ഭക്ഷ്യസുരക്ഷ: മുന്‍ഗണനാപട്ടികയില്‍ കയറിക്കൂടിയവര്‍ സ്വയം പിന്മാറണം –മന്ത്രി

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിലെ മുന്‍ഗണനാപട്ടികയില്‍ വസ്തുതകള്‍ മറച്ചുവെച്ചോ ശരിയായ വിവരങ്ങള്‍ നല്‍കാതെയോ കയറിക്കൂടിയവര്‍ സ്വയം പിന്മാറണമെന്ന് മന്ത്രി പി. തിലോത്തമന്‍. നിയമം നടപ്പാക്കുമ്പോള്‍ 306.64 കോടിയുടെ അധികബാധ്യതവരുമെന്നും നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

റേഷന്‍കാര്‍ഡ് മതി റേഷന്‍ വിഹിതം വേണ്ട എന്ന് പ്രഖ്യാപിച്ച 13,000 കുടുംബങ്ങളുടെ മാതൃക പിന്തുടരാന്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ തയാറാവണം. റേഷന്‍വിതരണത്തിന് പ്രതിവര്‍ഷം 819.75 കോടിയാണ് ചെലവാക്കിയിരുന്നത്. ഇനി മുതല്‍ അത് 1,126.39 കോടിയായി വര്‍ധിക്കും. കരട് മുന്‍ഗണനാപട്ടികയെ ക്കുറിച്ച പരാതികള്‍ പരിഹരിച്ച് കുറ്റമറ്റതാക്കും. നിശ്ചയിച്ചതനുസരിച്ച് റേഷന്‍കാര്‍ഡ് വിതരണം ചെയ്യും. പരാതികളില്‍ തീര്‍പ്പുകല്‍പിക്കാന്‍ വെരിഫിക്കേഷന്‍ കമ്മിറ്റികളെയും അപ്പീല്‍ കമ്മിറ്റികളെയും നിയോഗിച്ചിട്ടുണ്ട്.

അര്‍ഹതപ്പെട്ടവര്‍ ഒഴിവാകാതെയും അനര്‍ഹരെ ഒഴിവാക്കിയും പട്ടിക തയാറാക്കും. നിയമത്തിന്‍െറ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ അടുത്ത മാര്‍ച്ച് 31ആകും. ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഒരുമണി അരിപോലും ചോരാതെ വിതരണം കാര്യക്ഷമമാക്കും. പൊതുവിതരണരംഗം സുതാര്യമാക്കും. ക്രമക്കേടുകള്‍ അനുവദിക്കില്ല. വാതില്‍പടി വിതരണശൃംഖലയും കമ്പ്യൂട്ടര്‍വത്കരണവും മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കും. റേഷന്‍കടകളെ നവീകരിക്കുന്നതോടൊപ്പം വ്യാപാരികളുടെ വരുമാനം മെച്ചപ്പെടുത്താനാവശ്യമായ പദ്ധതികളും തയാറാക്കും.

 സൗജന്യറേഷന്‍ ലഭിച്ചിരുന്ന ഗുണഭോക്താക്കളുടെ എണ്ണം 2.76 കോടിയാണ്. ഭക്ഷ്യഭദ്രതാനിയമം അനുശാസിക്കുന്ന മുന്‍ഗണനാവിഭാഗക്കാരുടെ എണ്ണമാവട്ടെ 1.54 കോടി മാത്രം. മുന്‍ഗണനാവിഭാഗക്കാര്‍ക്കുമുഴുവന്‍ സമ്പൂര്‍ണ സൗജന്യം നല്‍കാനാണ് തീരുമാനം. മുന്‍ഗണനാപട്ടികയിലെ മുഴുവന്‍ എ.എ.വൈ കുടുംബങ്ങള്‍ക്കും കാര്‍ഡ് ഒന്നിന് 35 കിലോ അരിയും ശേഷിക്കുന്ന 1,29,21,411 പേര്‍ക്ക് അഞ്ച് കിലോ വീതം ധാന്യങ്ങളും ലഭിക്കും. ഇത് നിലവില്‍ സമ്പൂര്‍ണസൗജന്യം ലഭിക്കുന്ന 97,64,811 നേക്കാള്‍ 57,15,231 കൂടുതലാണ്. മുന്‍ഗണനാപട്ടികയില്‍ വരാത്ത 1,21,50,769 പേര്‍ക്ക് സംസ്ഥാന സബ്സിഡി നല്‍കി ആളൊന്നിന് രണ്ടുകിലോ അരി വീതം രണ്ടുരൂപ നിരക്കില്‍ നല്‍കും. ശേഷിക്കുന്ന മുന്‍ഗണന ഇതരകുടുംബങ്ങള്‍ക്ക് അരി എ.പി.എല്‍ നിരക്കില്‍ നല്‍കാനാവും. ബാക്കിവരുന്ന ഗോതമ്പ് ആട്ടയാക്കി വിതരണം ചെയ്യും. ഇതുവരെ 2,76,30,811 പേര്‍ക്കാണ് റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത്. തുടര്‍ന്നും അത്രയും പേര്‍ക്ക് നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാനിയമത്തിലെ മുന്‍ഗണനാപട്ടികയില്‍ മത്സ്യത്തൊഴിലാളികള്‍ വരുമെന്ന് മന്ത്രി അറിയിച്ചു. പട്ടികവിഭാഗത്തിലെ ക്ളാസ് നാല് വരെയുള്ള ജീവനക്കാരെയും ഉള്‍പ്പെടുത്തും. മുന്‍ഗണനാപട്ടികയുടെ മാനദണ്ഡം മാറ്റുക എളുപ്പമല്ല. എങ്കിലും സംസ്ഥാനനിലപാട് കേന്ദ്രത്തെ അറിയിക്കുമെന്നും കെ. ദാസന്‍െറ സബ്മിഷന് മറുപടി നല്‍കി.

 

Tags:    
News Summary - food ration -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.