കണ്ണൂർ: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്നു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി തടവും പിഴയും വിധിച്ചു. കണ്ണൂർ അസി. സെഷൻസ് കോടതി ജഡ്ജി രാജീവൻ വാചാലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കേസിലെ 18ാം പ്രതി തലശ്ശേരി കായത്ത് റോഡിൽ ഹാജിറ മൻസിലിൽ സി.ഒ.ടി. നസീർ (42), 99ാം പ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറി കണ്ണപുരം ചെറുകുന്ന് പറമ്പത്ത് ബിജു (42), 88ാം പ്രതി പന്നേൻപാറ ചന്ദ്രോത്ത് വീട്ടിൽ സി. ദീപക് (32) എന്നിവർക്കാണ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചത്.
ദീപക് ചാലാടിന് മൂന്നു വർഷവും 25,000 പിഴയും മറ്റു രണ്ടുപേർക്ക് രണ്ടു വർഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. കേസിൽ ആകെയുണ്ടായിരുന്ന 113 പ്രതികളിൽ 110 പേരെയും കോടതി വെറുതെവിട്ടു. സി.പി.എം മുൻ എം.എൽ.എമാരായ കെ.കെ. നാരായണൻ, സി. കൃഷ്ണൻ എന്നിവരാണ് ഒന്ന്, രണ്ട് പ്രതികൾ.
2013 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന സംസ്ഥാന പൊലീസ് കായിക മേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിക്കുനേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം നടന്നത്. ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാറിനുനേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നു. കല്ലേറിൽ കാറിന്റെ ചില്ല് തകർന്ന് ഉമ്മൻ ചാണ്ടിയുടെ നെഞ്ചിനും മുഖത്തും പരിക്കേറ്റു. ഒപ്പം കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, ടി. സിദ്ദീഖ് എന്നിവർക്കും പരിക്കേറ്റിരുന്നു. സംഘം ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരമാണ് നസീർ, ബിജു എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ കോടതി ജാമ്യത്തിൽ വിട്ടയച്ചു. ആയുധംകൊണ്ട് പരിക്കേൽപിക്കൽ എന്ന ജാമ്യമില്ലാത്ത കുറ്റമാണ് ദീപക്കിനെതിരെ കോടതി ചുമത്തിയത്. ശിക്ഷിക്കപ്പെട്ടവരിൽ നസീർ, ദീപക് എന്നിവരെ സി.പി.എം നേരത്തേ പുറത്താക്കിയതാണ്. ദീപക് നിലവിൽ ബ്രൗൺഷുഗർ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.