തിരൂര്‍: ക്യൂനെറ്റ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയവര്‍ പ്രധാന കേന്ദ്രങ്ങളായി തെരഞ്ഞെടുത്തത് കൊച്ചിയും മലപ്പുറം ജില്ലയിലെ കോട്ടക്കലും. കൊച്ചിയിലെ പ്രധാന അപ്പാര്‍ട്മെൻറുകള്‍ കേന്ദ്രീകരിച്ചായിരുന്നു ക്യൂനെറ്റില്‍ ഫ്രാഞ്ചൈസി എടുത്തവരെന്ന് അവകാശപ്പെടുന്നവരുടെ ഒത്തുചേരൽ. കൊച്ചി കഴിഞ്ഞാല്‍ കോട്ടക്കലായിരുന്നു ക്യൂനെറ്റ് മാര്ക്കറ്റിങ്ങിെൻറ പേരില്‍ പ്രധാനമായും ഒത്തുചേരൽ നടന്നത്.
കോവിഡും മുന്നോട്ടുള്ള ജീവിതവും ആശങ്കയിലായ യുവാക്കളെയും വ്യവസായ രംഗത്തുള്ളവരെയുമെല്ലാം ഇ കോമേഴ്സിെൻറ സാധ്യതകളും അതില്‍ ക്യൂനെറ്റിെൻറ പ്രാധാന്യവും മറ്റും പറഞ്ഞ് കബളിപ്പിച്ചായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പിനിരയാക്കിയത്. ഓണ്‍ലൈനായി ചെയ്യാവുന്ന ബിസിനസാണെന്നും അതിലൂടെ മികച്ച വരുമാനം നേടാമെന്ന വാഗ്ദാനവും നൽകിയതോടെ പലരും കടം വാങ്ങിയ പണം വരെ ക്യൂനെറ്റ് ലീഡര്‍മാരെന്ന് അവകാശപ്പെടുന്നവര്‍ക്ക് കൈമാറി. എന്നാല്‍, മാസങ്ങൾ കഴിഞ്ഞപ്പോഴാണ് പലരും വഞ്ചിതരായെന്നറിഞ്ഞത്.
തട്ടിപ്പുകള്‍ വാര്‍ത്തയായതോടെ ആളുകളെ ചേര്‍ത്തവര്‍ ഒത്തുതീര്‍പ്പ് ധാരണയിലേക്ക് എത്തിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്കാതിരിക്കാനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാനുമാണ് ധാരണയുമായി ഏജൻറുമാര്‍ രംഗത്തെത്തിയത്. തിരൂരിലെയും സമീപ പ്രദേശത്തുമുള്ള നാലുപേര്‍ക്കാണ് പണം എത്രയും പെട്ടെന്ന് തിരിച്ചുതരാമെന്ന വാഗ്ദാനം ലഭിച്ചത്.
കൂടുതൽ പേരെ സമീപിച്ച് ഏജൻറുമാര്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്. ഭൂരിഭാഗവും ബന്ധുക്കളും സുഹൃത്തുക്കളുമായതിനാല്‍ ഒത്തുതീര്‍പ്പ് ധാരണക്ക് ചിലർ വഴങ്ങി. എന്നാല്‍, പൊലീസില്‍ പരാതി നല്‍കിയവർക്ക് പണം തിരിച്ചുനൽകില്ലെന്ന നിലപാടിലാണ് ചില ഏജൻറുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.