കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്കിടയിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം വൈകിയേക്കും. പലവ്യഞ്ജന കിറ്റിലേക്കുള്ള സാധനങ്ങൾ ലഭ്യമാകാത്തതാണ് പ്രശ്നം. ഈ മാസം അഞ്ചുമുതൽ റേഷൻ കടകൾ വഴി വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന ചെറുപയറടക്കമുള്ള സാധനങ്ങൾക്കായി ടെൻഡർ നടപടിക്രമങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. സാധനങ്ങൾ സപ്ലൈകോ ഗോഡൗണുകളിലും മാവേലി സ്റ്റോറുകളിലും എത്തിയശേഷം പാക്കിങ് ജോലികൾ തുടങ്ങണം.
സപ്ലൈകോയുടെ മേൽനോട്ടത്തിൽ പാക്കിങ് നടത്തുന്ന ഓണക്കിറ്റ് റേഷൻ കടകൾ വഴിയാണ് വിതരണം ചെയ്യുക. റേഷൻ കട വഴിയുള്ള വിതരണത്തിലെ ചില അപാകതകൾ കടയുടമകൾ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഒരു റേഷൻ കടയിലേക്ക് ആവശ്യമുള്ളതിൽ കൂടുതൽ കിറ്റുകളുടെ കണക്കുകൾ ഇ-പോസ് മെഷീനിൽ ചേർക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് റേഷൻ കടക്കാരുടെ നിലപാട്.
ഇക്കാര്യം അധികൃതർ പരിഗണിക്കും. കിറ്റ് വിതരണം കൃത്യസമയത്തുതന്നെ തുടങ്ങിയാൽ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് റേഷൻ വ്യാപാരികളുടെ അഭിപ്രായം. ലോക്ഡൗൺ സമയത്ത് 1000 രൂപയുടെ 17 ഭക്ഷ്യസാധനങ്ങളായിരുന്നു വിതരണം ചെയ്തത്. ഇത്തവണ 500 രൂപ വിലയുള്ള 11 സാധനങ്ങളാണ് കിറ്റിലുള്ളത്. ഒരു കിലോ വീതം പഞ്ചസാരയും ശർക്കരയും ഗോതമ്പ് നുറുക്കും 500 ഗ്രാം ചെറുപയറുമുൾപ്പെടെയാണ് വിതരണം ചെയ്യുക. മഞ്ഞൾ, മുളക്, മല്ലി, സാമ്പാർ പൊടികളുമുണ്ടാവും.
ഈ മാസം അഞ്ചുമുതൽ 15 വരെ പിങ്ക്, മഞ്ഞക്കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യാനായിരുന്നു തീരുമാനം. 15 മുതൽ 21 വരെ നീലക്കാർഡുടമകൾക്കും ഓണത്തിന് മുമ്പായി വെള്ളക്കാർഡുകാർക്കും കിറ്റ് നൽകും. സ്കൂൾ കുട്ടികൾക്കുള്ള കിറ്റ് വിതരണം നടന്നതോടെ മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും സബ്സിഡി സാധനങ്ങൾ പലതും കിട്ടാനില്ല. ന്യായവിലക്കുള്ള സാധനങ്ങൾക്ക് ക്ഷാമം നേരിടുന്നതോടെ പൊതുവിപണിയിൽ വിലയും വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.