കൂട്ടിക്കലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കനത്ത നാശം വിതച്ച അപ്രതീക്ഷിത പേമാരിയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. 11 പേരെ കാണാതായി.
കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ കുടുംബത്തിലെ ആറുപേർ ഉരുൾപൊട്ടലിൽ മരിച്ചു. വട്ടാളക്കുന്നേൽ (ഒട്ടലാങ്കൽ) ക്ലാരമ്മ ജോസഫ് (65), മകൻ മാർട്ടിൻ, ഭാര്യ സിനി (35), മക്കളായ സോന (11), സ്നേഹ, സാന്ദ്ര എന്നിവരാണ് മരിച്ചത്. ഇവരിൽ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ചളിയിൽ പൂണ്ട് കിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പുറത്തെടുക്കാനായിട്ടില്ല.
ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് യുവാവും യുവതിയും മരിച്ചു. കാഞ്ഞാർ-മണപ്പാടി റോഡിലാണ് അപകടം. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടി വീട്ടിൽ നിഖിൽ ഉണ്ണികൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ. വിജയൻ (32) എന്നിവരാണ് മരിച്ചത്. പ്ലാപ്പള്ളിയിൽ ഉരുള്‍പൊട്ടി നാലു പേരെയും കൊക്കയാറിൽ എട്ട് പേരെയും കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
ആൻസി(45), ചിറയിൽ ഷാജി(50), പുതുപ്പറമ്പിൽ ഷാഹുലിെൻറ മകൻ സച്ചു(മൂന്ന്), കല്ലുപുരക്കൽ ഫൈസൽ നസീറിെൻറ മക്കളായ അപ്പു, മാളു, ഫൈസലിെൻറ സഹോദരി ഫൗസിയ മക്കളായ അഹ്യാൻ, അഫ്സാന എന്നിവരേയാണ് കൊക്കയാറിൽ കാണാതായത്.
ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി, മകൻ, തൊട്ടിപറമ്പിൽ മോഹനെൻറ ഭാര്യ സരസമ്മ(60), മുണ്ടകശ്ശേരിയിൽ വേണുവിെൻറ ഭാര്യ റോഷ്നി എന്നിവരെയാണ് പ്ലാപ്പള്ളിയിൽ കാണാതായത്. കൊക്കയാര്‍ പൂവഞ്ചിയിൽ മൂന്നുവീടുകൾ ഒലിച്ചുപോയി.
കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തുമാണ് ഉരുൾ പൊട്ടിയത്. കൂട്ടിക്കലിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ പുറത്തെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടി.
മണിമലയാർ കരകവിഞ്ഞൊഴുകി കല്ലേപാലത്തിെൻറ കരയിലെ രണ്ട് വീടും പുത്തൻചന്തയിലെ നാലുകടയും ഒലിച്ചുപോയി. പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ മുങ്ങി. യാത്രികരെ രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നിർത്തിയിട്ട സ്കൂൾ ബസ് ഒഴുകിപ്പോയി. ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം സൈന്യവും രക്ഷാപ്രവർത്തനത്തിനിറങ്ങി. മലയോര മേഖലകളിൽ യാത്രവിലക്ക് ഏർപ്പെടുത്തി.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ന്യൂനമർദമാണ് പ്രളയസമാന അന്തരീക്ഷത്തിലെത്തിച്ചത്. തെക്കൻ, മധ്യകേരളത്തിലെ പലയിടങ്ങളിലും ലഘു മേഘവിസ്ഫോടനങ്ങൾ ഉണ്ടായതോടെ ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ടുകൾ നിറഞ്ഞതോടെ മൂഴിയാർ, ശിരുവാണി, മലങ്കര, കുറ്റ്യാടി, കാരാപ്പുഴ, കല്ലട, കാഞ്ഞിരപ്പുഴ, മണിയാർ, ഭൂതത്താൻകെട്ട്, മൂലത്തറ, പഴശ്ശി അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടു. തിരുവനന്തപുരം ചെമ്പകമംഗലത്ത് വീടിെൻറ ചുമരിടിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. തൃശൂർ പുത്തൂരിന് സമീപം മരോട്ടിച്ചാലിൽ 19 തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലിൽ പൊള്ളലേറ്റു. ഇടുക്കിയില്‍ രാത്രിയാത്ര നിരോധനം ഒക്ടോബർ 20വരെ നീട്ടി. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. വടക്കൻ ജില്ലകളിലടക്കം മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.