കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങിനിടെ കണ്ണൂര്‍-ആലപ്പുഴ (16308) എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ചുകള്‍ പാളംതെറ്റിയ സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ നാല് ജീവനക്കാർക്ക് സസ്പെൻഷൻ. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്ത്, ട്രാഫിക് വിഭാഗം ജീവനക്കാരായ കെ. സുനിത, കെ.എം. ഷംന, സുധീഷ് എന്നിവരെയാണ് റെയിൽവേ സസ്പെന്റ് ചെയ്തത്.
റെയിൽവേ ഏരിയ ഓഫിസർ ജോസഫ് മാത്യവിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതേ തുടർന്നാണ് ജീവനക്കാർക്കെതിരെ നടപടി.
ശനിയാഴ്ച പുലർച്ചെ 4.45നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങിനിടെ കണ്ണൂര്‍-ആലപ്പുഴ (16308) എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ചുകള്‍ പാളംതെറ്റിയത്. ശനിയാഴ്ച പുലർച്ചെ 4.45ന് കണ്ണൂർ യാർഡിൽനിന്ന് സര്‍വിസ് നടത്താനായി പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പുറകിലെ രണ്ടുകോച്ചുകൾ പാളം തെറ്റിയത്.
പാറക്കണ്ടി ഭാഗത്താണ് പാളംതെറ്റിയത്. മംഗളൂരുവിൽനിന്ന് എത്തിയ റെയിൽവേ വിദഗ്ധ സംഘം ഹൈഡ്രോളിക് ലിഫ്റ്റിന്റെ സഹായത്തോടെയാണ് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ പാളംതെറ്റിയ കോച്ചുകൾ ട്രാക്കിലാക്കിയത്. സംഭവത്തിൽ ദക്ഷിണ റെയിൽവേ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.