കോട്ടയം: സംസ്ഥാനത്ത് സ്വകാര്യപങ്കാളിത്തത്തോടെ കെ.എസ്.ആർ.ടി.സി നാല് വാഹനപൊളിക്കൽ കേന്ദ്രങ്ങൾ തുറക്കും. ഇതിനായി കെ-റെയിൽ െടൻഡർ ക്ഷണിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രം പ്രവർത്തിപ്പിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചാണ് ടെൻഡർ. പൊന്നാനി, എടപ്പാൾ, പാറശാല, ചിറ്റൂർ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ തുറക്കുന്നത്. പൊന്നാനിക്കായുള്ള ടെൻഡർ കഴിഞ്ഞദിവസമാണ് കെ.എസ്.ആർ.ടി.സിയുടെ കൺസൽട്ടൻസി ചുമതല ഏറ്റെടുത്തിരിക്കുന്ന കെ.റെയിൽ ക്ഷണിച്ചത്. ഇതിന് ഇ-ടെൻഡർ സമർപ്പിക്കാനുള്ള അവസാനതീയതി ഈ മാസം 30നാണ്. എടപ്പാൾ, പാറശാല, ചിറ്റൂർ എന്നീ കേന്ദ്രങ്ങൾക്കായി 25ന് മുമ്പ് താൽപര്യപത്രം നൽകണം.
കെ.റെയിലിനാണ് ടെൻഡർ നടപടികളുെട പൂർണചുമതല. കെ.എസ്.ആർ.ടി.സിയാകും അന്തിമമായി സ്വകാര്യ പങ്കാളിയെ തെരഞ്ഞെടുക്കുക. കേന്ദ്രത്തിന്റെ രൂപരേഖ, ഇതിന്റെ നിർമാണം, നടത്തിപ്പ്, അറ്റകുറ്റപ്പണികൾ എന്നിവയുടെ ചുമതല സ്വകാര്യ കമ്പനിക്കാവും. സ്ഥലം കെ.എസ്.ആർ.ടി.സി വിട്ടുനൽകും. സംസ്ഥാനത്ത് വാഹനം പൊളിക്കൽ കേന്ദ്രം നിര്‍മിക്കാനുള്ള അവകാശം കെ.എസ്.ആര്.ടി.സിക്കാണ്. സ്വകാര്യപങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കൽ കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമിട്ട് 2021 ആഗസ്റ്റിലാണ് കേന്ദ്രം വാഹനം പൊളിക്കൽ നയം പ്രഖ്യാപിച്ചത്. പഴയവാഹനങ്ങൾ പൊളിക്കുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്ട്രേഷനിലും നികുതിയിലും ഇളവും ലഭിക്കും. വാഹനങ്ങളുടെ ക്ഷമത പരിശോധനയിൽ പരാജയപ്പെടുന്നവയാകും പൊളിക്കുക. പൊളിക്കുന്ന വാഹനഘടകങ്ങൾ ഉരുക്കുനിർമാണകമ്പനികൾക്ക് നൽകും. കലക്ഷൻ സെന്ററുകളിലൂടെയാകും വാഹനം സ്വീകരിക്കുക. ഇതിന്റെ പണവും ഉടൻ കൈമാറും. തുടർന്ന് വണ്ടിയും രേഖകളും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ പരിശോധിക്കും. തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ അനുമതി തേടിയശേഷം പൊളിക്കും. ഉടമക്ക് വണ്ടി സ്ക്രാപ് ചെയ്തതായുള്ള രേഖയും നൽകും.
സംസ്ഥാനത്ത് 22 ലക്ഷത്തോളം പഴയവാഹനങ്ങൾ പൊളിക്കേണ്ടിവരുമെന്നാണ് നിഗമനം. ഇതിൽ സര്‍ക്കാര്‍ വകുപ്പുകളുടെ 884ഉം കെ.എസ്.ആര്.ടി.സി.യുടെ 1622 വാഹനങ്ങളും ഉൾപ്പെടുമെന്നാണ് ധനവകുപ്പിന്റെ കണക്ക്. എന്നാൽ, കെ.എസ്.ആര്.ടി.സി.യുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പഴയ ബസുകള്‍ പൊളിക്കുന്നതിനേക്കാള്‍ ലാഭകരം ഷോപ്പുകളാക്കി മാറ്റുന്നതാണെന്ന് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.