മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം കോൺഗ്രസ് വിട്ടു

ബംഗളുരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി.എം ഇബ്രാഹിം പാർട്ടി വിട്ടു. സി.എം ഇബ്രാഹിമിന് പകരം ബി.കെ ഹരിപ്രസാദിനെ കര്‍ണാടക പ്രതിപക്ഷ നേതാവായി നിയമിച്ച കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സി.എം ഇബ്രാഹിം പാര്‍ട്ടി വിട്ടത്. കോൺഗ്രസ് തന്നെ അവഗണിച്ചെന്നും ഭാവി തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്റെ മേലുണ്ടായിരുന്ന ഭാരത്തിൽ നിന്ന് എന്നെ മോചിപ്പിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ എനിക്ക് സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സംസ്ഥാനത്തെ തന്റെ അഭ്യുദയകാംക്ഷികളുമായി സംസാരിച്ച ശേഷം എത്രയും പെട്ടെന്ന് ഭാവി തീരുമാനങ്ങൾ പ്രഖ്യാപിക്കും''-സി.എം ഇബ്രാഹിം വ്യക്തമാക്കി.

എസ്.ആർ പാട്ടീലിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ബി.കെ ഹരിപ്രസാദിനെ കഴിഞ്ഞ ദിവസമാണ് കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവായി കോൺഗ്രസ് തിരഞ്ഞെടുത്തത്. ''ബി.കെ ഹരിപ്രസാദ് തന്നെക്കാൾ ജൂനിയറായ നേതാവാണ്. എനിക്കെങ്ങനെ അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കാനാവും? ''-സി.എം ഇബ്രാഹീം ചോദിച്ചു.

1996ൽ ദേവഗൗഡ മന്ത്രിസഭയിൽ സിവിൽ ഏവിയേഷന്റെയും ടൂറിസത്തിന്റെയും ചുമതലയുള്ള മന്ത്രിയായിരുന്നു സി.എം ഇബ്രാഹീം. 2008ലായിരുന്നു സി.എം ഇബ്രാഹിം ജനതാദള്‍ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 'സിദ്ധരാമയ്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് താൻ ദേവഗൗഡയേയും ജനതാദളിനെയും ഉപേക്ഷിച്ചത്. എന്നിട്ടെന്താണ് അദ്ദേഹം എനിക്ക് തന്നത്? എന്നെ പിന്തുണക്കുന്ന കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് തക്കതായ തിരിച്ചടി നൽകും''-അദ്ദേഹം പറഞ്ഞു.

ഇതിനിടെ പാര്‍ട്ടിയിലേക്ക് തിരിച്ച് വന്നാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ജെ.ഡി(എസ്)നേതാവ് എച്ച്.ഡി കുമാരസ്വാമി പ്രതികരിച്ചു.

Tags:    
News Summary - Former Union Minister CM Ibrahim Quits Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.