തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയതായി പരാതി. ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ബ്രൂക്ക്പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതിയുമായി യുവാക്കൾ രംഗത്തുവന്നത്. ദമ്പതികളും മകനും നടത്തുന്ന റിക്രൂട്ട്മെന്‍റ് കമ്പനി, നിരവധിപേരിൽനിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡോൾസി ജോസഫൈൻ സജു, ഇവരുടെ ഭർത്താവ് സജു, മകൻ രോഹിത് സജു എന്നിവർ ചേർന്നാണ് സ്ഥാപനം നടത്തുന്നത്. വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സ്ഥാപനം പരസ്യം നൽകിയിരുന്നു. തുടർന്നാണ്, യുവാക്കൾ കമ്പനിയെ സമീപിച്ചത്. വിസ നടപടികൾ ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് ഇവരിൽനിന്ന് പണവും വാങ്ങി. 43 യുവാക്കളാണ് നിലവിൽ പരാതി സമർപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ, നൂറോളം പേർ തട്ടിപ്പിനിരയായതായും പരാതിക്കാർ പറയുന്നു.
ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ടുവന്നത്. പണത്തിനായി സമീപിക്കുമ്പോൾ ഉടമകൾ ഫോണെടുക്കുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്. ഉടമകൾ സ്ഥലത്തുണ്ടോ എന്നും അറിവില്ല. 2.5 ലക്ഷം മുതൽ 10 ലക്ഷം വരെ യുവാക്കളിൽനിന്ന് വാങ്ങിയിട്ടുണ്ട്. ഒരു വിദ്യാഭ്യാസ യോഗ്യതയും ആവശ്യമില്ലാത്ത ജോലിക്കാണ് ഇവർ ആളുകളെ വിളിച്ചത്. അഭിമുഖവും നടത്തിയിരുന്നില്ല.
സംസ്ഥാനവ്യാപകമായി നടന്ന വൻ വിസ തട്ടിപ്പാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നാണ് പരാതിക്കാരുടെ ആരോപണം. കേരളത്തിലെ എല്ലാ ജില്ലക്കാരിൽനിന്നും മംഗലാപുരത്തുള്ള ചിലരുടെ പക്കൽ നിന്നും ഇവർ പണം വാങ്ങിയിട്ടുണ്ട്. തട്ടിപ്പിന് ഇരയായവർ എല്ലാം യുവാക്കളാണ്. കാനഡക്ക് ജോലി വിസ നൽകാമെന്നാണ് പറഞ്ഞിരുന്നത്. ഇവർക്ക് യാതൊരുവിധ ലൈസൻസുകളും ഇല്ലെന്നും പരാതിക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.