ഷഹാനയുടെ മരണം: പറമ്പിൽ ബസാറിലെ വീട്ടിൽ ശാസ്ത്രീയ പരിശോധന


കോഴിക്കോട് : മോഡലും നടിയുമായ കാസർകോട് ചെറുവത്തൂർ സ്വദേശി ചമ്പ ഷഹാനയെ (21) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശാസ്ത്രീയ പരിശോധനക്കായി ഫോറൻസിക് വിഭാഗം ഇവർ താമസിച്ച വീട്ടിലെത്തി. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിലാണ് പരിശോധന. വീട്ടിലെ ജനലിൽ ചെറിയ കയർ ഉപയോഗിച്ചാണ് തൂങ്ങി മരിച്ചതെന്നാണ് ഭർത്താവ് സജാദ് പറഞ്ഞത്. എന്നാൽ ആളുകൾ എത്തുമ്പോഴേക്കും ഷഹാനയെ സജാദ് താഴെയിറക്കിയിരുന്നു. ആശുപത്രിയിൽ എത്തും മുമ്പ് ഷഹാന മരിച്ചു.

ഷഹാന ഉപയോഗിച്ചുവെന്ന് കരുതുന്ന കയറിൽ തൂങ്ങി മരിക്കാൻ സാധിക്കു​േമാ എന്നതടക്കമുള്ള കാര്യങ്ങൾ സംഘം പരിശോധിക്കും. വെള്ളിയാഴ്ച രാവിലെ തന്നെ പൊലീസും വിരലടയാള വിഭാഗമുൾപ്പെടെയുള്ള അന്വേഷണ വിഭാഗം തെളിവെടുത്തിരുന്നു.

ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സജാദ് റിമാൻഡിലാണ്. ഇദ്ദേഹം മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന ആളാണെന്നും തെളിഞ്ഞിരുന്നു. ഏത്തരത്തിലുള്ള മയക്കുമരുന്നകളാണ് ഉപയോഗിക്കുന്നതെന്നടക്കമുള്ള കാര്യങ്ങൾ അറിയാനും പരിശോധനകൾ നടക്കും.

എന്നാൽ, സംഭവം നടന്ന വീട്ടിൽനിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അസി. കമീഷണർ കെ. സുദർശൻ വെളിപ്പെടുത്തിയിട്ടുണ്ട്. പുകവലിക്കാൻ ഉപയോഗിക്കുന്ന കൂട് കണ്ടെത്തിയതിനാൽ ഇവയിൽ മയക്കുമരുന്നി‍െൻറ അംശം ഉണ്ടോ എന്നറിയാനുള്ള പരിശോധന നടത്തും.

ഷഹാനയുടെ ബന്ധുക്കളിൽനിന്ന് ഞായറാഴ്ച പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലുടൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഷഹാനയും സജാദും തമ്മിൽ വഴക്കും ഉന്തും തള്ളും ഷഹാനയുടെ നേർക്ക് ദേഹോപദ്രവവും ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെയുണ്ടായ ദേഹോപദ്രവങ്ങളുടെ അടയാളങ്ങളാണ് മരിച്ച സമയത്ത് ഷഹാനയുടെ ദേഹത്ത് ഉണ്ടായിരുന്നതെന്ന് ഡോക്ടർ അറിയിച്ചതായും പൊലീസ് പറഞ്ഞു.

മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശനാണ് അന്വേഷണ ചുമതല. സജാദിനെതിരെ ആത്മഹത്യ പ്രേരണയടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു ഷഹാന തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - Forensic Team Examination in sahana's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.