പാലക്കാട്: തണ്ടർബോൾട്ടും മാവോവാദികളും തമ്മിൽ നാല് വർഷത്തിനിടെയുണ്ടായത് നാല് ഏറ്റുമുട്ടലുകൾ. കൊല്ലപ്പെട്ടത് എട്ട് മാേവാവാദികൾ. ഒരിടത്തും ഒരു പൊലീസ് ഉദ്യോഗസ്ഥനുപോലും പരിക്കേറ്റില്ല. ഏറ്റുമുട്ടൽ വ്യാജമാണെന്ന് ആരോപണം ഉയരുകയും പൊലീസ് ഭാഷ്യം തള്ളുന്ന ശാസ്ത്രീയ പരിശോധന ഫലങ്ങൾ പുറത്തുവരുകയും ചെയ്തിട്ടും വെടിവെപ്പുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ തയാറായിട്ടില്ല.
നാലുപേർ െകാല്ലപ്പെട്ട അട്ടപ്പാടി മഞ്ചിക്കണ്ടി വെടിവെപ്പിന് ഒരുവർഷം പൂർത്തിയായ വേളയിലാണ് വയനാട് പടിഞ്ഞാറെത്തറയിൽ വീണ്ടും വെടിയൊച്ച മുഴങ്ങിയത്. സി.പി.െഎ (മാവോയിസ്റ്റ്) എന്ന മാവോവാദി വിഭാഗത്തെ അമർച്ച ചെയ്യാനുള്ള ഒാപറേഷന് തുടക്കമിട്ടത് 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെയാണ്. 2016 നവംബർ 24ന് നിലമ്പൂർ കരുളായി വനത്തിലെ വെടിവെപ്പിൽ തമിഴ്നാട് സ്വദേശികളായ മാവോവാദി കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജും കാവേരി എന്ന അജിതയും കൊല്ലപ്പെട്ടു. കുപ്പു ദേവരാജിന് വെടിയേറ്റത് പിന്നിൽ നിന്നായിരുന്നു. ദുരൂഹത നിറഞ്ഞ നിലമ്പൂർ വെടിവെപ്പ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഘടകകക്ഷിയായ സി.പി.െഎ പരസ്യവിമർശനം നടത്തി.
2019 മാർച്ച് ആറിന് വയനാട് വൈത്തിരിയിൽ മാവോവാദി മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. ജലീൽ കൊല്ലപ്പെട്ടതും പിന്നിൽനിന്ന് വെടിയേറ്റായിരുന്നു. ആദ്യം വെടിവെച്ചത് മാവോവാദികളാണെന്നും ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടതെന്നും പൊലീസ് വാദിച്ചെങ്കിലും ഫോറൻസിക് റിപ്പോർട്ട് എതിരായി. ജലീലിെൻറ കൈയിലുണ്ടായിരുന്ന തോക്കിൽനിന്ന് വെടിയുതിർന്നിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. സാക്ഷിമൊഴികളും പൊലീസ് ഭാഷ്യം സാധൂകരിക്കുന്നതല്ല.
2019 ഒക്ടോബർ 28നും 29നുമായി അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത് നാല് മാവോവാദികളാണ്. മഞ്ചിക്കണ്ടിയിൽ െകാല്ലപ്പെട്ട കാർത്തിക്, അരവിന്ദ്, രമ എന്നിവർക്ക് വെടിയേറ്റത് പിന്നിൽനിന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. മണിക്കൂറുകളോളം തണ്ടർബോൾട്ടിനെതിരെ നിറയൊഴിച്ചെന്ന് ആേരാപിക്കപ്പെട്ട മാവോവാദി നേതാവ് മണിവാസകത്തിെൻറ ഇരുകാലുകളും ഒടിഞ്ഞ നിലയിലായിരുന്നു.
തണ്ടർബോൾട്ടിെൻറ 'ഏറ്റുമുട്ടൽ' കഥക്കെതിരെ സി.പി.െഎ സംസ്ഥാന നേതൃത്വം രംഗത്തുവരുകയും െപാലീസ് പ്രതിരോധത്തിലാവുകയും ചെയ്തിട്ടും മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും പലപ്പോഴും വെടിവെപ്പിനെ ന്യായീകരിക്കുകയോ മൗനം പാലിക്കുകയോ ചെയ്തു. പൊലീസ് വാദങ്ങളെ മനുഷ്യാവകാശ കമീഷൻ സംശയമുനയിൽ നിർത്തിയിട്ടും വ്യാജ ഏറ്റുമുട്ടലുകെളല്ലെന്ന് ബോധ്യപ്പെടുത്തുന്ന അന്വേഷണങ്ങൾ നടത്താൻ സംസ്ഥാന സർക്കാർ വേണ്ടവിധം ഇടപെടലുകൾ നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.