളുമാണ് വലുത്. അവ പരിഹരിക്കാനുള്ള ഇടപെടലാണ് രാഷ്ട്രീയപാര്‍ടികളില്‍നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അത്തരമൊരു യോജിപ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്. അതാണ് നമ്മുടെ അതിജീവനത്തിന്‍റെ മാര്‍ഗം. അത് ദുര്‍ബലപ്പെടുത്താനുള്ള ഒരു ശ്രമത്തിനും നമുക്ക് വഴങ്ങിക്കൂടാ. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ നമുക്ക് മുന്നോട്ടുപോകാം. ഇത് തര്‍ക്കങ്ങളുടെ കാലമെല്ലന്നും മറിച്ച്, യോജിപ്പിന്‍റെയും കൂട്ടായ്മയുടെയും സമയമാണെന്നും മുഖ്യമന്ത്രി ഒാർമിപ്പിച്ചു. വിവാദങ്ങളില്‍ അഭിരമിക്കാനല്ല, ജനങ്ങളുടെ പ്രശ്നപരിഹാരങ്ങളിലാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.