തിരുവനന്തപുരം: ഡി.എ/ഡി.ആർ കുടിശ്ശികക്ക് പിന്നാലെ ജീവനക്കാരുടെ ലീവ് സറണ്ടറിലും സർക്കാറിന്റെ പൊടിക്കൈ. 2024-25 ലെ ലീവ് സറണ്ടർ അനുവദിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും പി.എഫിൽ ലയിപ്പിക്കുന്ന പണം നാലു വർഷം കഴിഞ്ഞേ പിൻവലിക്കാനാവൂ.
ഒരു മാസത്തെ ശമ്പളമാണ് ലീവ് സറണ്ടറായി ലഭിക്കുക. പി.എഫിൽ ലയിപ്പിക്കുന്ന തുകക്ക് ജീവനക്കാരൻ വരുമാന നികുതിയും (ഐ.ടി) അടയ്ക്കണം. എന്നോ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന പണത്തിന് മുൻകൂട്ടി നികുതി അടയ്ക്കേണ്ടതായ അവസ്ഥയിലാണ് ലക്ഷകണക്കിന് ജീവനക്കാർ.
തുടർച്ചയായി അഞ്ചാം വർഷമാണ് ലീവ് സറണ്ടർ അനുവദിച്ച് അടുത്ത സർക്കാറിന്റെ കാലത്ത് പിൻവലിക്കാമെന്ന് ധനവകുപ്പ് വ്യവസ്ഥ വെക്കുന്നത്. സ്കൂൾ തുറക്കുന്നതുപേലെ കൂടുതൽ തുക ഒരുമിച്ച് ആവശ്യമുള്ള സമയങ്ങളിലാണ് ജീവനക്കാർ സാധാരണ ലീവ് സറണ്ടർ ആനുകൂല്യത്തിന് അപേക്ഷിക്കാറ്.
സാധാരണ ശമ്പളത്തിൽനിന്ന് ഇൻഷുറൻസ്, എൽ.ഐ.സി തുടങ്ങി വിവിധ ഇനങ്ങളിൽ പിടിക്കുന്നതുപോലെ ലീവ് സറണ്ടറിൽനിന്ന് ഇളവ് ചെയ്യില്ല എന്നതാണ് പ്രത്യേകത. ഒരുമാസത്തെ മുഴുവൻ ശമ്പളവും കിട്ടുമെന്ന പ്രതീക്ഷയിൽ വിവാഹം, വിദ്യാർഥികളുടെ പഠന ചെലവ്, ആശുപത്രി ചെലവ് തുടങ്ങി വലിയ തുക ഒരുമിച്ച് ആവശ്യമുള്ള സാഹചര്യങ്ങൾക്ക് സഹായകമായിരുന്ന ആനുകൂല്യമാണ് നിഷേധിക്കപ്പെടുന്നത്. ഏപ്രിൽ ഒന്നുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെങ്കിലും 2028 മാർച്ച് 31 വരെ പണം പിൻവലിക്കാനാവില്ല.
സംസ്ഥാന/യു.ജി.സി/എ.ഐ.സി.ടി.ഇ/എൻ.ജെ.പി.സി സ്കെയിലുകളിലുള്ള അധ്യാപകരുൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാരെയും നേരിട്ട് ബാധിക്കുന്നതാണ് ഇത്. സർക്കാർ വകുപ്പുകൾ, കേരളത്തിലെ വിവിധ സർവകലാശാലകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയും ബാധിക്കും. സ്വയംഭരണ സ്ഥാപനങ്ങൾ, നിയമപരമായ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ.
അപെക്സ് സൊസൈറ്റികൾ, പൊതുമേഖല സ്ഥാപനങ്ങൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംസ്ഥാനത്തിന്റെ ഏകീകൃത ഫണ്ടിൽനിന്ന് ശമ്പളം വാങ്ങുന്ന ഭരണഘടന സ്ഥാപനങ്ങൾ തുടങ്ങി സംസ്ഥാന സർക്കാറിന് കീഴിലുള്ള മറ്റെല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ബാധിക്കുന്നതാണ് ഉത്തരവ്.
താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് ഇല്ലാത്ത ജീവനക്കാർക്കും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്കീമിന് കീഴിലുള്ളവർക്കും കാലാനുസൃത സറണ്ടർ പണമായി നൽകും.
താഴ്ന്ന വിഭാഗം ജീവനക്കാരായ ഓഫിസ് അറ്റൻഡന്റിനും മന്ത്രിമാരുടെയും മറ്റും പേഴ്സനൽ സ്റ്റാഫിലെ കുക്കിനും ഓഫിസ് അറ്റൻഡന്റിനും പണം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.