ഭൂമി തരംമാറ്റൽ അപേക്ഷകളുടെ കുത്തൊഴുക്ക്; വരുമാനം 1000 കോടിയിലേക്ക്

തൊടുപുഴ: സംസ്ഥാനത്ത് ഭൂമി തരം മാറ്റുന്നതിനായി റവന്യൂ ഡിവിഷനൽ ഓഫിസുകളിലേക്ക് അപേക്ഷകളുടെ കുത്തൊഴുക്ക്. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ ഒരു വർഷം മുമ്പ് ആരംഭിച്ച പ്രത്യേക കർമ പദ്ധതി പ്രകാരം ഓരോ മാസവും ശരാശരി 1000 അപേക്ഷകൾ ലഭിക്കുന്നതായാണ് കണക്ക്. ഇതുവഴി സർക്കാർ ഖജനാവിലേക്ക് എത്തിയ വരുമാനം 1000 കോടിയോട് അടുക്കുകയാണ്.

ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട കർമപദ്ധതി നടപ്പാക്കിയതുവഴി ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരം 963.83 കോടിയുടെ വരുമാനം ഖജനാവിലെത്തി. 25 സെന്‍റുവരെ ഫീസ് ഈടാക്കാതെയും അതിന് മുകളിൽ ന്യായവിലയുടെ 10 ശതമാനം ഈടാക്കിയുമാണ് ഭൂമി തരം മാറ്റുന്നത്. ശേഷിക്കുന്ന അപേക്ഷകൾ കൂടി തീർപ്പാക്കുന്നതോടെ വരുമാനം 1000 കോടി കവിയും. ദൗത്യം നടപ്പാക്കുന്നതിനായി താൽക്കാലിക തസ്തികകൾ സൃഷ്ടിക്കാനും വാഹനസൗകര്യം അടക്കം അനുബന്ധ സൗകര്യങ്ങൾക്കായും ഇതുവരെ 21.08 കോടി ചെലവഴിച്ചതായി റവന്യൂ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റാനുള്ള അപേക്ഷകൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ഇവ അതിവേഗം തീർപ്പാക്കാനായി കഴിഞ്ഞ വർഷം ഫെബ്രുവരി 22നാണ് പ്രത്യേക കർമ പദ്ധതിക്ക് രൂപം നൽകി ഉത്തരവിറക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ആറു മാസത്തേക്ക് 990 തസ്തികകൾ സൃഷ്ടിച്ചു. പ്രത്യേക ദൗത്യത്തിന് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ 5.99 കോടി അനുവദിക്കുകയും ചെയ്തു. ആ ഘട്ടത്തിൽ ആർ.ഡി ഓഫിസുകളിൽ 1,12,539 അപേക്ഷകൾ കെട്ടിക്കിടപ്പുണ്ടായിരുന്നു.

അപേക്ഷകളുടെ എണ്ണം അപ്രതീക്ഷിതമായി വർധിച്ചതിനാൽ പ്രത്യേക ദൗത്യം ആറു മാസം കൂടി തുടരാൻ തീരുമാനിച്ചു. ഈ കാലാവധി തീരാനിരിക്കെ അപേക്ഷകൾ തീർപ്പാക്കൽ അന്തിമഘട്ടത്തിലാണെന്നാണ് റവന്യൂ വകുപ്പിന്‍റെ വിശദീകരണം. ഓഫ് ലൈനായി ലഭിച്ച 95 ശതമാനം അപേക്ഷകളും തീർപ്പാക്കിയെന്നും ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തിയാക്കുമെന്നും അധികൃതർ പറയുന്നു. എന്നാൽ, ഇപ്പോഴും നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി വകുപ്പിലെ തന്നെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

Tags:    
News Summary - flood of land reclassification applications; 1000 crores in revenue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.