തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതി നിർമാണം അവസാനിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ സമരം ശക്തമാക്കാൻ തീരുമാനിച്ച് ലത്തീൻ കത്തോലിക്ക അതിരൂപതയും സംയുക്ത സമരസമിതിയും.
പിണറായി വിജയനെ തൂത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും സമരം ജയിച്ചിട്ടേ തങ്ങൾ അടങ്ങൂവെന്ന് വിഴിഞ്ഞം സംയുക്ത സമരസമിതി കൺവീനർ ഫാ: തീയോഡീഷ്യസ് ഡിക്രൂസ്. 'നികൃഷ്ട ജീവികളുടെ തലവന്‍റെ കീഴിലാണ് ഈ മന്ത്രിസഭ ഇരിക്കുന്നത്. നികൃഷ്ട ജീവി, കടക്ക് പുറത്ത് എന്ന് പറയുന്ന ആ ചങ്കന്‍റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ ആടുത്ത് വേണ്ട. ഇത് മത്സ്യത്തൊഴിലാളികളാണെ'ന്നും അദ്ദേഹം പറഞ്ഞു.
സമരം മുൻകൂട്ടി തയാറാക്കിയതെന്നും പ്രദേശവാസികൾ സമരത്തിൽ പങ്കെടുക്കുന്നില്ലെന്നുമുള്ള പിണറായി വിജയന്‍റെ നിലപാടാണ് സമരസമിതിയെ പ്രകോപിപ്പിച്ചത്. സമരത്തിന്‍റെ എട്ടാം ദിവസമായ ചൊവ്വാഴ്ച വലിയതുറ ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന ഉപരോധ സമരം നടക്കുന്നതിനിടെയാണ് സർക്കാറിന്‍റെ നിലപാട് പുറത്ത് വന്നത്.
പിന്നാലെ ഉച്ചക്ക് കലക്ടർ വിളിച്ച ജില്ലതല സർവകക്ഷി യോഗവും അലസിപ്പിരിഞ്ഞു. യോഗത്തിൽ ക്രിയാത്മകമായ ഒരു വിഷയവും ചർച്ചയായില്ലെന്ന് സമരസമിതി ആരോപിച്ചു. കലക്ടറോ പൊലീസ് കമീഷണറോ മേയറോ ഒരക്ഷരം മിണ്ടിയില്ലെന്നും അവർ കുറ്റപ്പെടുത്തി.
ഈ മാസം 29ന് പെരുമാതുറ മുതൽ വിഴിഞ്ഞംവരെ വള്ളങ്ങൾ നിരത്തി സമരം ചെയ്യാനും സമരസമിതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.