തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷമടക്കം ജനങ്ങളുടെ ദുരിതസാഹചര്യങ്ങൾ പരിഹരിക്കാൻ ശക്തമായി ഇടപെടേണ്ട സമയത്ത് ‘മന്ത്രിമാറ്റത്തെ’ ചൊല്ലി വനംവകുപ്പിൽ ഭരണസ്തംഭനം. വകുപ്പിലിപ്പോൾ നയപരമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളാൻ കഴിയുന്നില്ല. പുതിയ പ്രഖ്യാപനങ്ങളിലേക്ക് കടക്കാനും പ്രഖ്യാപിച്ചവ യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലാണ്. മനുഷ്യ- വന്യജീവി സംഘർഷം കുറക്കാൻ വനംവകുപ്പ് പ്രഖ്യാപിച്ച ഒമ്പത് ദ്രുതപ്രതികരണ സേനകൾ (ആർ.ആർ.ടി) എങ്ങുമെത്തിയിട്ടില്ല. കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ ഈ സർക്കാറിന്റെ കാലാവധിക്ക് മുമ്പു തുടങ്ങുമെന്ന വാഗ്ദാനവും അങ്ങനെ തുടരുന്നു. മന്ത്രി സ്ഥാനത്തെ ചൊല്ലി വനംവകുപ്പ് കൈയാളുന്ന എൻ.സി.പിയിലെ ആഭ്യന്തരകലഹമാണ് എല്ലാറ്റിനും തിരിച്ചടിയായത്.
രണ്ട് എം.എൽ.എമാരുള്ള പാർട്ടിയിൽ മുൻധാരണപ്രകാരം നിശ്ചിത കാലാവധിക്കു ശേഷം എ.കെ. ശശീന്ദ്രൻ വനംമന്ത്രി സ്ഥാനം ഒഴിഞ്ഞ് തോമസ് കെ. തോമസിന് മന്ത്രിപദവി നൽകണമെന്ന വാദമാണ് കലഹത്തിന് ആധാരം. എന്നാൽ, അങ്ങെനെയൊരു ധാരണയില്ലെന്നാണ് ശശീന്ദ്രൻ പറയുന്നത്. എങ്കിലും വിഷയം ദേശീയ നേതൃത്വത്തിലേക്ക് എത്തിയതോടെ ഇനി കടിച്ചുതൂങ്ങാൻ ഇല്ലെന്ന നിലപാടിലാണ് ശശീന്ദ്രൻ. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ മുഖ്യമന്ത്രി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. എന്നാൽ, മന്ത്രിസ്ഥാനം പോകുമെന്ന് അവസ്ഥവരുകയാണെങ്കിൽ അതിനു മുമ്പേ ശശീന്ദ്രൻ രാജിവെച്ചേക്കും.
വകുപ്പിൽ ദൈനംദിന കാര്യങ്ങൾ വരെ മെല്ലെപ്പോക്കിലാണ്. വന്യജീവി ആക്രമണങ്ങൾ മൂലം ജീവനും സ്വത്തിനും നഷ്ടംസംഭവിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണത്തിലും തടസ്സംനേരിടുന്നു.
നഷ്ടപരിഹാരം 20 ലക്ഷമാക്കി ഉയർത്തുക, ജീവൻ നഷ്ടപ്പെട്ടാൽ കുടുംബത്തിലൊരാൾക്ക് ജോലി നൽകുക, കർഷകന്റെ ബാധ്യതകൾ ഉണ്ടെങ്കിൽ അത് ഏറ്റെടുക്കുക തുടങ്ങി ധനവകുപ്പിന് സമർപ്പിച്ച ശിപാർശകളിലും തുടർനടപടികൾ സ്വീകരിക്കാനാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.