കോട്ടയം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽനിന്ന് നാലര ലക്ഷം റബർ തൈകൾ ട്രെയിൻ കയറാനൊരുങ്ങുന്നു. മേഖലയിൽ കൃഷി വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി റബർ ബോർഡാണ് കപ്പ്തൈകൾ വാങ്ങി അയക്കുന്നത്. ബോർഡിെൻറ കീഴിലുള്ളവക്കുപുറെമ സംസ്ഥാനത്തെ സ്വകാര്യ നഴ്സറികളിൽനിന്നും തൈകൾ വാങ്ങും. ഇതിന് ബോർഡ് ടെൻഡർ ക്ഷണിച്ചിരുന്നു.
വില, നൽകാൻ കഴിയുന്നവയുടെ എണ്ണം എന്നിവ ഉൾപ്പെടുത്തി വെള്ളിയാഴ്ച വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. ഇതിൽ ഗുണനിലവാരമടക്കം പരിശോധിച്ച് തെരഞ്ഞെടുക്കപ്പെടുന്ന നഴ്സറികൾക്ക് കരാർ നൽകും. ജൂണിൽതന്നെ തൈ നൽകണമെന്നാണ് നിബന്ധന. 60-70 രൂപയാണ് സ്വകാര്യനഴ്സറികൾ ഒന്നിന് ഇൗടാക്കുന്ന വില. വലിയതോതിൽ ശേഖരിക്കുന്നതിനാൽ ഇതിലും കുറഞ്ഞ തുകയാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇതിന് നഴ്സറികളുമായി ചർച്ച നടത്താനും ആലോചനയുണ്ട്.
നിലവിൽ രണ്ടുലക്ഷം തൈകൾ ബോർഡിെൻറ നഴ്സറികളിലുണ്ടെങ്കിലും പരമാവധി സ്വകാര്യസ്ഥാപനങ്ങളിൽനിന്ന് കണ്ടെത്താനാണ് ശ്രമം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം അവസാനിക്കുന്ന ആഗസ്റ്റ് പകുതിയോടെ തൈനടീൽ പൂർത്തിയാക്കാനാണ് തീരുമാനം. ഇതിന് രണ്ടുഘട്ടമായി ജൂലൈക്കുമുമ്പ് വടക്കുകിഴക്കൻ മേഖലയിലെ ഏഴുസംസ്ഥാനത്ത് എത്തിക്കും. ഇതിന് പ്രത്യേക ഗുഡ്സ് ട്രെയിന് റബർ ബോർഡ് അപേക്ഷ നൽകിയിട്ടുണ്ട്.
തൈകൾ സൗജന്യമായാകും കർഷകർക്ക് ബോർഡ് നൽകുക. ഇതിനുമുന്നോടിയായി 15 പേരടങ്ങുന്ന കർഷകഗ്രൂപ്പുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇവർക്കാവും നടീൽ, തുടർസംരക്ഷണ ചുമതല. ബോർഡിെൻറ ടെക്നിക്കൽ വിഭാഗത്തിെൻറ സഹായവുമുണ്ടാകും. അസം, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയതോതിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. ഇതിെൻറ തുടർച്ചയായാണ് പുതുതായി രണ്ടുലക്ഷം ഹെക്ടർ സ്ഥലത്തേക്കുകൂടി വ്യാപിപ്പിക്കുന്നത്. ആവശ്യമായ റബർ രാജ്യത്ത് ഉൽപാദിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ സ്ഥലത്ത് പുതുകൃഷി നടത്തുന്നതെന്ന് േബാർഡ് പറയുന്നു. കേരളത്തിൽ റബറിെൻറ വ്യാപനം പൂർണമായതായും ഇവർ പറയുന്നു.
വലിയതോതിൽ തൈകൾ വാങ്ങിക്കൂട്ടുന്നത് സംസ്ഥാനത്ത് തൈകൾക്ക് ക്ഷാമം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. എന്നാൽ, 2500 ഹെക്ടർ സ്ഥലത്താണ് സംസ്ഥാനത്ത് പുതുകൃഷിയെന്നും അതിനാവശ്യമായ തൈകൾ ലഭ്യമാണെന്നുമാണ് ബോർഡ് പറയുന്നത്. ബുക്ക് ചെയ്തവർക്ക് ബോർഡ് നഴ്സറികളിൽനിന്ന് ലഭ്യമാകുമെന്നും ഇവർ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.