തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ ഡി.ജി.പിമാരായ ജേക്കബ് തോമസും ടി.പി. സെൻകുമാറും ബി.ജെ.പി സ്ഥാനാർഥികളാകുമെന്ന് സൂചന. ജേക്കബ് തോമസ് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സെൻകുമാർ മനസ്സ് തുറന്നിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കങ്ങൾ ജേക്കബ് തോമസ് ആരംഭിച്ചതായാണ് വിവരം.
മുമ്പ് താൻ മത്സരിക്കാൻ ഉദ്ദേശിച്ചിരുന്ന ഇരിങ്ങാലക്കുടയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ ജേക്കബ് തോമസിന് താൽപര്യമുണ്ടെന്നാണ് വിവരം. ആർ.എസ്.എസിനോട് പ്രത്യേക മമത പ്രകടിപ്പിക്കുന്ന ജേക്കബ് തോമസിെൻറ സ്ഥാനാർഥിത്വത്തോട് ബി.ജെ.പിക്കും താൽപര്യമുണ്ട്. ടി.പി. സെൻകുമാറിനെ സ്ഥാനാർഥിയാക്കുന്ന കാര്യവും ബി.ജെ.പിയുടെ പരിഗണനയിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ അദ്ദേഹം സ്ഥാനാർഥിയാകുന്നതിനോട് ജില്ലകമ്മിറ്റിക്കും എതിർപ്പില്ല. ചലച്ചിത്രരംഗത്തെ ചിലരെയും സ്ഥാനാർഥികളാക്കാൻ ബി.ജെ.പി ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജേക്കബ് തോമസ് ശ്രമം നടത്തിയിരുന്നു. ട്വൻറി-ട്വൻറി സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു നീക്കം. അതിനായി വി.ആർ.എസ് വാങ്ങാനും അദ്ദേഹം ശ്രമം നടത്തി. എന്നാൽ, സർക്കാർ അനുമതി നൽകിയിരുന്നില്ല. സർവിസിൽനിന്നും വിരമിച്ചതിനാൽ ഇക്കുറി മത്സരരംഗത്ത് ഇറങ്ങാന്‍ തനിക്കൊരു തടസ്സവുമില്ലെന്ന് അദ്ദേഹം പല സുഹൃത്തുക്കളോടും വ്യക്തമാക്കിക്കഴിഞ്ഞു.
ബി.ജെ.പി അഭിമാനമണ്ഡലമായി കാണുന്ന വട്ടിയൂർക്കാവിൽ ഇക്കുറി വീണ്ടും ജില്ല പ്രസിഡൻറും മുൻ സംസ്ഥാന വക്താവുമായിരുന്ന വി.വി. രാജേഷിനെ രംഗത്തിറക്കാനും ബി.ജെ.പി ഉദ്ദേശിക്കുന്നു. വി.കെ. പ്രശാന്തിനെതിരെ നല്ല സ്ഥാനാർഥി പൂജപ്പുര വാർഡ് കൗൺസിലർ ആണെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.