മൂന്നാർ: മലനിരകളിലെ കോടമഞ്ഞും കുളിരും ആസ്വദിക്കാൻ ഇത്തവണ പുതുവർഷം വരെ കാത്തിരിക്കേണ്ട. പതിവിലും നേരേത്ത മൂന്നാർ മൂടൽമഞ്ഞ് മൂടിയത് സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ കൗതുകമായി. കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത തണുപ്പും മഞ്ഞുമാണ് മൂന്നാറിൽ അനുഭവപ്പെട്ടത്. അടുത്തു നിൽക്കുന്നവരെപ്പോലും കാണാനാവാത്തവിധം ശക്തമായ മൂടൽമഞ്ഞാണ് ടൗണിലും പരിസരങ്ങളിലും ഉണ്ടായത്. ഒപ്പം കടുത്ത തണുപ്പുമെത്തി. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് നവംബറിൽതന്നെ മൂടൽമഞ്ഞും മരം കോച്ചുന്ന തണുപ്പും മൂന്നാറിലെത്തുന്നത്.
മൂന്നാർ ടൗൺ, നല്ലതണ്ണി, ദേവികുളം, പള്ളിവാസൽ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം ശക്തമായ മൂടൽ മഞ്ഞാണ് ഉണ്ടായത്. മരങ്ങളും മലകളും മറച്ച് മഞ്ഞിറങ്ങിയത് മനോഹര കാഴ്ചയായിരുന്നു. ഒരാഴ്ചയായി അനുഭവപ്പെടുന്ന ശക്തമായ തണുപ്പും കൂടിയായതോടെ മൂന്നാർ പ്രതാപം വീണ്ടെടുത്തെന്നാണ് പഴമക്കാർ പറയുന്നത്. മഴയുള്ള സമയങ്ങളിൽ തണുപ്പും മഞ്ഞും കുറയുകയാണ് പതിവ്.
മുൻകാലങ്ങളിൽ ഒക്ടോബർ അവസാനം മുതൽ തുടങ്ങുന്ന തണുപ്പ് ഫെബ്രുവരി ആദ്യവാരം വരെ നിൽക്കും. ഒപ്പം മൂടൽമഞ്ഞും ഉണ്ടാകും. ഈ സമയത്താണ് സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇവിടുത്തെ കാലാവസ്ഥ ആസ്വദിക്കുന്നത്. ഒരുമിച്ചെത്തിയ മഞ്ഞും തണുപ്പും മൂന്നാറിെൻറ മനോഹാരിത വർധിപ്പിച്ചതിെൻറ സന്തോഷത്തിലാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.