പാലക്കാട്: പാലക്കാട് നഗരസഭ മുൻ കൗൺസിലറും ബി.ജെ.പി നേതാവുമായ എസ്.പി. അച്യുതാനന്ദന്റെ വീടിനു നേരെ കുപ്പിയെറിഞ്ഞ സംഭവത്തിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയടക്കം അഞ്ച് പ്രതികളെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച മണ്ഡലം സെക്രട്ടറി പാലക്കാട് മണലി ലക്ഷ്മി ഗാർഡൻസിൽ ആർ. രാഹുൽ (22), തേങ്കുറിശ്ശി സ്വദേശികളായ അജീഷ് (22), സീന പ്രസാദ് (25), അനുജുൻ (25), കല്ലേപ്പുള്ളി സ്വദേശി അജീഷ് കുമാർ (26) എന്നിവരാണ് പിടിയിലായത്.
മൂന്നുപേർ യുവമോർച്ച പ്രവർത്തകരാണ്. രാഹുലാണ് സംഘം വന്ന കാർ ഓടിച്ചതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയാണ് ബി.ജെ.പി മുൻ സംസ്ഥാന പ്രഫഷനൽ സെൽ കൺവീനറും മണ്ഡലം കമ്മിറ്റി അംഗവുമായ അച്യുതാനന്ദന്റെ കുന്നത്തൂർമേട് എ.ആർ മേനോൻ കോളനിയിലെ വീടിന്റെ ജനൽ ചില്ലുകളും കാറിന്റെ ചില്ലുകളും തകർത്തത്.
അച്യുതാനന്ദൻ നിലവിൽ ഔദ്യോഗിക ഭാരവാഹിയല്ല. ശോഭാ സുരേന്ദ്രനെ അനുകൂലിച്ചതിന്റെ പേരിൽ പ്രവർത്തകരിൽനിന്നുതന്നെ ഇദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം നേരിട്ടിരുന്നു. ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ദേശീയ പ്രസിഡന്റിന് ചിലരയച്ച കത്തിന്റെ തർജമയും ജില്ലയിലെ നേതാവിനെതിരെ മാധ്യമങ്ങളിൽ വന്ന അഴിമതി ആരോപണവും അച്യുതാനന്ദൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വിഷയം വ്യക്തിപരമാണെന്നും രാഷ്ട്രീയവും വിഭാഗീയതയും തേടിപ്പോകേണ്ടതില്ലെന്നുമായിരുന്നു ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ പ്രതികരണം.
അജീഷ്, അജീഷ്കുമാർ, അനുജുൻ, രാഹുൽ, സീനപ്രസാദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.