തിരുവനന്തപുരം: കുട്ടനാടൻ ബാക് വാട്ടർ സഫാരി' എന്ന ആശയം ഉൾക്കൊണ്ടു ഒരു മുഴുദിന കുട്ടനാടൻ യാത്ര നടത്തുവാൻ 30 പാസഞ്ചർ കപ്പാസിറ്റിയുള്ള സോളാർ ബോട്ടുകൾ നിർമിക്കുവാൻ നടപടി തുടങ്ങിയന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ.കൊല്ലം ജില്ലയിലെ മൺറോ തുരുത്തു പോലെ ഉള്ള ഭാഗങ്ങളിലേക്ക് വലിയ സോളാർ ബോട്ടുകളിൽ എത്തിച്ചേർന്നു ഇടുങ്ങിയ കണ്ടൽക്കാടുകൾ സ്ഥിതിചെയ്യുന്ന ഭാഗങ്ങളിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുവാൻ ചെറിയ ഔട്ട് ബോർഡ് എൻജിനുകൾ സ്ഥാപിച്ച ബോട്ടുകൾ നിർമിക്കുവാനും പദ്ധതികൾ തയാറക്കി വരുന്നുവെന്ന് നിയമസഭയിൽ സി.കെ. ആശ, വി.ആർ. സുനിൽ കുമാർ, വി. ശശി, ഇ.കെ. വിജയൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
കിഴക്കൻ ജില്ലകളിൽ നിന്നും വരുന്ന സഞ്ചാരികൾക്കു വേണ്ടി വൈക്കം സ്റ്റേഷൻ കേന്ദ്രികരിച്ചു നാഷണൽ ജിയോഗ്രാഫിക് ചാനലിന്റെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ 'കാക്കത്തുരുത്ത്' എന്ന ഭാഗത്തേക്ക് ഡേക്രൂയിസ് സർവീസിന് ആവശ്യമായ ആധുനിക ബോട്ടുകളും എറണാകുളം, കണ്ണൂർ, കാസർകോട് മേഖലയിലെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്ക് ഉതകുന്ന രീതിയിൽ ഉള്ള ബോട്ടുകൾ നിർമിക്കുവാനുള്ള പദ്ധതികളും ആവിഷ്കരിച്ചു.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മുഴുവൻ ബോട്ടുകളും സോളാർ ബോട്ടുകളിലേക്ക് മാറുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ആദ്യ 50 ശതമാനം ബോട്ടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളാണ്. വിനോദ സഞ്ചാര മേഖലയിൽ ശബ്ദ രഹിതവും പരിസ്ഥിതി സൗഹൃദവുമായ സോളാർ ഇലക്ട്രിക്കൽ ബോട്ടുകളാണ് വരും കാലങ്ങളിൽ പ്രയോജനപ്പെടുത്തുവാൻ പോകുന്നത്.
കുറഞ്ഞ ചിലവിൽ സാധാരണക്കാരായവർക്കു ഉൾനാടൻ കായൽ ഭംഗി ആസ്വദിക്കുവാൻ എല്ലാവിധ ആധുനിക സുരക്ഷാ സംവിധാനങ്ങളോടും കൂടിയ വിവിധ പാസഞ്ചർ കപ്പാസിറ്റികൾ ഉള്ള ബോട്ടുകളാണ് കേരളത്തിലെ ജലാശയങ്ങളിൽ സർവീസുകൾ നടത്തുവാൻ ഉദ്ദേശിക്കുന്നതെന്നും നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.