ആലപ്പുഴ: സംസ്ഥാനത്ത് ഉരുൾപൊട്ടൽ ഭീഷണിയില്ലാത്ത ഏക ജില്ലയാണെങ്കിലും കാലവർഷം കലിതുള്ളിയാൽ ഏറ്റവും കൂടുതൽ പേർ ദുരിതത്തിലാകുന്നത് ആലപ്പുഴയിൽ. ജില്ലയിലെ ബഹുഭൂരിഭാഗം പ്രദേശങ്ങളും 2018ലെ വെള്ളപ്പൊക്കത്തിൽ നാശം നേരിട്ടിരുന്നു. ഇത്തവണയും പ്രളയുമുണ്ടാകുമെന്ന മുന്നറിയിപ്പ് ഇവിടത്തുകാരുടെയും നെഞ്ചിടിപ്പേറ്റുന്നു.
പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കിഴക്കൻ മലയോരമേഖലയിലെ ഉരുൾപൊട്ടലും പേമാരിയുമാണ് ജില്ലയുടെ ഉറക്കംകെടുത്തുന്നത്. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിലാർ എന്നിവയിലെ വെള്ളപ്പാച്ചിലാണ് ജില്ലയെ മുക്കാറുള്ളത്. ഇത്തവണയും ഈ നദികൾ ചതിക്കുമോ എന്നാണ് ആശങ്ക. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലാണ് ആദ്യം വെള്ളമെത്തുകയെങ്കിലും മഴ ശക്തമായാൽ ജില്ലയുടെ മിക്ക മേഖലകളും കെടുതിയിലാകും. 2018ലെ പ്രളയകാലത്ത് ജില്ലയിൽ 29 ശതമാനം അധിക മഴയാണുണ്ടായത്. പത്തനംതിട്ടയിലുണ്ടായ 44 ശതമാനം അധിക മഴയും കോട്ടയത്തുണ്ടായ 50 ശതമാനം അധികമഴയുമാണ് അന്ന് ജില്ലയെ മുക്കിയത്.
2018ൽ ലക്ഷത്തിലേറെ വീടുകൾക്കാണ് നാശമുണ്ടായത്, 710 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. 3,01,719 പേരെ ക്യാമ്പുകളിൽ പാർപ്പിക്കേണ്ടിവന്നു. കുട്ടനാട്ടിലും അപ്പർ കുട്ടനാടൻ മേഖലയിലും മാത്രം ഏകദേശം 10,495 ഹെക്ടർ പ്രദേശത്തെ നെൽകൃഷി നശിച്ചു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ സകല പാടശേഖരങ്ങളും പ്രളയജലത്തിന്റെ പ്രഹരമേറ്റുവാങ്ങി. ഇവിടുത്തെ ആകെയുള്ള 28 പഞ്ചായത്തുകളിൽ ഒറ്റ വയലിൽപ്പോലും നെൽകൃഷി അവശേഷിച്ചില്ല. വെള്ളപ്പൊക്കത്തിൽ കുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിൽ മാത്രം ഏകദേശം 150 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് കണക്കാക്കിയിരിക്കുന്നു.
വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറക്കാൻ വേണ്ടത് കടലിലേക്കൊഴുകുന്ന തോടുകളുടെയും ചാലുകളുടെയും ഒഴുക്ക് സുഗമമാക്കുകയാണ്. 2018ലെ വൻ പ്രളയം നൽകിയ പാഠം ഉൾക്കൊണ്ട് കിഴക്കൻ മേഖലയിൽനിന്ന് എത്തുന്ന വെള്ളം തങ്ങിനിൽക്കാതെ ഒഴുകിപ്പോകാൻ വഴിയൊരുക്കണമെന്ന ആവശ്യം നിറവേറ്റാൻ അധികൃതർക്കായിട്ടില്ല. തോട്ടപ്പള്ളി സ്പിൽ വേയിൽനിന്ന് കടലിലേക്കുള്ള ഒഴുക്ക് സുഗമമാക്കാൻ അന്നുമുതൽ ഖനനം തുടങ്ങിയത് മാത്രമാണ് വെള്ളപ്പൊക്കം ഒഴിവാക്കാൻ നടന്ന ഏക പ്രവർത്തനം. തോട്ടപ്പള്ളിയിലെ മണൽ ഖനനത്തിലെ താൽപര്യം മാസപ്പടി ആരോപണത്തോടെ വ്യക്തമാകുകയും ചെയതു. മാസപ്പടി ആരോപണം വന്ന ശേഷം നാലുമാസത്തിലേറെയായി നിർത്തിവച്ചിരുന്ന തോട്ടപ്പള്ളിയിൽ ഖനനം വ്യാഴാഴ്ചയാണ് പുനരാരംഭിച്ചത്.
കുട്ടനാട്ടിലെ ജലം കടലിലേക്ക് ഒഴുക്കുന്നത് പ്രധാനമായും തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവ വഴിയാണ്. വേമ്പനാട്ട് കായലിലേക്കും തോട്ടപ്പള്ളിയിലേക്കും വെള്ളം ഒഴുകിയെത്തുന്ന തോടുകളുടെയും നീർച്ചാലുകളുടെയും ചളി നീക്കി ആഴം കൂട്ടിയെങ്കിൽ മാത്രമെ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറക്കാനാകൂ.
തോടുകളിലെയും ചാലുകളിലെയും ചളി നീക്കണമെന്ന ആവശ്യം നടപ്പാക്കാൻ പേരിനുപോലും നടപടിയെടുത്തിട്ടില്ല. അതിനാൽ വീണ്ടും വെള്ളപ്പൊക്കമുണ്ടായാൽ പഴയതുപോലുള്ള ദുരിതമാകും ജില്ല നേരിടേണ്ടിവരികയെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടികാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.