തിരുവനന്തപുരം: ‘മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ്’ വിവാദത്തില്‍ കെ. ഗോപാലകൃഷ്ണന്റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ട് പുറത്ത്. ഗോപാലകൃഷ്ണൻ ആദ്യം കൈമാറിയത് വാട്സ് ആപ്പ് ഇല്ലാത്ത ഐ ഫോണാണ്. പൊലിസ് വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് വാട്സ് ആപ്പ് ഉപയോഗിച്ച സാംസങ്ങ് ഫോൺ കൈമാറിയത്. രണ്ട് പ്രാവശ്യം ഫോണുകൾ ഫാക്ടറി റീ സെറ്റ് ചെയ്താണ് കൈമാറിയത്. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞാണ് ഫോൺ കൈമാറിയത്. നിരന്തരമായി റീ സെറ്റ് ചെയ്തതിനാൽ തെളിവുകളില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടില്‍ പറയുന്നത്.
ഇതിനിടെ, ഹിന്ദു-മല്ലു വാട്സ്ആപ് ഗ്രൂപ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിനെ സംരക്ഷിക്കുന്ന ചാര്‍ജ് മെമ്മോയാണുള്ളത്. മൊബൈൽ ഹാക്ക് ചെയ്തെന്ന് പൊലീസിന് കള്ളപ്പരാതി നൽകിയതും മുസ്ലിം ഐ.എ.എസ് ഗ്രൂപ് ഉണ്ടാക്കിയതും പരാമർശിക്കാതെയാണ് ചീഫ് സെക്രട്ടറി നൽകിയ കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ, ഗുരുതര കുറ്റങ്ങൾ നേര്‍പ്പിച്ച് നടപടി ലഘൂകരിക്കാൻ ആസൂത്രിത നീക്കമെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്.
വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ മല്ലു-ഹിന്ദു ഓഫിസേഴ്സ് ഗ്രൂപ്പുണ്ടാക്കി മണിക്കൂറുകൾക്കകം നീക്കി. ഇത് വിവാദമായതിന് പിന്നാലെ മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും സൃഷ്ടിച്ചു. ഇതിനെതിരെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ നൽകിയ പരാതി സര്‍ക്കാറിന് മുന്നിലുണ്ട്.
വിവാദം കൈവിട്ടതോടെ ഫോൺ ഹാക്ക് ചെയ്തെന്ന് ഗോപാലകൃഷ്ണൻ പരാതി നൽകി. ഈ വാദം പൊലീസും മെറ്റയും ശാസ്ത്രീയ പരിശോധനയിൽ തള്ളി. സസ്പെൻഷനിൽ തുടരുന്ന ഗോപാലകൃഷ്ണനെതിരെ കടുത്ത നടപടിക്ക് വകുപ്പുണ്ടായിട്ടും ആഘാതം കുറയ്ക്കാൻ സാധ്യത തേടുകയാണ് സർക്കാർ.
ഉദ്യോഗസ്ഥര്‍ക്കിടയിൽ വിഭാഗീയത വളര്‍ത്താൻ ശ്രമിച്ചെന്ന കുറ്റമാണിപ്പോൾ ഗോപാലകൃഷ്ണനെതിരെ ഉള്ളത്. മുസ്ലിം ഗ്രൂപ്പുണ്ടാക്കിയതോ അതിനെതിനെതിരെ ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ സ്ക്രീൻ ഷോട്ടോ മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഫോൺ ഹാക്ക് ചെയ്തെന്ന വ്യാജ പരാതി പൊലീസിന് നൽകിയതിലും ഗോപാലകൃഷ്ണനെതിരെ നടപടി നിര്‍ദേശമില്ല. ഇതോടെ, കെ. ഗോപാലകൃഷ്ണനെ നടപടികളിൽ നിന്നും രക്ഷിക്കാനുള്ള നീക്കമാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആരോപണം ബലപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.