തിരുവനന്തപുരം: ഭക്ഷ്യവിഷബാധകൾ ജീവൻ കവരുന്ന നിലയിൽ ആവർത്തിക്കുന്നതോടെ പ്രതിവിധിയെന്തെന്നറിയാതെ ഭീതിയിലാണ് ജനം. പഴകിയതും മലിനവുമായ ഭക്ഷണം മുതൽ രുചിക്കായി ചേർക്കുന്ന അശാസ്ത്രീയ ചേരുവകളും നിറവും മണവും കൂട്ടാൻ ഉപയോഗിക്കുന്ന പൊടിക്കൈകളും വരെ കഴിക്കുന്നവന്റെ വയറ്റത്തടിക്കുകയാണ്. വിളമ്പുന്നവർക്കൊപ്പം കഴിക്കുന്നവരും ജാഗ്രത പാലിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. ഭക്ഷണം മലീമസമാകുന്നത് പലതരത്തിലാണ്. ഉല്പാദനവേളയിൽ മുതൽ ഭക്ഷണം പാകം ചെയ്യുന്ന സമയത്തും വിളമ്പുന്നതിനായി കാത്തുവെക്കുമ്പോൾ വരെ ഇതിന് സാധ്യതയുണ്ട്.
പഴകിയ ആഹാരം ഉപയോഗിക്കരുതെന്നതാണ് ഏറ്റവും പ്രധാനം. കഴിക്കാൻ വാങ്ങുന്ന വിഭവവും വാങ്ങുന്ന സ്ഥലവും ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കി ഉപയോഗിക്കുന്നതും ബിരിയാണിപോലുള്ളവ വൈകി കഴിക്കുന്നതും ബേക്കറിയിലെ സമയപരിധി കഴിഞ്ഞ പലഹാരങ്ങളുമെല്ലാം വയറിനെ കുഴപ്പത്തിലാക്കും. ഭക്ഷണം തയാറാക്കുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും പാളിച്ചയും വൃത്തിയില്ലായ്മയുമെല്ലാം ഭക്ഷ്യവിഷബാധയിലേക്ക് വഴിതുറക്കാം. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്പോഴുണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ചമൂലമോ ഭക്ഷ്യവിഷബാധയുണ്ടാകാം. പൊടിപടലങ്ങളില്‍നിന്നും മലിന ജലത്തില്‍നിന്നും ബാക്ടീരിയ ഭക്ഷണത്തില്‍ കലരാം.
ഭക്ഷ്യവിഷബാധ പലവിധം
ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. അസംസ്കൃത മാംസത്തിലാണ് ഇവ അധികമായി കാണുന്നത്. സുരക്ഷിതമല്ലാത്ത ഊഷ്മാവിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ഇവ വളർന്ന് പെരുകും.
• സ്റ്റൈഫൈലോ കോക്കസ് ഓറിയസ് മൂലമുള്ള അണുബാധകളിൽ ആറു മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. നന്നായി പാകം ചെയ്യാത്ത മാംസം, സാലഡ്സ്, സോസുകള്‍ എന്നിവയില്‍നിന്നാണ് സാധാരണയായി പകരുന്നത്.
• ക്ലോസ്ട്രിഡിയം ബോട്ടുലിനം അണുബാധ ടിന്നിലടച്ച മാംസം, മത്സ്യം എന്നിവ കൂടുതല്‍ സമയം പുറത്തുവെക്കുന്നത് മൂലമുണ്ടാകുന്നതാണ്. 12 മണിക്കൂർ മുതൽ 72 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങൾ പ്രകടമാകും.
• ക്ലോസ്ട്രിഡിയം പെര്‍ഫ്രിന്‍ജസ് അണുബാധ ലക്ഷണങ്ങള്‍ എട്ടുമുതല്‍ 16 മണിക്കൂറുകള്‍ക്കുള്ളില്‍ പ്രകടമാകുന്നു. വേണ്ടവിധം പാകം ചെയ്യാത്ത ബീഫ്, മലിനജലം എന്നിവയില്‍നിന്നാണ് ഇ കോളി അണുബാധയുണ്ടാകുന്നത്. ഒന്നുമുതല്‍ എട്ടു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങൾ കാണും.
• സാല്‍മൊണല്ല ബാധ ഒന്നുമുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രകടമാകും. കാര്യമായി പാകം ചെയ്യാത്ത ഇറച്ചി, മുട്ട, പാല് എന്നിവയാണ് അണുബാധക്ക് കാരണം.
