കൊച്ചി: നിർബന്ധിത കുമ്പസാര നിരോധനത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനമെന്ന് കേന്ദ്രസർക്കാർ. ഓർത്തഡോക്സ് സഭക്ക് കീഴിലെ പള്ളികളിലെ നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
സഭാംഗങ്ങളായ മാത്യു ടി. മത്തച്ചൻ, സി.വി. ജോസ് എന്നിവർ നൽകിയ ഹരജിയിൽ പിന്നീട് മേരി സാജു ചക്കുങ്ങൽ, ജീന സാജു തച്ചേത്ത് എന്നിവരും കക്ഷി ചേർന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം നൽകിയ കേസിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളും മലങ്കര ഓർത്തഡോക്സ് സഭ, കാതോലിക്ക ബാവ എന്നിവരും പള്ളികളുമടക്കം 12 പേരാണ് എതിർ കക്ഷികൾ.
2020 ഒക്ടോബർ 27ന് സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാറോ ഓർത്തഡോക്സ് വിഭാഗമോ ഇതുവരെ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. കേന്ദ്രത്തിനുവേണ്ടി ആഭ്യന്തര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ഫയൽ ചെയ്ത എതിർ സത്യവാങ്മൂലത്തിലാണ് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാറാണെന്ന് വ്യക്തമാക്കിയത്. ഭരണഘടനയനുസരിച്ച് മതസ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും അതിനുകീഴിൽ വരുന്ന സൊസൈറ്റികളുടെയുമെല്ലാം നടത്തിപ്പും നിയന്ത്രണവുമെല്ലാം സംസ്ഥാന സർക്കാറുകൾക്കാണെന്നും വിശദീകരിച്ചിട്ടുണ്ട്. ഹരജിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ സംസ്ഥാന സർക്കാർ നിലപാട് ശ്രദ്ധേയമാകും.
ഓർത്തഡോക്സ് സഭയുടെ 1934ലെ ഭരണഘടനയുടെ ഏഴ് മുതൽ 11 വരെ വകുപ്പുകൾ ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാണിച്ചത്. ഇടവക പൊതുയോഗത്തിൽ പങ്കെടുക്കണമെങ്കിൽ കുമ്പസാരം നിർബന്ധമാണ്. ഇങ്ങനെ കുമ്പസരിക്കുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുകയും പൊതുവായി പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇത് വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനമാണെന്നും കുമ്പസാര രഹസ്യം മറയാക്കി വൈദികർ വീട്ടമ്മമാരെ പീഡിപ്പിച്ചതും ഇതേത്തുടർന്ന് ഒരു വീട്ടമ്മ ആത്മഹത്യ ചെയ്തതും ഹരജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനകം 19 വട്ടം മാറ്റിവെച്ച കേസ് അടുത്ത മാസം ഒന്നിനാണ് വീണ്ടും പരിഗണിക്കുന്നത്.
അതിനിടെ, സഭ കേസുകളിൽ സംസ്ഥാന സർക്കാറും സഭകളും ഒത്തുകളിക്കുകയാണെന്ന് യാക്കോബായ അൽമായ ഫോറം കുറ്റപ്പെടുത്തി. സുപ്രീംകോടതിയിൽ നടക്കുന്ന കോടതിയലക്ഷ്യ ഹരജിയിലും നിർബന്ധിത കുമ്പസാര കേസിന്റെ നടത്തിപ്പിലും ഇത് വ്യക്തമാണ്. കേസുകളിൽ സത്യവാങ്മൂലങ്ങൾ നൽകാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ഇതിന് തെളിവാണെന്നും ഫോറം പ്രസിഡൻറ് പോൾ വർഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.