ന്യൂഡൽഹി: ‘മോദി -അദാനി ഭായി ഭായി’ വിളികളും ‘രാഹുൽ ഗാന്ധി മാപ്പു പറയൂ’ മുറവിളികളും വിട്ടുനിന്ന മുക്കാൽ മണിക്കൂർ രാജ്യസഭയിൽ ഭരണ -പ്രതിപക്ഷ അംഗങ്ങൾ ഇന്ത്യയുടെ ഓസ്കർ പുരസ്കാര നേട്ടം ആഘോഷിച്ചു. ആർ.ആർ.ആറിന്റെയും ബാഹുബലിയുടെയും തിരക്കഥാകൃത്ത് ആയ രാജ്യസഭാംഗം വി. വിജയേന്ദ്ര പ്രസാദിനെയും എം.പിമാർ പ്രശംസിച്ചു. ഓസ്കർ പുരസ്കാരം ലഭിച്ച സിനിമകളുടെ നേട്ടം ഇനി മോദിയും ബി.ജെ.പിയും ഏറ്റെടുക്കരുതെന്ന പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പരിഹാസം രാജ്യസഭയെ കൂട്ടച്ചിരിയിൽ മുക്കി.

ആർ.ആർ.ആർ സിനിമയുടെ തിരക്കഥാ കൃത്തായ വി.വി. പ്രസാദ് രാജ്യസഭാ അംഗമാണെന്നും ‘ദ എലിഫന്റ് വിസ്പറേഴ്സ്’’ ഇന്ത്യൻ സ്ത്രീത്വത്തിനുള്ള അംഗീകാരമാണെന്നും സഭാ നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ പറഞ്ഞു. തുടർന്ന് സംസാരിച്ച ഖാർഗെ, ഓസ്കർ പുരസ്കാരം ലഭിച്ച സിനിമയുടെ നേട്ടം ഇനി ഭരണകക്ഷി ഏറ്റെടുക്കരുതെന്ന് ബി.ജെ.പി അംഗങ്ങളെ നോക്കി പറഞ്ഞതോടെ സഭ ചിരിയിലമർന്നു. മോദിയാണ് ആ സിനിമ സംവിധാനം ചെയ്തതെന്നും തങ്ങളാണ് ആ വരികളെഴുതിയതെന്നും അവകാശപ്പെട്ട് ഇനി ബി.ജെ.പി രംഗത്തുവരരുതെന്നുകൂടി ഖാർഗെ പറഞ്ഞതോടെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർപോലും ചിരി നിയന്ത്രിക്കാൻ പാടുപെട്ടു. രാജ്യത്തിനുള്ള അംഗീകാരമായി ദക്ഷിണേന്ത്യയുടെ അഭിമാനാർഹമായ ഈ പുരസ്കാര ലബ്ധിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഖാർഗെ സംസാരം അവസാനിപ്പിച്ചപ്പോഴും പ്രതിപക്ഷം ഡസ്കിലടിക്കുകയായിരുന്നു.

ഓസ്കർ ചടങ്ങിൽ പങ്കെടുത്ത ദീപിക പദുകോണിനെകൂടി അഭിനന്ദിച്ച ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി സമൂഹ മാധ്യമങ്ങളിലെ ബഹിഷ്‍കരണ സംസ്കാരത്തിനെതിരായ സന്ദേശമാണ് ഈ രണ്ടു ദക്ഷിേണന്ത്യൻ സിനിമകളുടെയും വിജയമെന്ന് ഓർമിപ്പിച്ചു. വൈവിധ്യങ്ങളുടേതാണ് ഇന്ത്യ എന്നുറപ്പിക്കുന്ന പുരസ്കാര ലബ്‍ധിയാണിതെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വവും സിനിമാലോകം രാജ്യത്തിന് നൽകുന്ന സംഭാവനകളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ രണ്ടു പുരസ്കാരങ്ങളും നിമിത്തമായെന്ന് സമാജ്‍വാദി പാർട്ടി എം.പി ജയ ബച്ചനും അഭിപ്രായപ്പെട്ടു. സി.പി.എം എം.പി ജോൺ ബ്രിട്ടാസ് അനുമോദനത്തിനൊപ്പം സെൻസറിങ്ങിനെതിരെയും വികാരം പ്രകടിപ്പിച്ചു.

രാജ്യസഭാംഗങ്ങൾക്കും കുടുംബങ്ങൾക്കും ഒരുമിച്ചിരുന്ന് രണ്ട് സിനിമകളും കാണാൻ സഭാ നേതാവ് പിയൂഷ് ഗോയലുമായും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുമായി ചേർന്ന് സർക്കാർ സൗകര്യമൊരുക്കണമെന്ന് ചെയർമാൻ ജഗ്ദീപ് ധൻഖർ നിർദേശിച്ചു. ഈ നിർദേശം നടപ്പാക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ സഭയെ അറിയിച്ചു.

Tags:    
News Summary - Forget the war and celebrate Oscar in the Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.