കൊച്ചി: സംസ്ഥാനത്തെ ഫോറൻസിക് സയൻസ് ലാബുകളിൽ കേസുകൾ കുന്നുകൂടുന്നു. മതിയായ ജീവനക്കാരും അടിസ്ഥാന സൗകര്യമില്ലാത്തതും കോടികൾ ചെലവഴിച്ച സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാത്തതുമാണ് കാരണം. സാംപിൾ പരിശോധനഫലം അനിശ്ചിതമായി വൈകുന്നത് കൊലപാതകവും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമവും അടക്കം നിർണായക കേസുകളെ ഗുരുതരമായി ബാധിച്ചിട്ടും നടപടിയില്ല.
തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബ് ആസ്ഥാനം (എഫ്.എസ്.എൽ), കണ്ണൂർ, തൃശൂർ, കൊച്ചി മേഖല ലാബുകൾ (ആർ.എഫ്.എസ്.എൽ) എന്നിവിടങ്ങളിലെ വിവിധ വിഭാഗങ്ങളിലായി 9266 കേസാണ് കെട്ടിക്കിടക്കുന്നത്. ഇരുന്നൂറിലധികം കേസ് അഞ്ച് വർഷം പഴക്കമുള്ളവയാണ്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമ (പോക്സോ) പ്രകാരമുള്ള കേസ് രണ്ടുമാസത്തിനകം തീർപ്പാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. തിരുവനന്തപുരം ലാബിലെ ബയോളജി വിഭാഗത്തിൽ കെട്ടിക്കിടക്കുന്ന 1712 സാംപിളിൽ 1300ഉം പോക്സോയുമായി ബന്ധപ്പെട്ടതാണ്.
എറണാകുളം തൃപ്പൂണിത്തുറയിൽ റീജനൽ ഫോറൻസിക് ലാബിന് കെട്ടിടം ഏറക്കുറെ പൂർത്തിയായെങ്കിലും മറ്റ് നടപടികളായിട്ടില്ല. ഇവിടേക്ക് നിയോഗിച്ച മൂന്ന് ജീവനക്കാർ തിരുവനന്തപുരം ലാബിലിരുന്നാണ് കേസ് കൈകാര്യം ചെയ്യുന്നത്. എറണാകുളത്തേക്ക് സ്ഥലംമാറ്റം ഇഷ്ടപ്പെടാത്ത ചിലരാണ് ലാബ് യാഥാർഥ്യമാകാൻ തടസ്സമെന്നും പറയുന്നു. കൊച്ചി ലാബ് തുറന്നാൽ കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളുടെ കേസുകൾ കൈകാര്യം ചെയ്യാനാകും. ഡി.എൻ.എ ഡിവിഷൻ ഉൾപ്പെടെ കൊച്ചിയിലെ മേഖല ലാബ് ഉടൻ ആരംഭിക്കണമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി (ഹോം ആൻഡ് വിജിലൻസ്) വിളിച്ചുചേർത്ത യോഗത്തിൽ കർശനനിർദേശം നൽകിയെങ്കിലും പൊലീസ് ആസ്ഥാനത്തുനിന്ന് നടപടി തുടങ്ങിയിട്ടില്ല. നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് ഡി.എൻ.എ ഡിവിഷൻ.
കെട്ടിക്കിടക്കുന്ന കേസുകൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.