• കാംപൈലോ ബാക്ടർ അണുബാധ ഇറച്ചി, മുട്ട, പാല് എന്നിവയില്‍നിന്ന് ഉണ്ടാകുന്നതാണ്. രണ്ടുമുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നു.
ലക്ഷണങ്ങൾ
രോഗകാരികള്‍ക്ക് അനുസൃതമായി ലക്ഷണങ്ങള്‍ക്ക് മാറ്റം വരും. ഭക്ഷണം കഴിച്ചശേഷം മനംപുരട്ടല്‍, ഛര്‍ദി, രക്തത്തോടുകൂടിയതോ അല്ലാതെയോ വയറിളക്കം, വയറുവേദന, പനി, തരിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചശേഷം ആദ്യ മണിക്കൂറിൽതന്നെ ലക്ഷണങ്ങൾ പ്രകടമാകാം. ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കില്‍ മൂന്ന് മണിക്കൂറിനകം ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിന് വെള്ളം, ഒ.ആര്.എസ് ലായനി തുടങ്ങിയവ കുടിക്കാന്‍ നല്‍കണം. ശരീരത്തില്‍ ജലാംശം കുറയാതെ നോക്കണം. ഛര്‍ദി ആവര്‍ത്തിക്കുക, ഒരുദിവസം കഴിഞ്ഞും ഭേദമാകാതിരിക്കുക, തളര്‍ന്ന് അവശനിലയിലാകുക, വയറിളക്കം പിടിപെടുക, കടുത്ത വയറുവേദന അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടനെ ആശുപത്രിയിൽ എത്തിക്കണം.
വില്ലൻ മയോണൈസ്
മയോണൈസ് റഫ്രിജറേറ്ററിൽ സൂക്ഷിക്കാത്തപക്ഷം രണ്ട് മണിക്കൂറിനുള്ളിൽ കേടാകുമെങ്കിലും പല ഹോട്ടലുകളിലും മണിക്കൂറുകളോളം പുറത്ത് വെക്കുകയാണ് ചെയ്യുന്നത്. മുട്ട, എണ്ണ, വെളുത്തുള്ളി, വിനാഗിരി, ഉപ്പ് മുതലായവ ചേര്‍ത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. മയോണൈസ് പാർസൽ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മുന്നറിയിപ്പ്. മാർക്കറ്റിൽ മുട്ട ചേർക്കാത്ത വെജിറ്റേറിയൻ മയോണൈസും ലഭ്യമാണ്. എന്നാൽ, കേരളത്തിൽ കൂടുതലും മുട്ട ചേർത്ത മയോണൈസാണ് ഉപയോഗിക്കുന്നത്. രണ്ട് മണിക്കൂറിനകം ഉണ്ടാക്കിയ മയോണൈസാണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്തണം.
കഴിക്കാൻ ഇറങ്ങുമ്പോൾ ഓർത്തിരിക്കാം
• വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലില്‍നിന്നു മാത്രം ആഹാരം കഴിക്കുക.
• ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
• എത്ര വിലകൂടിയ ആഹാരമായാലും രുചി, മണം, നിറം എന്നിവയിൽ വ്യത്യാസം തോന്നിയാൽ കഴിക്കരുത്.
• സാലഡ്, ചട്നി എന്നിവ തയാറാക്കിയാൽ ഉടൻ കഴിക്കണം
• പാകം ചെയ്ത ആഹാരം ഏറെനേരം പുറത്ത് തുറന്നുവെക്കരുത്
• തണുത്ത ഭക്ഷണം നന്നായി ചൂടാക്കിയതിനുശേഷം മാത്രം കഴിക്കുക
• ബേക്കറിയിൽനിന്ന് വാങ്ങുന്ന പലഹാരങ്ങൾ അന്നന്ന് പാകപ്പെടുത്തിയവയാണെന്നും നിശ്ചയിച്ച സമയപരിധിയുള്ളവയാണെന്നും ഉറപ്പുവരുത്തണം.
• പഴകിയ എണ്ണപ്പലഹാരങ്ങൾ ഒഴിവാക്കണം
• പാചകം ചെയ്യാനുള്ള പൊടികളും മറ്റും ഉപയോഗത്തിന് ആവശ്യമായ അളവിൽ മാത്രം വാങ്ങണം
• കൂടുതൽ കാലത്തേക്ക് മുൻകൂട്ടി വാങ്ങിവെക്കുന്നത് ഗുണമേന്മയെ ബാധിക്കും. ഇരുന്നു പഴകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.